ശശി തരൂരിന്റെ രാഷ്ട്രീയ ജീവിതം അത്ര നല്ല കാലത്തിലൂടെയല്ല കടന്നുപോകുന്നത്. അത് തരൂരിനുമറിയാം. എന്നാല്‍ ശക്തമായ ഒരു മടങ്ങിവരവിനൊരുങ്ങുകയാണ് അദ്ദേഹം. എന്നാല്‍ രാഷ്ട്രീയത്തിലല്ല, തന്റെ എഴുത്തുജീവിതം കൂടുതല്‍ ശക്തമാക്കാനാണ് ശശി തരൂരിന്റെ തീരുമാനം.
ശശി തരൂര്‍ എഴുതിയ പുതിയ പുസ്തകത്തിന് പേര് 'പാക്സ് ഇന്‍ഡിക്ക'. പെന്ഗ്വിന് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന പുസ്തകം ഇന്ത്യയുടെ വിദേശനയമാണ് പ്ലാറ്റ്ഫോമാക്കുന്നത്.
“ആര്‍ക്കും ചിലപ്പോള്‍ ചില കാര്യങ്ങളില്‍ പിഴവുകള്‍ പറ്റാം. അതില്‍ നിന്ന് എങ്ങനെ കരകയറുന്നു എന്നതിലാണ് കാര്യം. എന്റേതായ സംഭാവനകള്‍ നയ-ആശയ സംവാദങ്ങളില്‍ നല്കി ഞാന്‍ തിരിച്ചെത്താന്‍ ശ്രമിക്കുകയാണ്” - ശശി തരൂര്‍ പറയുന്നു.
തന്റെ കേന്ദ്രമന്ത്രിസ്ഥാനം നഷ്ടമാക്കിയ വിവാദങ്ങളെക്കുറിച്ച് ശശി തരൂര്‍ ഇപ്പോള്‍ ബോധവാനാണ്. അതുകൊണ്ടുതന്നെ, പാക്സ് ഇന്‍ഡിക്ക എന്ന പുതിയ പുസ്തകത്തിലെ അഭിപ്രായങ്ങള്‍ തന്റെ വ്യക്തിപരമായ നിരീക്ഷണങ്ങളാണെന്ന മുന്‍കൂര്‍ ജാമ്യം ശശി തരൂര്‍ പുസ്തകത്തിന്റെ അവസാനം ചേര്‍ത്തിരിക്കുന്നു. ഈ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസിന്റെയോ യു പി എ സര്‍ക്കാരിന്റെയോ അല്ല!
“ഇപ്പോള്‍ ഞാന്‍ ഒരു മുന്‍ കേന്ദ്രമന്ത്രിയാണ്. നാളെ ചിലപ്പോള്‍ ഒരു മുന്‍ എം പി ആയി മാറിയേക്കാം. എന്നാല്‍ ഒരിക്കലും ഒരു മുന്‍ എഴുത്തുകാരന് ആവില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്” - ശശി തരൂര്‍ വ്യക്തമാക്കി.
ഭാവിയില്‍ ഒരു വിവാദനായകന്‍ എന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കാത്ത ശശി തരൂര്‍, കോണ്‍ഗ്രസ് വീണ്ടും തനിക്ക് ലോക്സഭയിലേക്ക് മത്സരിക്കാനുള്ള അവസരം തരുമെന്നും പ്രതീക്ഷിക്കുന്നു - “2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാഹചര്യം എന്റെ പാര്‍ട്ടി എനിക്ക് തരുമെന്ന് കരുതുന്നു. എന്റെ മണ്ഡലത്തിന്റെ വികസനത്തിനുവേണ്ടി ഞാന്‍ കഠിനപ്രയത്നമാണ് നടത്തുന്നത്”.