ചിങ്ങമാസത്തിലെ തിരുവോണ നാളിലല്ല മഹാബലി കാസര്‍ഗോഡ് ജില്ലയില്‍ എഴുന്നെള്ളുന്നത്. ദീപാവലി നാളിലാണ്. തുലാം മാസത്തിലെ കറുത്തവാവ് തൊട്ടുള്ള മൂന്ന് ദിവസങ്ങളിലാണ്. ഇതര ജില്ലകളില്‍ നിന്നും പാടേ വിഭിന്നമായി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെയാണ് കാസര്‍ഗോഡ് ജില്ലയുള്‍പ്പെടുന്ന തുളുനാട് മഹാബലിയെ എതിരേല്‍ക്കുന്നത്. മൂന്ന് ദിവസങ്ങളിലായി(ചിലയിടങ്ങളീല്‍ ഒരു ദിവസം) പൊലിയന്ത്രം എന്ന പേരില്‍ നടക്കുന്ന ഈ അനുഷ്ഠാനത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയും.
ഏറ്റവും രസകരമായ വസ്തുത, പണ്ടുപണ്ടേ ആചരിച്ചുവരുന്ന ഈ അനുഷ്ഠാനം മഹാബലി പൂജയാണെന്ന് മലയാളികള്‍ക്ക് അറിയില്ല എന്നതാണ്. അതേസമയം ജില്ലയുടെ വടക്കന്‍ ദിക്കിലുള്ള കന്നടക്കാര്‍ക്ക് അതറിയുകയും ചെയ്യാം. പൊലിയുക, ഐശ്വര്യമുണ്ടാവുക എന്നര്‍ഥത്തില്‍ വിളവെടുപ്പിന് ശേഷം നടക്കുന്ന ചടങ്ങായതുകൊണ്ടും ഒരു ഉര്‍വരതാനുഷ്ഠാനമായിട്ടാണ് ഈ ചടങ്ങ് ആള്‍ക്കാര്‍ കരുതിപ്പോന്നത്.
പതുക്കെ ഈ അനുഷ്ഠാനം അപ്രത്യക്ഷമാകാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ജില്ലയില്‍ പല ഭാഗങ്ങളിലും ഈ ചടങ്ങ് ഇപ്പോഴും നടക്കുന്നുണ്ട്. ജാതിഭേദമില്ലാതെ പണ്ഡിത-പാമര ഭേദമില്ലാതെ ആളുകള്‍ ഈ ചടങ്ങില്‍ ഭാഗഭാക്കാകുന്നുണ്ട്. വീടുകള്‍ക്ക് പുറമെ തെയ്യക്കാവുകളിലും മറ്റു പല ആരാധാനാലയങ്ങളിലും പൊലിയന്ത്രം വിളി മുടങ്ങാതെ നടക്കുന്നുണ്ട്.
തുലാമാസത്തിലെ അമാവാസി ദീപാവലി ദിവസം ഏഴിലംപാലയുടെ മുമ്മൂന്ന് ശിഖിരങ്ങളുള്ള കൊമ്പുകള്‍ ശേഖരിച്ച് മര്‍മപ്രധാനമായ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നു. വീട്ടിലാണെങ്കില്‍ മുറ്റത്തും കിണറ്റിന്‍ കരയിലും തൊഴുത്തിലും മറ്റുമാണ് പൂക്കളെകൊണ്ട് അലങ്കരിച്ച പാലക്കൊമ്പുകള്‍ സ്ഥാപിക്കുന്നത്. അതിന്റെ കവരങ്ങളില്‍ ചിരട്ടത്തുണ്ടുകള്‍ ഇറക്കിവയ്ക്കുന്നു. സന്ധ്യാനാമത്തിനു ശേഷം പടിഞ്ഞാറ്റയില്‍ നിന്നും വിളക്കും തളികയുമേന്തി കുടുംബാംഗങ്ങള്‍ വീട്ടുമുറ്റത്തേക്ക് വരുന്നു. തളികയില്‍ അരിയും തിരിയുമുണ്ടാകും. (കാഞ്ഞങ്ങാട്ടിന് തെക്കുള്ള പ്രദേശങ്ങളില്‍ അരിവറുത്ത് ചെറിയ കിഴികെട്ടി എണ്ണയില്‍ മുക്കി ചിരട്ടയില്‍ വച്ച് കത്തിക്കുന്ന സമ്പ്രദായമാണ് ഉള്ളത്).
