മമ്മൂട്ടിച്ചിത്രങ്ങള്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളാണ്. ഓരോ മമ്മൂട്ടിച്ചിത്രം ഇറങ്ങുമ്പോഴും കുടുംബ പ്രേക്ഷകരാണ് തിയേറ്ററുകളില്‍ തിരക്കുകൂട്ടാറുള്ളത്. നാലുപതിറ്റാണ്ടായി കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാണ് മമ്മൂട്ടി. നിലവാരമുള്ള, കാമ്പുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ മമ്മൂട്ടിക്ക് ഇപ്പോഴും നല്ല കഴിവാണ്.
അതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വർഷം റിലീസ് ചെയ്ത യാത്രയും പേരൻപും. രണ്ടും അന്യഭാഷാ ചിത്രങ്ങളാണ്. എന്നാൽ, അഭിനയത്തിന് ഭാഷ ഒരു വിഷയമല്ലല്ലോ. അതുതന്നെയാണ് ഈ രണ്ട് ചിത്രങ്ങളുടെയും വിജയങ്ങളും സൂചിപ്പിക്കുന്നത്. യാത്ര മമ്മൂട്ടിയുടെ ആദ്യ ഒഫീഷ്യൽ നൂറ് കോടി ചിത്രമാകുമെന്ന് തന്നെയാണ് സിനിമ ലോകം കരുതുന്നത്.
ഇപ്പോള്‍ വിജയചിത്രങ്ങള്‍ കണക്കാക്കുന്നത് അവ നേടിയ കോടികളുടെ കണക്കുനോക്കിയാണല്ലോ. 100 കോടി ക്ലബിലോ 50 കോടി ക്ലബിലോ കയറിയെങ്കില്‍ അവ വിജയചിത്രങ്ങള്‍ മാത്രമല്ല, മികച്ച ചിത്രങ്ങള്‍ കൂടിയാകുന്നു. മമ്മൂട്ടിക്ക് ഇതുവരെ ഒരു 100 കോടി ക്ലബ് ചിത്രമില്ല എന്ന് ആക്രോശിക്കുന്നവര്‍ക്ക് മുമ്പിലേക്ക് ഒരുപാട് ചിത്രങ്ങളുടെ വിവരങ്ങള്‍ കുടഞ്ഞിടാന്‍ കഴിയും. എന്നാല്‍ ഇവിടെ ഒരു സിനിമയുടെ മാത്രം കാര്യം പറയാം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം.