വയലാര്‍ എന്ന ഗന്ധര്‍വ കവി

PROPRO
“ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിന്‍ തൂവല്‍ കൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജ-ന്മം കൂടി.... “

ജ-ീവിച്ച് കൊതിതീരാതെ മരിച്ച മലയാളത്തിന്‍റെ ഗന്ധര്‍വ കവി വയലാര്‍ രാമവര്‍മ്മയുടെ പിറന്നാളാണ് മാര്‍ച്ച് 25. 1975 ഒക്ടൊബര്‍ 27 ന്‍ ആയിരുന്നു അന്ത്യം മലയാള ചലച്ചിത്ര ഗാന ശാഖയെ തന്‍റെ സര്‍ഗാത്മകതയും ബിംബലാവണ്യവും കൊണ്ട് സന്പുഷ്ടമാക്കിയ കവിശ്രേഷ് ഠനായിരുന്നു വയലാര്‍. പാട്ടെഴുത്തിനെ അദ്ദേഹം കവിതപോലെ മനോഹരമാക്കി.

1928 മാര്‍ച്ച് 25ന് വയലാര്‍ രാഘവപറന്പില്‍ അന്പാലിക തന്പുരാട്ടിയുടെയും വെള്ളാരപ്പള്ളി കേരള വര്‍മ്മയുടെയും മകനായാണ് വയലാര്‍ ജ-നിച്ചത്. 1975 ഒക്ടോബര്‍ 27ന് അന്തരിച്ചു.

മൂന്നു വയസ്സു കഴിഞ്ഞപ്പോള്‍ അച്ഛന്‍ മരിച്ചു. അമ്മയുടെയും അമ്മാവന്‍റേയും മേല്‍നോട്ടത്തില്‍ ഗുരുകുല സന്പ്രദായത്തില്‍ സംസ്കൃത പഠനം പൂര്‍ത്തിയായ ശേഷം ചേര്‍ത്തല ഹൈസ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
വയലാര്‍ ഗര്‍ജ്ജിക്കുന്നു, സര്‍ഗ്ഗസംഗീതം തുടങ്ങി ശ്രദ്ധേയമായ ഒട്ടേറെ കവിതാ പുസ്തകങ്ങള്‍ വയലാറിന്‍റേതായിട്ടുണ്ട്. എന്നാല്‍ സിനിമാ പാട്ടുകളുടെ ലോകത്തേക്ക് വയലാര്‍ ആകര്‍ഷിക്കപ്പെടുകയായിരുന്നു.

1956 ല്‍ കൂടപ്പിറപ്പ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു വയലാര്‍ ആദ്യഗാനം എഴുതിയത്. മലയാളിയുടെ നാവിന്‍ തുന്പത്ത് ഇന്നും തത്തിക്കളിക്കുന്ന "തുന്പീ തുന്പീ വാ വാ തുന്പത്തണലില്‍ വാ വാ .... "എന്നതായിരുന്നു ആദ്യത്തെ ഗാനരചന.

പ്രൗഢമായിരുന്നു വയലാറിന്‍റെ രചനകള്‍ മിക്കതും. "പ്രളയ പയോധിയില്‍ മയങ്ങി ഉണരും പ്രഭാ മയൂഖമേ.." എന്ന മട്ടിലുള്ള ഗാനങ്ങള്‍ ഏറെയുണ്ട്.

എന്നാല്‍ വളരെ ലളിത കോമള പദാവലികള്‍ കൊണ്ട് പാട്ടെഴുതാനും വയലാറിന് വശമുണ്ടായിരുന്നു. തുന്പീ തുന്പീ എന്ന പാട്ടു തന്നെ നല്ല ഉദാഹരണം.

പുരാണേതിഹാസങ്ങളും പൂര്‍വസൂരികളുടെ സാഹിത്യ സഞ്ചയവും മനസ്സില്‍ ആവാഹിച്ചെഴുതാന്‍ വയലാറിന് വല്ലാത്ത മിടുക്കായിരുന്നു. ശകുന്തളയിലെ "സ്വര്‍ണ്ണത്താമര ഇതളിലുറങ്ങും.." , " ശംഖുപുഷ്പം കണ്ണെഴുതുന്പോള്‍..." , " മാലിനി നദിയില്‍ കണ്ണാടി നോക്കും... "എന്നീ ഗാനങ്ങള്‍ ഇതിന് നിദര്‍ശനങ്ങളാണ്.

അഭിനയിക്കുന്ന രംഗത്തിന് ചേരുന്ന മട്ടില്‍ അഭിനയിക്കുന്ന അള്‍ക്ക് ചേരുന്ന മട്ടില്‍ പാട്ടെഴുതാന്‍ രംഗങ്ങളെയും നടീനടന്മാരെയും കാണണമെന്ന് അദ്ദേഹം ശഠിക്കാറുണ്ടായിരുന്നു.


PROPRO
അലാവുദ്ദീനും അത്ഭുത വിളക്കും എന്ന ചിത്രത്തില്‍ ജ-യഭാരതിയെ നോക്കിയിരുന്നെഴുതിയതാണ് "റംസാനിലെ ചന്ദ്രികയോ രജ-നീ ഗന്ധിയോ.... "എന്ന ഗാനം.

ദേവി കന്യാകുമാരിയില്‍ ദേവിയായി അഭിനയിച്ച വിനോദിനിയെ കണ്ടശേഷമാണ് " ശുചീന്ദ്ര നാഥാ നാഥാ" , " കണ്ണാ ആലിലക്കണ്ണാ ..."എന്നീ ഗാനങ്ങള്‍ വയലാര്‍ എഴുതിയത്. ഇത്തരം ഉദാഹരണങ്ങള്‍ ഏറെ.

വയലാറിന്‍റെ പാട്ടുകള്‍ക്ക് കൂടുതല്‍ മിഴിവേകുന്നത് ദേവരാജ-ന്‍ മാസ്റ്ററുടെ ഈണമായിരുന്നു. ഇന്ത്യയില്‍ വയലാര്‍ ദേവരാജ-ന്‍ കൂട്ടുകെട്ടിനെ കവച്ചുവയ്ക്കുന്ന ഒരു സംഘം വേറെയില്ല എന്ന് നിരൂപകന്‍ വി.എ.കെ.രംഗറാവു പറയുന്നു.

223 ചിത്രങ്ങള്‍ക്ക് പാട്ടെഴുതിയ വയലാറിന് 1961 ല്‍ കേരള സാഹിത്യ അക്കാഡമി പുരസ്കാരവും 1974 ല്‍ നല്ല ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡലും ലഭിച്ചു. 'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു...' എന്ന പാട്ടിനായിരുന്നു ദേശീയ അവാര്‍ഡ്.

കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു വയലാര്‍. അധികാരി വര്‍ഗ്ഗത്തിന്‍റെ ദുഷ്ചെയ്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും പാവപ്പെട്ടവരുടെ സങ്കടങ്ങള്‍ വിവരിക്കാനും അദ്ദേഹം കവിതകളെഴുതി.

'ഓരോ തുള്ളിച്ചോരയില്‍ നിന്നും ഒരായിരം പേരുയരുന്നു...', 'ഇങ്ക്വിലാബിന്‍ മക്കള്‍ നമ്മള്‍..', 'പൊട്ടിച്ചെറിയാന്‍ ചങ്ങലകള്‍ ..'തുടങ്ങിയ ഒട്ടേറെ വിപ്ളവ ഗാനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.

ശകുന്തള, കാവ്യമേള, ചെമ്മീന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ വയലാര്‍ എഴുതിയ ഗാനങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്നു.

ക്രിസ്തീയ ഗാനങ്ങള്‍ എഴുതുന്നതില്‍ വയലാറിന് അസാമാന്യമായ സിദ്ധിയുണ്ടായിരുന്നു. മലയാള സിനിമയിലെ മികച്ച ക്രിസ്തീയ ഗാനങ്ങളെല്ലാം വയലാറിന്‍റേതായിരുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.