ഒരു വ്യാഴവട്ടം - മലയാളത്തിലെ മികച്ച സിനിമകള്‍

ശനി, 25 ഫെബ്രുവരി 2012 (19:17 IST)
PRO
2000 മുതല്‍ 2011 വരെയുള്ള പന്ത്രണ്ടുവര്‍ഷക്കാലം മലയാള സിനിമയ്ക്ക് അത്ര മെച്ചമായ കാലമായിരുന്നില്ല. നിലവാരം കുറഞ്ഞ സൃഷ്ടികള്‍ തുടര്‍ച്ചയായി സൃഷ്ടിക്കപ്പെട്ട് തളര്‍ച്ചയില്‍ ഉറങ്ങിയ കാലമായിരുന്നു അതെന്ന് പറയാം. ഔട്ട് സ്റ്റാന്‍ഡിംഗായുള്ള സിനിമകള്‍ വിരളമെന്നു തന്നെ പറയണം. എണ്‍പതുകളെയും തൊണ്ണൂറുകളെയും മലയാളികള്‍ മനസില്‍ നമിച്ചിട്ടുണ്ടാകും.

എങ്കിലും മലയാളം വെബ്ദുനിയ സിനിമാ ടീം ഒരു ശ്രമം നടത്തിനോക്കുകയാണ്. കഴിഞ്ഞ ഒരു വ്യാഴവട്ടത്തിനിടയില്‍ ഇറങ്ങിയ നല്ല സിനിമകള്‍ ഏതൊക്കെ? ഒട്ടേറെ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കുമൊടുവില്‍ 12 സിനിമകള്‍ കണ്ടെത്താനായി. പല തലങ്ങളിലുള്ള മികവ് പരിശോധിച്ച ശേഷമാണ് ഈ തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ കാര്യത്തില്‍ ചിലപ്പോള്‍ വായനക്കാര്‍ക്ക് വിയോജിപ്പുണ്ടാകാം. അങ്ങനെയെങ്കില്‍, കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ റിലീസായവയില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട 12 സിനിമകള്‍ കമന്‍റ് ബോക്സില്‍ എഴുതുക. ആരോഗ്യകരമായ ഒരു ചര്‍ച്ച പ്രതീക്ഷിക്കുന്നു.

അടുത്ത പേജില്‍ - 2000ല്‍ ഏതു സിനിമ?

2000 - ജോക്കര്‍

PRO
ലോഹിതദാസ് സംവിധാനം ചെയ്ത മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ജോക്കര്‍. 2000ല്‍ പ്രദര്‍ശനത്തിനെത്തിയ ആ സിനിമ, ദിലീപ് എന്ന നടന്‍റെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കി. മലയാള സിനിമയ്ക്ക് ഏറെക്കുറെ അപരിചിതമായ സര്‍ക്കസ് പശ്ചാത്തലമായി സ്വീകരിച്ചതും നിഷാന്ത് സാഗറിന്‍റെ വില്ലന്‍ വേഷവും ബഹദൂറിന്‍റെ അഭിനയവുമെല്ലാം ജോക്കറിനെ വേറിട്ടുനിര്‍ത്തുന്നു.

അടുത്ത പേജില്‍ - 2001ല്‍ മത്സരത്തിന് തകര്‍പ്പന്‍ സിനിമകള്‍

2001 - രണ്ടാം ഭാവം

PRO
ഒട്ടേറെ വ്യത്യസ്തമായ സിനിമകള്‍ ഇറങ്ങിയ വര്‍ഷമായിരുന്നു 2001. ലാല്‍ ജോസ് എന്ന സംവിധായകന്‍റെ വ്യത്യസ്തമായ ഒരു സിനിമയായിരുന്നു രണ്ടാം ഭാവം. മികച്ച ഒരു ത്രില്ലറായിരുന്നു ഈ സിനിമ. സുരേഷ്ഗോപി എന്ന നടന്‍ കയ്യൊതുക്കത്തോടെ അവതരിപ്പിച്ച രണ്ടു കഥാപാത്രങ്ങളും ഉജ്ജ്വലമായി. തിലകന്‍റെ അഭിനയവും ശ്രദ്ധേയം. നല്ല പാട്ടുകളും ഈ സിനിമയുടെ പ്രത്യേകതയായിരുന്നു.