തിരി എണ്ണയില്‍ മുക്കി കത്തിച്ചതിന് ശേഷം ചിരട്ടയിലേക്ക് ഇറക്കിവച്ച് പൊലിയന്ത്രാ, പൊലിയന്ത്രാ അരിയോ അരി(ഹരി ഓം ഹരി) എന്ന് മൂന്ന് പ്രാവശ്യം ഉറക്കെ വിളിക്കുന്നു. കന്നട സംസാരിക്കുന്ന ചില പ്രദേശങ്ങളില്‍ ഹരി ഓം എന്നതിന് പകരം ‘ക്ര’ എന്ന് കൂവുന്ന പതിവാണുള്ളത്. മൂന്നാം ദിവസം പൊലിയന്ത്രയെ(ബലീന്ദ്രന്‍) വിളിച്ച ശേഷം മേപ്പട്ട് കാലത്ത് നേരത്തെ വാ എന്ന് കൂടി പറയും. തുളുഭാഷ സംസാരിക്കുന്നവര്‍ പൊസവര്‍പ്പട്ട് ബേക്ക ബല്ല(പുതുവര്‍ഷത്തില്‍ വേഗം വാ) എന്നാണ് പറയുന്നത്. ഈ അഭ്യര്‍ഥന കാഞ്ഞങ്ങാടിന് തെക്ക് കാണുന്നില്ല.
PRO
PRO
ബലീന്ദ്ര എന്ന വിളിയാണ് കാലക്രമത്തില്‍ മലയാളികള്‍ക്ക് പൊലീന്ദ്ര എന്നായി മാറിയത്. അതോടെ അനുഷ്ഠാനത്തിന്റെ അര്‍ഥവും മലയാളികള്‍ക്ക് അന്യമായി. കന്നടക്കാര്‍ ഇപ്പോഴും ബലീന്ദ്ര ബലീന്ദ്ര എന്നു തന്നെയാണ് വിളിക്കുന്നത്.
ജില്ലയിലെ ശാസ്താക്ഷേത്രങ്ങളില്‍ വലിയ ഉത്സവങ്ങളായിട്ടാണ് പൊലിയന്ത്രം വിളി കാലാകാലമായി അരങ്ങേറുന്നത്. ചടങ്ങുകളില്‍ നാടുമുഴുവന്‍ പങ്കെടുക്കുന്നു. വലിയ പാലമരം മുറിച്ച് കൊണ്ടുവന്ന് ക്ഷേത്രത്തിന് സമീപം നാട്ടുന്നു. ആബാലവൃദ്ധം ജനങ്ങള്‍ ആര്‍പ്പുവിളിയോടും വാദ്യഘോഷങ്ങളോടും കൂടി ചെത്തിമിനുക്കിയ കൂറ്റന്‍ മരം എട്ടും പത്തും കിലോമീറ്റര്‍ അകലെ നിന്ന് ഏറ്റിക്കൊണ്ട് വരുന്നത് ഒരു കാഴ്ച തന്നെയാണ്. സന്ധ്യാനേരത്ത് 21 ദീപങ്ങള്‍ പാലമരത്തില്‍ കൊളുത്തി ഗ്രാമമൊന്നിച്ച് ബലി മഹാരാജാവിന് അരിയെറിഞ്ഞ് ആര്‍ത്തുവിളിച്ച് ആദരിച്ച് സ്വീകരിക്കുന്നു.
