നല്ല സിനിമകള്‍ മാത്രം ചെയ്താല്‍ മതിയെന്ന തീരുമാനം പൃഥ്വിരാജ് കൈക്കൊണ്ടപ്പോള്‍ അതൊരു വിഡ്ഢിത്തമാണെന്ന് അടക്കം പറഞ്ഞവരൊക്കെ ഇപ്പോള്‍ ഒളിച്ചുനടക്കുകയാണ്. ഒന്നിനുപിറകെ മറ്റൊന്ന് എന്ന നിലയില്‍ മികച്ച സിനിമകള്‍ മാത്രം ചെയ്ത് മലയാളത്തിന്‍റെ യഥാര്‍ത്ഥ സൂപ്പര്‍താരം താനാണെന്ന് പൃഥ്വി തെളിയിച്ചിരിക്കുന്നു. ‘എന്ന് നിന്‍റെ മൊയ്തീന്‍’ പൃഥ്വിരാജിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണ്.
ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തില്‍ നിന്ന് മാത്രം ഒമ്പത് ദിവസം കൊണ്ട് വാരിക്കൂട്ടിയത് 10 കോടി രൂപയാണ്. പ്രേമത്തിന് ശേഷം മറ്റൊരു മലയാള ചിത്രം അതേ പാതയില്‍ വമ്പന്‍ വിജയം കൊയ്യുന്നു.
കേരളത്തില്‍ 91 സ്ക്രീനുകളിലാണ് എന്ന് നിന്‍റെ മൊയ്തീന്‍ കളിക്കുന്നത്. എല്ലാ സെന്‍ററുകളിലും എല്ലാ ഷോയും ഹൌസ് ഫുള്‍. ചില കേന്ദ്രങ്ങളില്‍ അധിക ഷോകള്‍ നടത്തുകയാണ് തിയേറ്ററുകള്‍.
പൃഥ്വിരാജ് - പാര്‍വതി ജോഡിയുടെ ഗംഭീര പ്രകടനം, നിരൂപകരുടെ പിന്തുണ, മികച്ച മൌത്ത് പബ്ലിസിറ്റി, ഒന്നാന്തരം ഛായാഗ്രഹണം, നല്ല ഗാനങ്ങള്‍, സൂപ്പര്‍ സംവിധാനം എന്നിവയാണ് എന്ന് നിന്‍റെ മൊയ്തീന്‍ വമ്പന്‍ ഹിറ്റായി മാറാന്‍ കാരണമായത്. റിപ്പീറ്റ് ഓഡിയന്‍സിന്‍റെ സാന്നിധ്യം കാരണം കേരളത്തില്‍ ചിത്രം കൂടുതല്‍ സെന്‍ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ലൈഫ് ഓഫ് ജോസൂട്ടി, കോഹിനൂര്‍ എന്നീ സിനിമകളുടെ വരവ് മൊയ്തീന്‍റെ കളക്ഷനെ ഒരു രീതിയിലും ബാധിച്ചിട്ടില്ല. കേരളത്തിനുപുറത്ത് ഒക്ടോബര്‍ രണ്ടിന് ‘എന്ന് നിന്‍റെ മൊയ്തീന്‍’ പ്രദര്‍ശനത്തിനെത്തും.