അടുത്ത പേജില്‍ - 2002ല്‍ ആരുടെ ചിത്രം?

2002 - നന്ദനം

PRO
രഞ്ജിത് എന്ന സംവിധായകന്‍റെ വഴിമാറി നടത്തത്തിന്‍റെ തുടക്കമായിരുന്നു നന്ദനം. പൃഥ്വിരാജ് എന്ന നടന്‍റെ ഉദയവും. ഒരു മിത്ത് പോലെ സുന്ദരമായ കഥയെ മനോഹരമായ സിനിമയാക്കി മാറ്റി രഞ്ജിത്. നന്ദനത്തില്‍ നവ്യാ നായര്‍ അവതരിപ്പിച്ച ബാലാമണി എന്ന കഥാപാത്രം ഇപ്പോഴും ചര്‍ച്ചചെയ്യപ്പെടുന്നു.

അടുത്ത പേജില്‍ - 2003ല്‍ ഒരു അപ്രതീക്ഷിത ചിത്രം

2003 - എന്‍റെ വീട് അപ്പൂന്‍റേം

PRO
ലോഹിതദാസുമായി പിരിഞ്ഞതിന് ശേഷം സിബി മലയില്‍ കാമ്പുള്ള സിനിമകള്‍ തരുന്നില്ല എന്ന പ്രേക്ഷകരുടെ പരാതിക്ക് പരിഹാരം കണ്ട സിനിമയായിരുന്നു എന്‍റെ വീട് അപ്പൂന്‍റേം. സഞ്ജയ് - ബോബി ടീമായിരുന്നു ചിത്രത്തിന്‍റെ തിരക്കഥ. ജയറാമും മകന്‍ കാളിദാസനും ജ്യോതിര്‍മയിയുമായിരുന്നു താരങ്ങള്‍. കാളിദാസന്‍റെ അഭിനയമികവിനാലും വ്യത്യസ്ത പ്രമേയമായതിനാലും ‘എന്‍റെ വീട് അപ്പൂന്‍റേം’ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയായി.

അടുത്ത പേജില്‍ - ഒരു മികച്ച സംവിധായകന്‍റെ ഉദയം

2004 - കാഴ്ച

PRO
കഥപറച്ചിലിന്‍റെ വ്യത്യസ്തമായ രീതിയാണ് ‘കാഴ്ച’ എന്ന ചിത്രത്തിലൂടെ ബ്ലെസി കാണിച്ചുതന്നത്. ഭരതന്‍, പദ്മരാജന്‍, ലോഹിതദാസ് ശ്രേണിയിലേക്ക് ഒരു സംവിധായകന്‍ ജനിക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ. ഗുജറാത്ത് ഭൂകമ്പത്തില്‍ എല്ലാവരും നഷ്ടപ്പെട്ട ഒരു ബാലന്‍റെ വ്യഥയും അവനെ സ്വീകരിക്കാന്‍ കഴിയാതെ വരുന്ന ഒരു കുടുംബത്തിന്‍റെ നിസഹായതയും കാഴ്ചയെ ഒരു മികച്ച അനുഭവമാക്കി.