ശാസ്താക്ഷേത്രങ്ങളില്‍ പൊലിയന്ത്രം വിളി നടന്ന് കഴിഞ്ഞാല്‍ മാത്രമേ ഗ്രാമത്തിലെ വീടുകളില്‍ പൊലിയന്ത്രം വിളി നടക്കുകയുള്ളു. പല ഇല്ലങ്ങളിലും ക്ഷേത്രങ്ങളിലും ഇപ്പോഴും ബലീന്ദ്ര പൂജ നടന്നുവരുന്നു. വൈഷ്ണവ പൂജാവിധികളാണ് ആചരിക്കുന്നത്. മണ്ണ് കൊണ്ട് ഒരു പീഠം നിര്‍മ്മിച്ച ശേഷം അതിന്‍മേല്‍ പാല നാട്ടി അതിന്റെ കവരങ്ങളില്‍ വിളക്ക് കൊളുത്തിയ ശേഷം നിവേദ്യം വച്ച് പൂജാവിധികള്‍. അതിനുശേഷമാണ് പൊലിയന്ത്രം വിളി.
ദീപാവലി ദിവസമാണ് ഈ ചടങ്ങുകള്‍ നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രാചീനകാലത്ത് ദീപാവലി ദിവസം ഇന്ത്യയില്‍ പരക്കെ ബലിപൂജ നടന്നതിന് തെളിവുകളുണ്ട്. വരാഹമിഹിരന്റെ ബൃഹത് സംഹിതയില്‍ ദൈവങ്ങളുടെ പ്രതിമാ നിര്‍മ്മാണത്തെക്കുറിച്ച് വിവരിക്കുന്ന ഘട്ടത്തില്‍ വളരെ പ്രാധാന്യത്തോടെയാണ് ബലി പ്രതിമയെ കുറിച്ച് പ്രസ്താവിച്ചിട്ടൂള്ളത്. ബലിപൂജയായി ആദരിച്ച ദീപാവലി ഉത്സവം പിന്നീട് മറ്റൊന്നായി മാറിയതാവാനാണ് വഴി. ഭാരതത്തില്‍ നിന്നും ബലിപൂജ ഏറെയൊക്കെ തുടച്ചുനീക്കപ്പെട്ടുവെങ്കിലും തുളുനാട്ടില്‍(കര്‍ണ്ണാടകയിലെ കുന്താപുരം തൊട്ട് കാസര്‍കോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ വരെയുള്ള പ്രദേശം ഇന്നും ബലിയാരാധന പഴയപോലെ തുടരുന്നുവെന്നത് വിസ്മയിക്കേണ്ടതായ ഒരു വസ്തുതയാണ്).
ചടങ്ങില്‍ പാലമരത്തിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. തമിഴ്നാട്ടില്‍ ചൊക്കപ്പനൈ എന്നൊരു അനുഷ്ഠാനമുണ്ട്. ശാസ്താക്ഷേത്രത്തില്‍ പാലമരം കൊണ്ടുവരുന്നത് പോലെ സാഘോഷം വനമരം ഏറ്റിക്കൊണ്ട് വന്ന് ക്ഷേത്രത്തിനരികില്‍ സ്ഥാപിക്കുന്ന ചടങ്ങാണ് അത്. ബലിപൂജയാണ് ആ ചടങ്ങെന്ന് വിശ്വസിക്കപ്പെടുന്നു. പാലമരത്തിന് പകരം അവിടെ പന ഉപയോഗിക്കുന്നു. പാലമരവും പനമരവും അദൃശ്യശക്തികളുടെ വാസകേന്ദ്രമാണെന്ന വിശ്വാസം കൂടി ഓര്‍ക്കുക.
