നായകന്‍ പിന്‍‌മാറി, ‘സഖിയും സഖാവും’ മമ്മൂട്ടി ചെയ്തു!

വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (18:45 IST)
എ കെ സാജന്‍ എന്ന സംവിധായകന്‍ വ്യത്യസ്തമായി ചിന്തിക്കുന്നയാളാണ്. പരമ്പരാഗതശൈലിയില്‍ മലയാളത്തില്‍ സിനിമകളെടുക്കാന്‍ ആഗ്രഹിക്കുന്ന ആളല്ല അദ്ദേഹം. ചെയ്യുന്ന കഥകളിലൊക്കെ വ്യത്യസ്തത ഉണ്ടാകണമെന്നും അത് ഏറ്റവും ഷോക്കിംഗായി പറയണമെന്നുമൊക്കെ ചിന്തിക്കുന്നയാള്‍. 
 
ഒടുവില്‍ എ കെ സാജന്‍ ചെയ്തത് ‘പുതിയ നിയമം’ എന്ന മമ്മൂട്ടിച്ചിത്രമാണ്. അത് യഥാര്‍ത്ഥത്തില്‍ ഒരു മമ്മൂട്ടിച്ചിത്രമായിരുന്നില്ല. ആദ്യം സാജന്‍ ഈ സിനിമയിലെ നായകനായി മനസില്‍ കണ്ടത് മമ്മൂട്ടിയെ ആയിരുന്നില്ല. ചിത്രത്തിന്‍റെ പേര് പുതിയ നിയമം എന്നും ആയിരുന്നില്ല.
 
‘സഖിയും സഖാവും’ എന്നായിരുന്നു ആ ചിത്രത്തിന് പേരിട്ടിരുന്നത്. ഒരു ചെറിയ ചിത്രം ആയിരുന്നു മനസില്‍. രണ്‍ജി പണിക്കരെ നായകനാക്കി ചെയ്യാനായിരുന്നു എ കെ സാജന്‍റെ പദ്ധതി. കഥയുമായി സാജന്‍ രണ്‍‌ജിയെ സമീപിച്ചു. ‘സഖിയും സഖാവും’ എന്ന പേര് രണ്‍‌ജിക്ക് ഇഷ്ടമായി. എന്നാല്‍ നായകനാകണമെന്നൊക്കെ പറഞ്ഞപ്പോള്‍ രണ്‍‌ജി ബുദ്ധിമുട്ട് അറിയിച്ചു.
 
നല്ല ഒന്നാന്തരമൊരു കഥയാണ്. ഇതൊരു ചെറിയ സിനിമയായി ചെയ്യേണ്ടതല്ല. ഹിന്ദിയിലൊക്കെ ചെയ്താല്‍ വലിയ സ്വീകാര്യത ലഭിക്കും. മലയാളത്തില്‍ ചെയ്യുകയാണെങ്കില്‍ വലിയ താരങ്ങള്‍ ചെയ്താല്‍ ഗംഭീരമായിരിക്കും. 
 
തിരക്കഥാകൃത്തായ എസ് എന്‍ സ്വാമി കൂടി ഈ അഭിപ്രായത്തെ പിന്തുണച്ചു. അങ്ങനെയാണ് സാജന്‍ സഖിയും സഖാവും വലിയ പ്രൊജക്ടാക്കി മാറ്റാന്‍ തീരുമാനിക്കുന്നത്. നായകനായി സാക്ഷാല്‍ മമ്മൂട്ടിയും നായികയായി നയന്‍‌താരയും എത്തിയതോടെ സിനിമയുടെ കളറാകെ മാറി. പടത്തിന് പേര് ‘പുതിയ നിയമം’ എന്നിട്ടതോടെ ഒരു മമ്മൂട്ടിച്ചിത്രത്തിന്‍റെ പഞ്ചുമായി.
 
പുതിയ നിയമം ഹിറ്റായ ഒരു സിനിമയായിരുന്നു. നയന്‍‌താരയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് പുതിയ നിയമത്തിലെ വാസുകി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