അടുത്ത പേജില്‍ - സിനിമക്കാര്‍ക്ക് ഷോക്ക് ട്രീറ്റ്മെന്‍റ്

2005 - ഉദയനാണ് താരം

PRO
ശ്രീനിവാസന്‍ രചന നിര്‍വഹിച്ച് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഉദയനാണ് താരം സിനിമാ പ്രവര്‍ത്തകര്‍ക്കുള്ള ഷോക്ക് ട്രീറ്റ്മെന്‍റായി. മലയാള സിനിമയെ തിരുത്താന്‍ കരുത്തുള്ള ഒരു സറ്റയറായിരുന്നു ഈ ചിത്രം. ശ്രീനിവാസന്‍ അവതരിപ്പിച്ച രാജപ്പന്‍ തെങ്ങുമ്മൂട് എന്ന കഥാപാത്രം സിനിമയിലെ സൂപ്പര്‍ താരാധിപത്യത്തെ ആവോളം കളിയാക്കി. മോഹന്‍ലാലിന്‍റെ ഏറ്റവും മികച്ച പ്രകടനം നല്‍കിയ സിനിമ കൂടിയായിരുന്നു ഉദയനാണ് താരം.

അടുത്ത പേജില്‍ - ഗൃഹാതുരത്വമുണര്‍ത്തിയ ആ സിനിമ

2006 - ക്ലാസ്മേറ്റ്സ്

PRO
ഒരു തലമുറയെ മുഴുവന്‍ പഴയകാല ക്യാമ്പസ് ജീവിതത്തിന്‍റെ ഓര്‍മ്മകളിലേക്ക് ആനയിച്ച ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്. ജയിംസ് ആല്‍ബര്‍ട്ട് എന്ന തിരക്കഥാകൃത്തിന്‍റെ ഗംഭീര തിരക്കഥ. ലാല്‍ ജോസിന്‍റെ മികച്ച സംവിധാനം. അലക്സ് പോളിന്‍റെ മികച്ച ഗാനങ്ങള്‍. എല്ലാം തികഞ്ഞ ഒരു ത്രില്ലറായിരുന്നു ക്ലാസ്മേറ്റ്സ്. ടി വി ചാനലുകളില്‍ ഇപ്പോഴും ഏറ്റവുമധികം പ്രേക്ഷകരുള്ള ഒരു ചിത്രമാണിത്.

അടുത്ത പേജില്‍ - അപൂര്‍വ സൌഹൃദത്തിന്‍റെ വസന്തം

2007 - കഥ പറയുമ്പോള്‍

PRO
കൃഷണന്‍റെയും കുചേലന്‍റെയും ഗാഢമായ സൌഹൃദബന്ധത്തെ പുതിയ കാലത്തിലേക്ക് പറിച്ചുനട്ടിരിക്കുകയാണ് തിരക്കഥാകൃത്ത് ശ്രീനിവാസന്‍ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെ. നവാഗതനായ എം മോഹനന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലാണ് അഭിനയിച്ചത്. എന്നാല്‍ മമ്മൂട്ടി അവതരിപ്പിച്ച അശോക് രാജ് എന്ന കഥാപാത്രം അവസാന മൂന്നു മിനിറ്റില്‍ നടത്തുന്ന പ്രകടനമാണ് ഈ സിനിമയുടെ ഹൈലൈറ്റ്. തമിഴിലേക്കും ഹിന്ദിയിലേക്കും ഈ സിനിമ റീമേക്ക് ചെയ്യപ്പെട്ടെങ്കിലും അവിടങ്ങളില്‍ സ്വീകരിക്കപ്പെട്ടില്ല. സൌഹൃദത്തിന്‍റെ ഭാഷ മലയാളിയേക്കാള്‍ മനസിലാക്കുന്ന മറ്റാരുണ്ട്?

അടുത്ത പേജില്‍ - വിപ്ലവത്തിന്‍റെ തീവ്രത

2008 - തലപ്പാവ്

PRO
മധുപാല്‍ എന്ന നടന്‍ സംവിധായകനായി മാറിയപ്പോള്‍ മലയാളത്തിന് ലഭിച്ച മികച്ച ചിത്രമാണ് തലപ്പാവ്. ലാലിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തു ഈ സിനിമ. നക്സലിസവും കമ്യൂണിസവും തിളച്ചുമറിഞ്ഞ കേരളത്തെ വീണ്ടും ഓര്‍മ്മിപ്പിച്ച സൃഷ്ടി കൂടിയായി തലപ്പാവ്. നക്സല്‍ വര്‍ഗീസിനെ ഓര്‍മ്മിപ്പിച്ച ജോസഫ് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അനശ്വരമാക്കി.

