സാറാ തോമസിന് പിറന്നാള്‍

നാര്‍മടിപ്പുടവയുടേയും ദൈവമക്കളുടേയും കഥാകാരിയായ സാറാ തോമസിന് ഇന്ന് -- സപ്റ്റംബര്‍ 14 ന്-പിറന്നാള്‍. അവരുടെ സപ്തതിയും വിവാഹത്തിന്‍റെ 50ാം വാര്‍ഷികവും 2004 ല്‍ ആയിരുന്നു .

നാട്യമില്ലാത്ത എഴുത്തുകാരിയാണ് സാറാ തോമസ് . ""എഴുത്തിന്‍റെ പൂന്തോട്ടത്തില്‍ രാജകുമാരന്മാര്‍ ശ്രദ്ധിച്ചിരുന്ന ഒരു പൂവായിരുന്നില്ല ഞാന്‍. വേലിപ്പടര്‍പ്പില്‍ വളര്‍ന്ന ചെടി. എന്നിട്ടും വാടാതെ നിന്നത് വഴിപോക്കരായ വായനക്കാരുടെ സൗഹൃദം കൊണ്ടുമാത്രം'' സാറാ തോമസ് പറയുന്നു.

ജീവിതത്തിന്‍റെ നേരുകള്‍ നിറഞ്ഞു നില്‍ക്കുന്ന കുറെ കഥകളും നോവലുകളും 35 കൊല്ലത്തെ എഴുത്തിലൂടെ അവര്‍ സമ്മാനിച്ചു. അനുഭവങ്ങളുടെ മണമുള്ളതാണ് അവരുടെ കഥകള്‍. ഭര്‍ത്താവ് ഡോ. തോമസ് സക്കറിയയുടെ രോഗികളായി വീട്ടില്‍ എത്തുന്നവരില്‍ നിന്നാണ് സാറയുടെ ജീവിതനിരീക്ഷണവും കഥാപാത്ര രൂപീകരണവും ആരംഭിച്ചത്.

തമിഴ് ബ്രാഹ്മണരുടെ അവസ്ഥ ചിത്രീകരിച്ച "നാര്‍മടിപ്പുടവ'യാണ് സാറാ തോമസിനെ മലയാളസാഹിത്യത്തിന്‍റെ മുന്‍നിരയിലെത്തിച്ചത്. ദളിതരുടെ കഥ "ദൈവമക്കളി'ലൂടെ ആവിഷ്കരിച്ച അവര്‍ മുക്കുവരുടെ ജീവിതം "വലക്കാരി'ലൂടെയും നമ്പൂതിരി സമുദായത്തിലെ വിധവകളായ കന്യകമാരെ "ഉണ്ണിമായയുടെ കഥ'യിലൂടെയും ആവിഷ്കരിച്ച് ജനപ്രീതി നേടി.

17 നോവലുകളും "തെളിയാത്ത കൈരേഖകള്‍', "ഗുണിതം തെറ്റിയ കണക്കുകള്‍', "പെണ്‍മനസ്സുകള്‍', "സാറാ തോമസിന്‍റെ കഥകള്‍' തുടങ്ങി ഏഴ് കഥാസമാഹാരങ്ങളും ഒരു യാത്രാവിവരണ ഗ്രന്ഥവും സാറാതോമസിന്‍റേതായുണ്ട്.


എകാന്തത പ്രചോദനമേകി

ജില്ലാ രജിസ്ട്രാറായിരുന്ന വര്‍ക്കി മാത്യുവിന്‍റെയും സാറാ വര്‍ക്കിയുടെയും മകളായി 1934 സെപ്റ്റംബര്‍ 14ന് ജനിച്ച സാറാ തോമസ് വിവാഹശേഷമാണ് സാഹിത്യരചനയില്‍ മുഴുകുന്നത്.

യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്കുണ്ടായിരുന്ന വിലക്കുകള്‍ക്കുള്ളിലായിരുന്നു സാറാ തോമസിന്‍റെയും ചെറുപ്പം. പന്ത്രണ്ടാം വയസ്സില്‍ പ്രേമത്തെക്കുറിച്ചൊരു കഥയാണ് ആദ്യമെഴുതിയത്. നല്ല കുടുംബത്തിലെ കുട്ടികള്‍ക്ക് ചേര്‍ന്നതല്ല ഈ പണിയെന്ന് അച്ഛന്‍ വിലക്കിവിട്ടു.

ഇതേ മട്ടില്‍ വെളിച്ചം കാണാതെ ചിതലരിച്ചുപോയ നാലഞ്ചു കഥകള്‍കൂടി അവരെഴുതി. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഹൈസ്കൂളിലും, വിമന്‍‌സ് -യൂണിവേഴ്സിറ്റി കോളജുകളിലുമായിരുന്നു വിദ്യാഭ്യാസം.

