മോഹന്‍ലാലിന്‍റെ ഏറ്റവും മികച്ച അഭിനയമുഹൂര്‍ത്തങ്ങള്‍ സാധ്യമായ സിനിമയെന്ന് വിലയിരുത്തപ്പെടുന്നത് തമിഴ് ചിത്രമായ ‘ഇരുവര്‍’ ആണ്. മണിരത്നം സംവിധാനം ചെയ്ത ആ സിനിമയില്‍ എം ജി ആറിനെ അനുസ്മരിപ്പിക്കുന്ന ആനന്ദന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ അഭിനയിച്ചത്.
ആ ചിത്രത്തില്‍ കരുണാനിധിയെ അനുസ്മരിപ്പിക്കുന്ന തമിഴ് ശെല്‍വന്‍ എന്ന കഥാപാത്രത്തിനായി മണിരത്നം ആദ്യം സമീപിച്ചത് സാക്ഷാല്‍ മമ്മൂട്ടിയെ ആയിരുന്നു. മമ്മൂട്ടിയെ വച്ച് ഫോട്ടോ ഷൂട്ട് വരെ നടന്നിരുന്നുവത്രേ. പിന്നീട് അജ്ഞാതമായ എന്തോ കാരണത്താല്‍ മമ്മൂട്ടി ചിത്രത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തെ ഉദ്ദരിച്ച് പ്രമുഖ ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ് ശെല്‍വന്‍ എന്ന കഥാപാത്രമായി പിന്നീട് പ്രകാശ് രാജാണ് അഭിനയിച്ചത്. ഈ കഥാപാത്രമായി മിന്നിത്തിളങ്ങിയതിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം പ്രകാശ് രാജിന് ലഭിക്കുകയും ചെയ്തു.
ആനന്ദന്‍റെയും തമിഴ് ശെല്‍വന്‍റെയും സൌഹൃദവും വേര്‍പിരിയലുമാണ് ഇരുവര്‍ എന്ന സിനിമയുടെ പ്രമേയം. തമിഴകരാഷ്ട്രീയത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ഈ ചിത്രത്തിലൂടെയാണ് ഐശ്വര്യ റായി സിനിമാരംഗത്ത് തുടക്കം കുറിച്ചത്. മണിരത്നത്തിന്‍റെ ദളപതിയില്‍ രജനികാന്തിനൊപ്പം നായകതുല്യമായ വേഷത്തില്‍ മമ്മൂട്ടി അഭിനയിച്ചിരുന്നു.