മകൾക്കായി മിത്രങ്ങളെ ശത്രുനിരയിൽ നിർത്തി യുദ്ധം ചെയ്ത ആന്റണി! - കൌരവർക്ക് ഇന്ന് 28 വയസ്!

ചിപ്പി പീലിപ്പോസ്
ബുധന്‍, 12 ഫെബ്രുവരി 2020 (14:53 IST)
ഓരോ വേഷവും അഴിച്ച് വെച്ച് നിമിഷ നേരങ്ങൾക്കുള്ളിൽ മറ്റൊന്നിലേക്ക് ചേക്കാറാനുള്ള മമ്മൂട്ടിയുടെ കഴിവ് അപാരമാണ്. കഥാപാത്രങ്ങളിലേക്ക് ഒരു മാന്ത്രികനെപ്പോലെ മമ്മൂട്ടി പരകായപ്രവേശം നടത്തുമ്പോള്‍ അത് സ്വാഭാവികമാണെന്ന തിരിച്ചറിവിലൂടെയാണ് ഓരോ മലയാളിയും ആ കഥാപാത്രത്തെ മനം നിറഞ്ഞ് കാണുന്നത്. 
 
മരിക്കുന്നതിനു മുന്നേ ഓരോ മലയാളിയും തീർച്ചയായും കണ്ടിരിക്കേണ്ട ഒരുപിടി ചിത്രങ്ങളിൽ മമ്മൂട്ടിയുടെ കൌരവരുമുണ്ട്. കൌരവർ മമ്മൂട്ടിയുടെത് മാത്രമല്ല, ലോഹിതദാസിന്റേയും ജോഷിയുടേതുമാണ്, മകളെ ജീവനോളം സ്നേഹിക്കുന്ന ഓരോ അച്ഛന്മാരുടെതുമാണ്, സുഹൃത്തുക്കൾക്കായി ചങ്ക് പറിച്ച് കൊടുക്കുന്ന മിത്രങ്ങളുടേതാണ്. 
 
പച്ചയായ ജീവിതമാണ് ലോഹിതദാസ് എന്നും പറഞ്ഞിട്ടുള്ളത്. ജോഷിക്ക് വേണ്ടി എഴുതിയ ആക്ഷൻ ചിത്രമായ കൌരവർ പറയുന്നതും ആത്മബന്ധത്തിന്റെ കഥയാണ്. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ. 1992 ഫെബ്രുവരി 12നാണ് കൌരവർ റിലീസ് ആകുന്നത്. 
 
നഷ്ടപ്പെട്ടുപോയ മകളെയോര്‍ത്ത് ഉരുകുന്ന ഒരച്ഛന്‍റെ കഥ. അവള്‍ ജീവനോടെയുണ്ടെന്ന് മനസിലാകുമ്പോള്‍, ജീവിതത്തിലെ ഏറ്റവും അടുത്ത മിത്രങ്ങളെപ്പോലും ശത്രുനിരയില്‍ നിര്‍ത്തി യുദ്ധം ചെയ്യുന്ന ആന്‍റണിയുടെ കഥ.  
 
കൌരവര്‍ വലിയ വിജയമായ ഒരു സിനിമയായിരുന്നു. അത് ഒരേസമയം ജോഷി ചിത്രവുമാണ്, ലോഹി ചിത്രവുമാണ്. മമ്മൂട്ടിക്കൊപ്പം തിലകന്‍, കന്നഡ സൂപ്പര്‍താരം വിഷ്ണുവര്‍ധന്‍, ബാബു ആന്‍റണി, ഭീമന്‍ രഘു, മുരളി തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ചു. തെലുങ്കിലേക്കും കന്നഡയിലേക്കും ഈ ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. എസ് പി വെങ്കിടേഷ് ഈണമിട്ട മികച്ച ഗാനങ്ങള്‍ കൌരവരുടെ പ്രത്യേകതയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article