നന്നേ ചെറുപ്പത്തില്‍ - പത്തൊന്‍പതാം വയസ്സില്‍ ശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ.തോമസ് സക്കറിയയുടെ ജ-ീവിതസഖിയായി. രണ്ടു കുഞ്ഞുങ്ങള്‍ - ശോഭ, ദീപ - പിറന്നു.

കുട്ടികള്‍ മുതിര്‍ന്നതോടെ സാറാ തോമസ്സിന്‍റെ പകലുകള്‍ ഏകാന്തമായിതുടങ്ങി. ഭര്‍ത്താവു മാത്രമായിരുന്നു പുറം ലോകവുമായി അവരെ ബന്ധിപ്പിച്ചിരുന്ന കണ്ണി. അങ്ങനെയാണ് ആശുപത്രിയിലെ ജീവിതം അവര്‍ക്ക് പരിചിതമായതും. ആദ്യ നോവല്‍ ജീവിതമെന്ന നദി എഴുതാനിടവന്നതും.

ഇതിന്‍റെ കയ്യെഴുത്തുപ്രതി കാണാനിടയായ ദീപം പത്രാധിപര്‍ തോമസ് ചെറിയാനാണ് അത് എസ്.പി.സി.എസ്സിനെക്കൊണ്ട് പ്രസിദ്ധീകരിപ്പിച്ചത്. തുടര്‍ന്ന് ആശുപത്രിയെ അടിസ്ഥനമാക്കിയുള്ള അസ്തമയം, മുറിപ്പാടുകള്‍, വെള്ളരേഖകള്‍ എന്നിവ പുറത്തുവന്നു.


നേരിന്‍റെ നേര്‍കാഴ്ചകള്‍

ആദ്യകാലത്ത് കഥകളില്‍ ആയിരുന്നു സാറാ തോമസ്സിനു താത്പര്യം. തെളിയാത്ത കൈരേഖകള്‍, പെണ്‍ മനസ്സുകള്‍ തുടങ്ങി ഏഴ് കഥാസമാഹാരങ്ങള്‍ അവരുടേതായിട്ടുണ്ട്. സാറാ തോമസിനെ നോവലിസ്റ്റുകളുടെ മുന്‍നിരയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് നാര്‍മടിപുടവ എന്ന നോവലാണ്.

നാര്‍മണിപുടവ തമിഴ് ബ്രാഹ്മണ കുടുംബത്തില്‍പ്പെട്ട ഒരു വിധവയുടെ ത്യാഗപൂര്‍ണമായ സഹനത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥ പറയുന്നു. മുക്കുവരുടെ ജീവിതം വിവരിക്കുന്നതാണ് വലക്കാര്‍ .

ദളിതരായ ഹരിജനങ്ങളുടെ ജീവിതം പകര്‍ത്തുന്ന ദൈവമക്കള്‍ മറ്റൊരു ശ്രദ്ധേയമായ നോവലാണ്. തുടക്കത്തില്‍ നന്മയും നല്ല ലോകവും ആദര്‍ശ ശുദ്ധിയുള്ള കഥാപാത്രങ്ങളും ഒക്കെയായിരുന്നു സാറാതോമസിന്‍റെ കഥാപാത്രങ്ങള്‍.

പിന്നീടാണ് വ്യത്യസ്ത സമുദായങ്ങളുടെ ജീവിത നേരുകളിലേക്ക് സാറാ തോമസ് ശ്രദ്ധപായിച്ചത്. സഹതാപാര്‍ദ്രമായ ജീവിതവീക്ഷണം അവരുടെ പില്‍ക്കാല നോവലുകളില്‍ കാണാം. സ്നേഹവും ആര്‍ജ്ജവവും സത്യസന്ധതയുമാണ് അവരുടെ നോവലിന്‍റെ സവിശേഷത.

സാറാ തോമസ്സിനെ ഏറ്റവുമധികം സ്വാധീനിച്ച കഥാപാത്രം ദൈവമക്കളിലെ കുഞ്ഞിക്കണ്ണനാണ്. വലിയ ആളുകളുടെ ഇല്ലാത്ത ദുഖങ്ങളും മോഹങ്ങളും പെരുപ്പിച്ചു കാട്ടുകയാണ് ഇപ്പോഴത്തെ നോവലിസ്റ്റുകള്‍ ചെയ്യുന്നത് എന്ന ഒരു വിദ്യാര്‍ത്ഥിയുടെ ഓര്‍മ്മപ്പെടുത്തലാണ് സാറാതോമസ്സിനെ ദൈവമക്കളുടെ രചനയിലേക്ക് നയിച്ചത്. ആ വിദ്യാര്‍ത്ഥി ദളിത വിഭാഗത്തില്‍ പെട്ടതായിരുന്ന

വെബ്ദുനിയ വായിക്കുക