ജില്ലയുടെ വടക്കന്‍ ഭാഗങ്ങളില്‍ കന്നടക്കാര്‍ കൂടുതല്‍ അധിവസിക്കുന്ന സ്ഥലങ്ങളില്‍ ചില വീടുകളിലും ആരാധാനാലയങ്ങളിലും പൊലിയന്ത്രം ചടങ്ങിനോടൊപ്പം ബലീന്ദ്ര സന്ധ്യ എന്ന നാടന്‍ പാട്ടും പാടുന്നുണ്ട്. ‘ബലി മഹാരാജാവേ ഈ നാട് അങ്ങയുടേതാണ്, ഏഴ് കടലും കടന്ന് അങ്ങ് വന്നാലും, ഞങ്ങളുടെ സല്‍ക്കാരും സ്വീകരിച്ചാലും’ എന്നെല്ലാം സ്തുതിച്ച് പാടിക്കൊണ്ടാണ് മഹാബലിയെ ആദരപൂര്‍വം സ്വീകരിക്കുന്നത്.പതിനൊന്നാം നൂറ്റാണ്ടില്‍ ഭാരതം സന്ദര്‍ശിച്ച അല്‍ ബറൂനി എന്ന സഞ്ചാരി ദീപാവലി ദിവസം നടക്കുന്ന ബലിപൂജയെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന കൂട്ടത്തില്‍ ബലീന്ദ്രസ്തുതിയില്‍ പറയുന്നത് പോലെ, ഏഴ് കടലും കടന്നാണ് ബലി വരുന്നത് എന്ന് സൂചിപ്പിക്കുന്നുണ്ട്. പാതാളത്തില്‍ നിന്നാണെന്ന് പുരാണങ്ങളോ ഇതിഹാസങ്ങളോ പറയുന്നില്ല. പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്ന സങ്കല്‍പ്പം പില്‍ക്കാലത്ത് രൂപപ്പെട്ട് വന്നതാകണം. പരാജിതനായ ബലിയെ വിഷ്ണു സുതലത്തില്‍ സുഖസൌകര്യങ്ങളോടെ വാഴിച്ചു എന്നാണ് പുരാണങ്ങളില്‍ കാണുന്നത്. സ്കന്ദപുരാണത്തില്‍, സുതലത്തിലെ ജീവിതം വിരസമാകുമ്പോള്‍ ഭൂമിയിലെ ദീപ പ്രതിപാദ(ദീപാവലി) ഉത്സവത്തിന് ബലി ചെയ്യാമെന്നും ദീപങ്ങളും പൂക്കളും കൊണ്ട് ജനങ്ങള്‍ സ്വീകരിക്കുമെന്നും ഒരു വര്‍ഷം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന സന്തോഷത്തിന് ആ ഉത്സവം മതിയാകുമെന്നും വിഷ്ണു ആശിര്‍വദിക്കുന്നുണ്ട്. ഇങ്ങനെ മഹാബലി തന്റെ പ്രജകളെ സംരക്ഷിക്കാന്‍ വരുന്നതാണ് വാസ്തവത്തില്‍ കാസര്‍കോഡ് ജില്ലക്കാരുടെ പൊലിയന്ത്രം വിളി.
‘ബലീന്ദ്ര’ എന്ന ബലിയെ ഇന്ദ്രനെന്ന് സംബോധന ചെയ്യുന്നതിലും അസാംഗത്യമില്ല. മൂന്നു നാഴിക നേരം ഇന്ദ്രനായിരിക്കാന്‍ ബലിക്ക് അവസരമുണ്ടായ കഥ സ്കന്ദപുരാണത്തിലുണ്ട്. പൂര്‍വജന്മത്തില്‍ പാപിയായ ബലി ഒരിക്കല്‍ ബലിപ്പൂക്കള്‍ താലത്തില്‍ നിറച്ച് വേശ്യാഗൃഹത്തിലേക്ക് പോകുമ്പോള്‍ കാല്‍തെറ്റി വീഴാനിടയായി. യാദൃശ്ചികമായി സമീപത്തുണ്ടായിരുന്ന ശിവലിംഗത്തിലാണ് പൂക്കള്‍ വീണത്. മരണത്തിന് ശേഷം അയാള്‍ നരകത്തിലെത്തി. അറിയാതെയാണെങ്കിലും ബലി ശിവപൂജ നടത്തിയതിനാല്‍ യമന്‍ അയാള്‍ക്ക് മൂന്ന് നാഴിക ഇന്ദ്രപദവിയിലിരിക്കാന്‍ അനുഗ്രഹിച്ചു. ഇന്ദ്രനായി ഇത്തിരി നേരത്തില്‍ ഒട്ടേറെ ദാനകര്‍മ്മങ്ങള്‍ ചെയ്ത് വരും ജന്മത്തില്‍ അയാള്‍ ബലിയായി ജനിച്ചു എന്നാണ് കഥ. ഭാഗവതം ദശമസ്കന്ദത്തില്‍ എട്ടാം മന്വന്തരത്തില്‍ വിഷ്ണു ബലിയെ ഇന്ദ്രനായി വാഴിക്കും എന്ന് കാണുന്നുണ്ട്.
