യഥാര്‍ത്ഥത്തില്‍ മമ്മൂട്ടി വില്ലനായിരുന്നു, പിന്നെങ്ങനെ അത് സംഭവിച്ചു? !

തിങ്കള്‍, 22 ഏപ്രില്‍ 2019 (18:15 IST)
മമ്മൂട്ടിയുടെ കരിയറില്‍ ഏറ്റവും വലിയ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ജോഷി. ന്യൂഡല്‍ഹിയും നിറക്കൂട്ടും കൌരവരും സംഘവും നായര്‍സാബുമെല്ലാം ആ കൂട്ടുകെട്ടിന്‍റെ സാഫല്യങ്ങള്‍.
 
നിറക്കൂ‍ട്ടില്‍ ഭാര്യയുടെ കൊലയാളിയാണ് നായക കഥാപാത്രമായ രവിവര്‍മ. ജയില്‍പ്പുള്ളിയാണ്. ഭാര്യ കൊല്ലപ്പെടുന്നതിന് മുമ്പ് അവളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചവനാണ് അയാള്‍. അയാള്‍ക്ക് അവള്‍ നല്ലൊരു മോഡല്‍ മാത്രമായിരുന്നു. ആ ചിത്രത്തില്‍ പൂര്‍ണമായും ഒരു നെഗറ്റീവ് കഥാപാത്രമായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച രവിവര്‍മ. എന്നിട്ടും ആ സിനിമയെ കുടുംബപ്രേക്ഷകര്‍ നെഞ്ചിലേറ്റി.
 
1985ലാണ് നിറക്കൂട്ട് പ്രദര്‍ശനത്തിനെത്തുന്നത്. സുന്ദരനായ മമ്മൂട്ടി മലയാള സിനിമയിലെ ഏറ്റവും വലിയ വാണിജ്യഘടകമായിരുന്ന കാലത്ത് വിരൂപനായ മമ്മൂട്ടിയെ അവതരിപ്പിച്ചതാണ് നിറക്കൂട്ടിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഡെന്നിസ് ജോസഫായിരുന്നു ഈ സിനിമയുടെ തിരക്കഥ രചിച്ചത്. 
 
ഒരു കൊമേഴ്സ്യല്‍ സിനിമയ്ക്ക് വേണ്ട എല്ലാ ഘടകങ്ങളും ജോഷി - ഡെന്നിസ് ജോസഫ് ടീം ഒരുക്കിയിരുന്നു. മാധ്യമലോകത്തിന്‍റെ പശ്ചാത്തലവും ജയിലും പ്രതികാരവും എല്ലാം കൃത്യ അളവില്‍ ചേര്‍ത്ത് ഒരു വന്‍ ഹിറ്റ് സൃഷ്ടിക്കുകയായിരുന്നു ജോഷി. 
 
പ്രധാന കേന്ദ്രങ്ങളില്‍ നിറക്കൂട്ട് 250 ദിവസത്തിലേറെ പ്രദര്‍ശിപ്പിച്ചു. മമ്മൂട്ടിക്ക് ഏറെ പുരസ്കാരങ്ങള്‍ നേടിക്കൊടുത്ത നിറക്കൂട്ടിന്‍റെ സംഗീത സംവിധാനം ശ്യാം ആയിരുന്നു.
 
നിറക്കൂട്ട് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്. അത് ജോഷിയുടെ വാശിയുടെ കഥയാണ്. നിറക്കൂട്ടില്‍ മമ്മൂട്ടി ജയില്‍പ്പുള്ളിയുടെ വേഷത്തിലാണ്. തലമൊട്ടയടിച്ച രൂപവും കുറ്റിത്താടിയുമാണ് ആ ചിത്രത്തിലെ കഥാപാത്രത്തിനായി ജോഷിയും ഡിസൈനര്‍ ഗായത്രി അശോകനും തീരുമാനിച്ചത്.
 
എന്നാല്‍ അതേസമയം തന്നെ ബാലു മഹേന്ദ്ര സംവിധാനം ചെയ്യുന്ന ‘യാത്ര’ എന്ന ചിത്രത്തിലും മമ്മൂട്ടി അഭിനയിച്ചുവരുന്നുണ്ടായിരുന്നു. നിറക്കൂട്ടിന്‍റെ ലുക്ക് ഇഷ്ടപ്പെട്ട ബാലു മഹേന്ദ്ര ‘യാത്ര’യിലും മമ്മൂട്ടിക്ക് ആ ലുക്ക് മതി എന്ന് തീരുമാനിച്ചു.
 
ഇതറിഞ്ഞ ജോഷിക്ക് വാശിയായി. താന്‍ മനസില്‍ ആഗ്രഹിച്ച മമ്മൂട്ടിരൂപം മറ്റൊരു ചിത്രത്തിലൂടെ പുറത്തുവന്നാല്‍ ശരിയാകില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത. പിന്നെ ജോഷി രാപ്പകല്‍ അധ്വാനമായിരുന്നു. യാത്ര റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പെങ്കിലും നിറക്കൂട്ട് പ്രദര്‍ശനത്തിനെത്തിക്കണമെന്നായിരുന്നു ജോഷിയുടെ വാശി. മമ്മൂട്ടി പോലുമറിയാതെയാണ് നിറക്കൂട്ട് യാത്രയ്ക്ക് മുമ്പേ എത്തിക്കാന്‍ ജോഷി ശ്രമിച്ചത്.
 
ഒടുവില്‍ ജോഷിയുടെ വാശി ജയിച്ചു. യാത്ര റിലീസാകുന്നതിന് എട്ടുദിവസങ്ങള്‍ക്ക് മുമ്പ് നിറക്കൂട്ട് റിലീസ് ചെയ്യാന്‍ ജോഷിക്ക് കഴിഞ്ഞു. 1985 സെപ്റ്റംബര്‍ 12നാണ് നിറക്കൂട്ട് റിലീസായത്. സെപ്റ്റംബര്‍ 20ന് യാത്രയും റിലീസായി. രണ്ട് ചിത്രങ്ങളും വമ്പന്‍ ഹിറ്റുകളായി മാറി എന്നത് ചരിത്രം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