മാറ്റത്തെ സ്വീകരിച്ച പ്രവാചകന്‍.......

മാറ്റത്തെ സ്വീകരിച്ച പ്രവാചകന്‍.......

"അന്തേവാസിനിയായ സ്വാമിനിയുടെ കാവിക്കച്ചയും ചുറ്റിയാണ് ഇറങ്ങിയത്.ധൃതിയില്‍ പറ്റിയ അബദ്ധമായിരുന്നു.നേരം പൊങ്ങിട്ടേ മുണ്ടുകള്‍ മാറിപ്പോയതു മനസ്സിലായുള്ളൂ. "
- ഖസാക്കിന്‍റെ ഇതിഹാസം,ഒ.വി. വിജയന്‍

തപസായിരുന്നു വിജയന്‍റെ ജീവിതം.ഒരിക്കല്‍ തലച്ചോറില്‍ കടന്നുകൂടിയ വിശ്വാസ സംഹിതകള്‍ ജീവിതത്തിന്‍റെ അവസാനം വരെ അദ്ദേഹം സൂക്ഷിച്ചില്ല.മനുഷ്യസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന എല്ലാ പ്രത്യയ ശാസ്ത്രങ്ങളും വിജയന്‍ കീറി പരിശോധിച്ചു.തനിക്ക് പറ്റിയ തെറ്റുകള്‍ തിരുത്താന്‍ വിജയന്‍ തയ്യാറായി.

ഒരിക്കല്‍ അദ്ധ്യാപികമാരെ കുറിച്ച് മോശപ്പെട്ട കഥകള്‍ എഴുതിയ വിജയന്‍ പിന്നീട് ഗുരുവിന്‍റെ മഹത്വം ഉദ്ഘോഷിക്കുന്ന ഗുരു സാഗരം എഴുതി.ഭൗതികജീവിതത്തിന് അപ്പുറത്തേക്ക് അദ്ദേഹത്തിന്‍റെ ചിന്തകള്‍ എപ്പോഴും സഞ്ചരിച്ചു.

ജനനം , മരണം,രതി തൂടങ്ങിയവയെക്കുറിച്ചുള്ള ഉത്തരങ്ങള്‍ മതത്തിന് തരുവാന്‍ കഴിയുമെന്ന് വിജയന്‍ വിശ്വസിച്ചു.

അദ്ദേഹത്തിന് ആരും അന്യരല്ലായിരുന്നു.അതു കൊണ്ടായിരുന്നു സിമി പോലുള്ള സംഘടന യുടെ ചടങ്ങുകളില്‍ വിജയന്‍ പങ്കെടുക്കാനുള്ള കാരണം.

യാതൊരു ഉപാധിയുമില്ലാത്ത സംവാദങ്ങള്‍ക്ക് മാത്രമേ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്ന് വിജയന്‍ മനസ്സിലാക്കിയിരുന്നു.മാര്‍കിസ്റ്റുകളുമായി തൂറന്ന സംവാദത്തിന് വിജയന്‍ തയ്യാറായിരുന്നുവെങ്കില്ലും അവര്‍ തയ്യാറായിരുന്നില്ല.

മലയാളികള്‍ മനസ്സിലാകാത്ത തിനെക്കുറിച്ചും എത്രനേരം വേണമെങ്കില്ലും സംസാരിക്കാന്‍ തയ്യാറാണ്.അതു കൊണ്ടാണ് ഖസാക്കിന്‍റെ ഇതിഹാസത്തിനെ ദാര്‍ശനികതയൂടെ കാല്‍പ്പനികവല്‍ക്കരണമായിട്ട് ചില ബുദ്ധി ജീവികള്‍ ചൂണ്ടിക്കാട്ടിയത്.

എം.കൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെട്ടതു പോലെ അമിതമായിട്ടുള്ള മൂല്യ നിര്‍ണ്ണയം ഈ കൃതിയുടെ ചൈതന്യത്തെ ഇല്ലാതാക്കും.കാരണം ശരിയായ ദിശയിലുള്ള പഠനത്തേക്കാള്‍ കൂടുതലായിട്ട് ശാഠ്യത്തിന്‍റെ കണ്ണാടിയിലൂടെയാണ് ചിലര്‍ ഖസാക്കിന്‍റെ ഇതിഹാസത്തെ നോക്കി കണ്ടിട്ടുള്ളത്.



ഒരിക്കല്‍ വിപ്ളവകാരിയായിരുന്നവന്‍ അധികാരിയാവുമ്പോള്‍ മാറിപോകുമെന്നതിന് കാലം ഒരു പാട് ഉദാഹരണങ്ങള്‍ തന്നിട്ടൂണ്ട്.വിജയന്‍റെ ധര്‍മ്മപുരാണത്തിന് കാലത്തിന് അതീതമായ പ്രസക്തിയാണ് ഉണ്ടായിരുന്നത്.

ധര്‍മ്മപുരാണത്തിലെ പ്രജാപതിക്ക് തന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഉപാധി മാത്രമായിരുന്നു ഭരണം.തമ്മിലടിപ്പിച്ച് ഖജനാവ് കട്ടുമുടിപ്പിക്കുന്ന ഭരണാധിപന്മാര്‍ക്ക് ഏതു ദേശത്തും ഒരേ രൂപവും ഭാവവുമാണെന്ന് വിജയന്‍ ധര്‍മ്മപുരാണത്തിലൂടെ വ്യക്തമാക്കുന്നു.

മാര്‍ക്സിത്തിന്‍റെ പൊള്ള ത്തരങ്ങള്‍ ആനിമല്‍ ഫാമിലൂടെ വിവരിച്ച ജോര്‍ജ് ഓര്‍വെല്ലിന്‍റെ കൃതിക്ക് സമാനമായ കൃതിയായി ഇതിനെ ചൂണ്ടിക്കാട്ടാം.രസകരമായ മറ്റൊരു കാര്യം അധികാര ശക്തികളുടെ അകത്തളങ്ങളിലെ പുഴുക്കുത്തുകളെക്കുറിച്ച് അന്യാപദേശ രീതിയില്‍ വ്യക്തമാക്കിയ ഈ കൃതിയിലെ വിസര്‍ജ്യ ചിത്രീകരണത്തിന്‍റെ വൃത്തിക്കേടിനെക്കുറിച്ച് കപടമായ നെടുവീര്‍പ്പിടുന്നതിനായിരുന്നു പ്രബുദ്ധരായ മലയാളികള്‍ക്ക് താല്‍പ്പര്യം.

കറുത്തഹാസ്യത്തിന്‍റെ കാര്‍ട്ടൂണുകളിലൂടെ വിജയന്‍ മഹത്തരമായ ദര്‍ശനം തന്നെയാണ് മുന്നോട്ടു വെച്ചിരുന്നത്.അടിയന്തരാവസ്ഥ കഴിഞ്ഞ് തമിഴ്നാട്ടിലെ ഒരു മണ്ഡലത്തില്‍ മത്സരിക്കാന്‍ വന്ന ഇന്ദിരയോട് ഒരാള്‍ പറയുന്നു.കുറച്ച് തെക്കോട്ട് നീങ്ങിയാല്‍ രാമേശ്വരമാണ്.പാപ ശമനത്തിന് മുങ്ങി കുളിക്കാന്‍ നല്ലതാണ്.

ഇങ്ങനെ കാര്‍ട്ടൂണ്‍ വരച്ച് ഇന്ദിരയെ ആക്ഷേപിച്ച വിജയന്‍ അടിയന്തരാവസ്ഥക്കാലത്ത് പോലീസിനെ പേടിച്ച് പുറത്തേക്ക് ഇറങ്ങാത്ത കാര്യം പാര്‍വ്വതി പവനന്‍ സ്മരിക്കുന്നുണ്ട്.

പുത്രവിയോഗത്താല്‍ ചുട്ടു പൊള്ളുന്ന പിതാവിന്‍റെ വേദന അവസാനക്കാലത്ത് കടല്‍ത്തീരത്തിലെ പിതാവിനെ പോലെ വിജയന്‍ അനുഭവിച്ചത് കാലത്തിന്‍റെ ആവശ്യമായിരിക്കാം.മരണത്തിന്‍റെ അപ്പുറത്തെ ജീവിതത്തെക്കുറിച്ചറിയാന്‍ വിജയ ന്‍ ആഗ്രഹിച്ചിരുന്നു.മോക്ഷപ്രാപ്തിക്കായി പുണ്യ നദികളില്‍ മരിച്ചയാളുടെ ചിതാഭസ്മം ഒഴുക്കണമെന്നാണ് ഹിന്ദു വിശ്വാസം.

എന്നാല്‍,ചിതാഭസ്മത്തിന്‍റെ അവകാശത്തെ ചൊല്ലി ബന്ധുക്കള്‍ കോടതി കയറിയപ്പോള്‍ വേദനിച്ചത് ആ വലിയ മനുഷ്യന്‍റെ മഹത്തരമായ ദര്‍ശനങ്ങളെ സ്നേഹിച്ച ചെറിയ മനുഷ്യരായിരുന്നു

വെബ്ദുനിയ വായിക്കുക