'വളര്‍ന്നു വരുന്ന ഒരു നടനെ ഇങ്ങനെ മാറ്റി നിര്‍ത്തുന്നത് ശരിയല്ല‘- അജിത്തിന് വേണ്ടി സംസാരിച്ച മമ്മൂട്ടി!

Webdunia
ശനി, 27 ഒക്‌ടോബര്‍ 2018 (13:07 IST)
പുതുമുഖ സംവിധായകർക്കും പുതുമുഖ താരങ്ങൾക്കും മമ്മൂട്ടിയെന്ന മെഗാസ്റ്റാർ നൽകുന്ന പിന്തുണ എല്ലാവർക്കും അറിയാവുന്നതാണ്. സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്നപ്പോൾ തന്നെ ചെറിയ താരങ്ങളെ കൂടി കൈപിടിച്ചുയർത്താൻ മമ്മൂട്ടി മടിക്കാറില്ല. അതിനുദാഹരണമാണ് രാജീവ് മേനോന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ ‘കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ ’. 
 
ചിത്രത്തിന്റെ സെറ്റിൽ വെച്ച് മമ്മൂട്ടിയുടെ സന്ദർഭോചിതമായ ഇടപെടലിലൂടെ ഒഴിവായത് ഒരു കാസ്റ്റിംഗ് തന്നെ ആയിരുന്നു. മമ്മൂട്ടി , ഐശ്വര്യ റായ്, തബു , അജിത്ത് ,അബ്ബാസ് എന്നീ മൾട്ടിസ്റ്റാർ അണിനിരന്ന ചിത്രമായിരുന്നു ‘കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ ’.
 
ഐശ്വര്യ റായ് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ചിത്രത്തിലേക്ക് കരാര്‍ ചെയ്യപ്പെടുന്നത്. പക്ഷേ, നായകന്‍ അജിത്ത് ആണെന്നറിഞ്ഞപ്പോള്‍ ഐശ്വര്യ റായ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. അന്ന് തമിഴ് സിനിമയിൽ അജിത്തിന്റെ സ്ഥാനം കുറച്ച് പിറകിലായിരുന്നു. 
 
അജിത്തിന്റെ നായികയാകാൻ കഴിയില്ലെന്ന് ഐശ്വര്യ തീർപ്പ് പറഞ്ഞതോടെ അജിത്തിനെ ഒഴിവാക്കാം എന്നായിരുന്നു സംവിധായകനും നിർമാതാവും തീരുമാനിച്ചത്. അജിത്തിനെ ഒഴിവാക്കുന്ന വിവരമറിഞ്ഞ മമ്മുട്ടി സംവിധായകനോടും നിര്‍മ്മതാവിനോടും വിയോജിച്ചു.
 
”വളര്‍ന്നു വരുന്ന ഒരു നടനെ ഇങ്ങനെ മാറ്റി നിര്‍ത്തുന്നത് ശരിയല്ല” എന്ന് ശകതമായ ഭാഷയിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരിച്ചത്. ഇതേതുടര്‍ന്ന്, കഥയില്‍ ചില അഴിച്ചു പണികള്‍ നടത്തി ഐശ്വര്യ റായ്ക്ക് പകരം തബുവിനെ അജിത്തിന് ജോഡിയാക്കുകയായിരുന്നു. 
 
അതോടെ ഐശ്വര്യ റായ്ക്കൊപ്പം അഭിനയിക്കണമെന്ന ഏറ്റവും അധികം ആഗ്രഹമുണ്ടായിരുന്ന അബ്ബാസിനെ ചിത്രത്തിലേക്ക് നടിയുടെ ജോഡിയായി കാസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് അജിത്തിനേക്കാൾ മാർക്കറ്റ് വാല്യു ഉള്ള നടനായിരുന്നു അബ്ബാസ്. അങ്ങനെയാണ് ഐശ്വര്യയുടെ നായകനായി അബ്ബാസിനേയും തബുവിന്റെ നായകനായി അജിത്തിനേയും സംവിധായകൻ തീരുമാനിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article