തോപ്പില്‍ ജോപ്പന്‍: മമ്മൂട്ടിയുടെ കരിയറില്‍ ഇതുപോലൊരു പടമില്ല!

Webdunia
ബുധന്‍, 12 ഒക്‌ടോബര്‍ 2016 (18:52 IST)
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് തോപ്പില്‍ ജോപ്പന്‍. ഈ വര്‍ഷം കസബ മികച്ച നേട്ടം കുറിച്ചെങ്കിലും തോപ്പില്‍ ജോപ്പന്‍റെ കുതിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കസബയുടെ ഓപ്പണിംഗ് ഒന്നുമല്ലായിരുന്നു എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഈ രീതിയിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ തോപ്പില്‍ ജോപ്പന്‍ മമ്മൂട്ടിയുടേതായി 50 കോടി ക്ലബില്‍ ഇടം പിടിക്കുന്ന ആദ്യചിത്രമായിരിക്കും!
 
പഴശ്ശിരാജ, ഭാസ്കര്‍ ദി റാസ്കല്‍, അണ്ണന്‍ തമ്പി, രാജമാണിക്യം, പോക്കിരിരാജ തുടങ്ങിയവയാണ് മമ്മൂട്ടിയുടെ ബ്ലോക്ക് ബസ്റ്ററുകള്‍. ഇതില്‍ തന്നെ കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നത് പഴശ്ശിരാജയാണ്. എന്തായാലും വളരെ നിഷ്പ്രയാസം തോപ്പില്‍ ജോപ്പന്‍ പഴശ്ശിരാജയെ പിന്തള്ളുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
 
വെറും അഞ്ച് ദിവസം കൊണ്ട് പത്തുകോടിക്കുമേല്‍ കളക്ഷന്‍ നേടിയ ഈ ജോണി ആന്‍റണി ചിത്രം ഇതിനകം തന്നെ മുതല്‍മുടക്ക് തിരിച്ചുപിടിച്ചുകഴിഞ്ഞു. മമ്മൂട്ടിയുടെ മാത്രമല്ല, ജോണി ആന്‍റണിയുടെ കരിയറിലെയും ഏറ്റവും മഹത്തായ വിജയമായി തോപ്പില്‍ ജോപ്പന്‍ മാറുകയാണ്. 
 
ജോപ്പനിലെ ‘ചില്‍ ചിഞ്ചിലമായ്’ എന്ന ഈ ഗാനരംഗം ഇപ്പോള്‍ യൂട്യൂബില്‍ തരംഗം തീര്‍ക്കുകയാണ്. ചിത്രം മെഗാഹിറ്റായതോടെ വിദ്യാസാഗര്‍ ഈണമിട്ട ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. ‘ഇതാണ് കാവ്യനായകന്‍...’ എന്ന തീം സോംഗ് നേരത്തേ സൂപ്പര്‍ഹിറ്റായിരുന്നു. ‘ചില്‍ ചിഞ്ചിലമായ്’ എന്ന ഗാനരംഗം പൂര്‍ണമായും മഴയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മധു ബാലകൃഷ്ണനും ശ്വേത മോഹനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
 
കുടുംബപ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തതോടെ അണിയറപ്രവര്‍ത്തകര്‍ പോലും അമ്പരക്കുന്ന രീതിയിലുള്ള വിജയമാണ് ജോപ്പന് ഉണ്ടാകുന്നത്. ചിത്രത്തില്‍ ഒരു ദ്വയാര്‍ത്ഥ പ്രയോഗമില്ല. കുടുംബപ്രേക്ഷകരുടെ നെറ്റിചുളിക്കുന്ന ഐറ്റം ഡാന്‍സില്ല. ലളിതമായ കഥയും നല്ല നര്‍മ്മവും അഭിനേതാക്കളുടെ മികച്ച പ്രകടനവുമാണ് തോപ്പില്‍ ജോപ്പന് ഗുണമായത്. ഇതിന്‍റെ ക്രെഡിറ്റ് സംവിധായകനായ ജോണി ആന്‍റണിക്കും തിരക്കഥാകൃത്ത് നിഷാദ് കോയയ്ക്കും അവകാശപ്പെട്ടതാണ്.
 
മമ്മൂട്ടിയുടെ ജോപ്പന്‍ അച്ചായന്‍, സ്നേഹത്തിന്‍റെയും തമാശയുടെയും കാര്യത്തില്‍ മമ്മൂട്ടിയുടെ മറ്റ് അച്ചായന്‍ കഥാപാത്രങ്ങളെ കടത്തിവെട്ടുകയാണ്. സലിംകുമാര്‍, ഹരിശ്രീ അശോകന്‍ എന്നിവര്‍ ഫുള്‍ ഫോമില്‍ തിരിച്ചെത്തി എന്നതും തോപ്പില്‍ ജോപ്പനെ മഹാവിജയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
Next Article