മമ്മൂട്ടിച്ചിത്രം കോടികള്‍ വാരുന്നു, ഒപ്പം ദിലീപ് !

തിങ്കള്‍, 18 മെയ് 2015 (17:09 IST)
മമ്മൂട്ടി ഫുള്‍ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ബോക്സോഫീസ് രാജാവ് താന്‍ തന്നെയെന്ന് മമ്മൂട്ടി ഉച്ചത്തില്‍ പ്രഖ്യാപിക്കുകയാണ് പുതിയ സിനിമയുടേ വന്‍ കുതിപ്പിലൂടെ. അതേ, ഒപ്പം എത്തിയ ചിത്രങ്ങളെയും അതിനുശേഷം റിലീസ് ചെയ്ത ചിത്രങ്ങളെയും കടത്തിവെട്ടി ഒന്നാം സ്ഥാനത്താണ് ഭാസ്കര്‍ ദി റാസ്കല്‍.
 
സിദ്ദിക്ക് സംവിധാനം ചെയ്ത ഈ സമ്പൂര്‍ണ കോമഡിച്ചിത്രം 22 ദിവസം കൊണ്ട് കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് വാരിക്കൂട്ടിയത് 15 കോടി. മമ്മൂട്ടിയുടെയും നയന്‍‌താരയുടെയും പ്രകടനമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. വന്‍ തുക സാറ്റലൈറ്റ് റൈറ്റായും കിട്ടിയതോടെ ഈ വര്‍ഷം മലയാളത്തിലെ ഏറ്റവും വലിയ പണം‌വാരിപ്പടമായി മാറിയിരിക്കുകയാണ് ഭാസ്കര്‍ ദി റാസ്കല്‍.
 
ദിലീപിന്‍റെ ‘ചന്ദ്രേട്ടന്‍ എവിടെയാ’ ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്താണ്. എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോയും ഹൌസ് ഫുള്ളായി പ്രദര്‍ശിപ്പിക്കുന്ന സിനിമ ഏറെക്കാലത്തിന് ശേഷം ദിലീപിന് ലഭിക്കുന്ന സൂപ്പര്‍ഹിറ്റാണ്. ചിത്രത്തില്‍ അനുശ്രീയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. സിദ്ദാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ഈ സിനിമ വന്‍ കളക്ഷന്‍ നേടി മുന്നേറുന്നു.
 
നിവിന്‍ പോളിയുടെ വടക്കന്‍ സെല്‍ഫിയും മെഗാഹിറ്റിലേക്ക് കുതിക്കുകയാണ്. അമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോഴും ചിത്രം എല്ലാ സെന്‍ററുകളിലും ഫുള്‍ ഹൌസിലാണ് പ്രദര്‍ശിപ്പിക്കുന്നത്. നവാഗതനായ പ്രജിത് സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് ഏറ്റവും വലിയ ബലമാകുന്നത് വിനീത് ശ്രീനിവാസന്‍റെ തിരക്കഥയാണ്.
 
മോഹന്‍ലാലിന്‍റെ എന്നും എപ്പോഴും, കുഞ്ചാക്കോ ബോബന്‍റെ ചിറകൊടിഞ്ഞ കിനാവുകള്‍, അനൂപ് മേനോന്‍റെ ഷീ ടാക്സി, കമല്‍ഹാസന്‍റെ ഉത്തമവില്ലന്‍, ദുല്‍ക്കറിന്‍റെ ഓകെ കണ്‍‌മണി, ദിലീപിന്‍റെ ഇവന്‍ മര്യാദരാമന്‍ തുടങ്ങിയ സിനിമകളും പ്രദര്‍ശനശാലകളിലുണ്ട്.

വെബ്ദുനിയ വായിക്കുക