അടുത്ത പേജില്‍ - വ്യത്യസ്ത ഭാവങ്ങളുമായി ഒരു നടന്‍

2009 - പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ

PRO
മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഒരു സിനിമയായിരുന്നു പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ. രഞ്ജിത് സംവിധാനം ചെയ്ത ഈ സിനിമ ടി പി രാജീവന്‍റെ ഇതേ പേരിലുള്ള നോവലിന്‍റെ സിനിമാവിഷ്കാരമായിരുന്നു. മമ്മൂട്ടി എന്ന മഹാനടന്‍റെ വിവിധ കഥാപാത്രങ്ങളായുള്ള പകര്‍ന്നാട്ടം കൊണ്ടും എന്നും ഓര്‍മ്മിക്കപ്പെടും ഈ ചിത്രം. ശ്വേതാ മേനോന്‍, പുതുമുഖം മൈഥിലി എന്നിവരും തിളങ്ങി.

അടുത്ത പേജില്‍ - അഭിനയത്തിലെ സാഹസികത

2010 - ശിക്കാര്‍

PRO
മോഹന്‍ലാല്‍ എന്ന നടന്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന മാധ്യമത്തോട് എത്രമാത്രം കമ്മിറ്റഡാണ് എന്ന് ബോധ്യപ്പെടുത്തിയ സിനിമയായിരുന്നു ശിക്കാര്‍. ഈ സിനിമയില്‍ ലാല്‍ അവതരിപ്പിക്കുന്ന ബലരാമന്‍ എന്ന കഥാപാത്രം ക്ലൈമാക്സ് സീക്വന്‍സുകളില്‍ നടത്തുന്ന സാഹസിക പ്രകടനങ്ങള്‍ പ്രേക്ഷകരെ അമ്പരപ്പിച്ചു. ബലരാമന്‍റെ ആത്മസംഘര്‍ഷങ്ങളും മോഹന്‍ലാല്‍ ഗംഭീരമാക്കി. എം പത്മകുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അനന്യയുടെ പ്രകടനവും ഏറെ പ്രശംസ പിടിച്ചുപറ്റി.

അടുത്ത പേജില്‍ - ചിരിയുടെ ഉപ്പും എരിവും

2011 - സോള്‍ട്ട് ആന്‍റ് പെപ്പര്‍

PRO
സിനിമയുണ്ടാക്കണമെങ്കില്‍ കനത്ത ഇന്‍റര്‍വെല്‍ പഞ്ചും ക്ലൈമാക്സിന് മുമ്പുള്ള ട്വിസ്റ്റും ഒരു കോടിയെങ്കിലും മിനിമം മുടക്കുള്ള ക്ലൈമാ‍ക്സും ലൊക്കേഷനായി വരിക്കാശ്ശേരി മനയും വേണമെന്ന ചില സംവിധായകരുടെ പിടിവാശിക്കേറ്റ ആഘാതമായിരുന്നു സോള്‍ട്ട് ആന്‍റ് പെപ്പര്‍. അത്രയൊന്നും പുതുമയില്ലാത്ത ഒരു പ്രണയകഥ മനോഹരമായ ആഖ്യാനം കൊണ്ട് മികച്ച സൃഷ്ടിയാക്കി മാറ്റുകയായിരുന്നു ആഷിക് അബു. ലാലിന്‍റെയും ശ്വേതാമേനോന്‍റെയും അഭിനയമികവ് ചിത്രത്തിന്‍റെ നിര്‍ണായകമായ വിജയഘടകമായി. ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നെഴുതിയ തിരക്കഥയുടെ ശക്തി സോള്‍ട്ട് ആന്‍റ് പെപ്പറിനെ 2011ലെ മികച്ച എന്‍റര്‍ടെയ്നറാക്കി.

വെബ്ദുനിയ വായിക്കുക