PRO
ഡോ. അംബികാസുതന്‍ മാങ്ങാട്
ഈ കഥ ഉള്‍ക്കൊണ്ടിട്ടാണ് വടക്കന്‍ ‘ബലീന്ദ്ര’ എന്ന് സംബോധന ചെയ്യുന്നത്. കൂടാത പഴമക്കാരായ മലയാളികള്‍ക്കിടയില്‍ ‘‘പൊലീന്ദ്രന്റെ വാഴ്ച പോലെ മൂന്നേ മുക്കാല്‍ നാഴിക’’ എന്നൊരു ചൊല്ല് നിലവിലുണ്ട്. ചില ഐശ്വര്യങ്ങള്‍ അധികം നീണ്ടു നില്‍ക്കില്ല(ഇന്ദ്രന്‍ കേവലം മൂന്ന് നാഴിക മാത്രം ഇന്ദ്രനായത് പോലെ) എന്ന് വ്യക്തമാക്കാനാണ് ഈ ചൊല്ല് പ്രയോഗിക്കുന്നത്.
‘‘പൊലീന്ദ്രാ, നിനക്കെന്താ നെല്ലും വിത്തും അകത്തായി ബലീന്ദ്ര നിനക്ക് ഇപ്പോള്‍ എന്താണ് കാര്യം? (എന്റെ നെല്ലും വിത്തും സുരക്ഷിതമായി എത്തിച്ചേര്‍ന്നുവെന്ന് അര്‍ത്ഥം) - ഇങ്ങനെയൊരു ചൊല്ലും അപൂര്‍വമായി കേള്‍ക്കാനുണ്ട്. വിളവെടുപ്പിന് ശേഷം വരുന്ന ചടങ്ങായതുകൊണ്ട് ഈ ചൊല്ലിന് സവിശേഷാര്‍ത്ഥമുണ്ട്.
കാസര്‍കോഡ് ജില്ലക്കാര്‍ക്ക്, മഹാബലിയെ എതിരേല്‍ക്കുന്ന ഈ ദിവസത്തിന് വളരെ പ്രാധാന്യമുണ്ട്. കടലാട്ട് വാവ് ദിവസമാണത്. പിതൃക്കള്‍ക്ക് തര്‍പ്പണം വേണ്ട ദിവസം. പിതൃക്കളെ ആദരിച്ച് ഊട്ടേണ്ട ദിവസം. മഹാപിതാമഹനായ മഹാബലിയെ അന്നുതന്നെ സ്വാഗതം ചെയ്യുന്നത് ആലോചനാമൃതമാണ്. കേരളത്തില്‍ ഭൂരിഭാഗം ഇടങ്ങളിലും മഹാബലി ഒരു കോമാളിയായിക്കൊണ്ടിരിക്കുമ്പോള്‍ വടക്കേ അറ്റത്തെ ജില്ലയായ കാസര്‍കോഡ് മഹാബലി ഒരു ദൈവത്തെപ്പോലെയാണ് എഴുന്നള്ളുന്നത്.