ബലാത്സംഗത്തോട് സമരസപ്പെടല്‍ പ്രഖ്യാപിക്കുന്ന പ്രമേയങ്ങളോട് യോജിപ്പില്ല: ജെയ്ക്ക്

Webdunia
ചൊവ്വ, 20 സെപ്‌റ്റംബര്‍ 2016 (20:52 IST)
വിവാദകവിത ‘പടര്‍പ്പ്’ ഉയര്‍ത്തിയ ചര്‍ച്ചകളും സാം മാത്യുവിന്‍റെ കവിതകളുടെ നിലപാടുകള്‍ ചോദ്യം ചെയ്യുന്ന വിമര്‍ശനങ്ങളും നമ്മുടെ സാഹിത്യ - സാംസ്കാരിക വേദിയെ കലുഷിതമാക്കിയിരിക്കുന്ന കാലമാണ്. ഇടതുപക്ഷത്ത് നില്‍ക്കുന്ന കവി ആയതുകൊണ്ട് ആ രീതിയിലുള്ള ആക്രമണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുകയാണ്.
 
ഈ വിവാദങ്ങള്‍ക്കും അതിലേക്ക് എസ് എഫ് ഐയെയും ഇടതുപക്ഷത്തെയും വലിച്ചിഴയ്ക്കുന്ന സമീപനങ്ങള്‍ക്കും എസ് എഫ് ഐ നേതാവ് ജെയ്ക് സി തോമസ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ മറുപടി പറയുന്നു.
 
ജെയ്ക് സി തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
 
കവിതകളും വാക്കുകളും ചര്‍ച്ചയ്ക്കു വരുമ്പോള്‍...
 
SFIയുടെ ആസ്ഥാന പാട്ടുകാരന്‍, സംസ്ഥാന പ്രസിഡന്റിന്റെ പ്രിയപ്പെട്ടവന്‍, തുടങ്ങി എം സ്വരാജ് അവതാരിക എഴുതും എന്നും വരെയുള്ള പരിഹാസത്തോളം വന്നെത്തുന്ന യാതൊരു കാമ്പുമില്ലാത്ത വിമര്‍ശനങ്ങള്‍ അത്ഭുതങ്ങള്‍ക്കു തെല്ലും ഇടയില്ലാത്ത വിധം സമൂഹ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. 
 
SFIക്ക്‌ ഒരു ആസ്ഥാന കവിയോ, പാട്ടുകാരനോ ഇല്ലായെന്നത് എല്ലാ സഹൃദയരോടും ഓര്‍മിപ്പിച്ചു കൊള്ളട്ടെ. സൂര്യന് കീഴില്‍ ഉള്ള ഏതൊരു വിഷയത്തേയും കുറിച്ച് ഏതൊരാള്‍ക്കും എഴുതാനും സംസാരിക്കാനുമുള്ള ജനാധിപത്യ അവകാശത്തെ മാനിച്ചു കൊണ്ട് തന്നെ 'ബലാത്സംഗ'ത്തോട് സമരസപ്പെടല്‍ പ്രഖ്യാപിക്കുന്ന പ്രമേയങ്ങളോട് യോജിപ്പിന്റെ ഒരു കണിക പോലുമില്ലായെന്നും ഉള്ളത് കലര്‍പ്പില്ലാത്ത തികഞ്ഞ വിയോജിപ്പ് മാത്രമാണെന്നും അറിയിച്ചു കൊള്ളുകയാണ്.
 
കോളേജില്‍ 'കൌണ്ടര്‍ കള്‍ച്ചര്‍ ' പഠിക്കുമ്പോള്‍ ഫുക്കോയുടെ 'ഓള്‍ സെക്സ്യാലിറ്റി ' പഠിപ്പിച്ച അധ്യാപകനിലെ ''ലൈംഗിക വിചാരങ്ങളെ'' കുറിച്ച് സംശയ രോഗത്തോടെ കണ്ട തലച്ചോറുകളെയാണ് ഓര്‍മ്മ വരുന്നത് .
 
'രാഷ്ട്രീയമായ ശരികള്‍' കൊണ്ട് തനിമയാര്‍ന്നതു മാത്രം തിരഞ്ഞെടുത്തു ആഘോഷിക്കാന്‍ മാത്രമുള്ള പ്രബുദ്ധതയും, ഉള്‍ക്കാമ്പും നിറഞ്ഞവര്‍ മാത്രമല്ലല്ലോ നമ്മുടെ സഹൃദയ ലോകത്തെ പൂര്‍ണമാക്കുന്നത്. പൊതുബോധത്തെ തൃപ്തിപ്പെടുത്തിയ 'സഖാവ്' ജനപ്രിയമായതില്‍ അതിശയോക്തി ഉണ്ടായിരുന്നില്ല. നമ്മുടെ സാഹിത്യ ചരിത്രത്തിനു അതൊരു അപവാദമാണെന്ന്‌ തെല്ലും കരുതുന്നുമില്ല. പക്ഷേ കൈരളി ചാനലിലെ അഭിമുഖത്തില്‍, ചൊല്ലി കേട്ട വരികളുടെ പ്രമേയത്തെ രാഷ്ട്രീയമായി നഖശിഖാന്തം എതിര്‍ക്കുക തന്നെ ചെയ്യും. എന്നാല്‍ ഏതു ഹൃദയ വിചാരത്തിലും എഴുതാനുള്ള അവകാശം ഒരാള്‍ക്ക് മാത്രം നിഷേധിക്കുമെന്ന മട്ടിലുള്ള വിമര്‍ശനങ്ങളോട് വിയോജിച്ചു കൊണ്ട് തന്നെ.
 
തളം കെട്ടിയ ചളിക്കുണ്ട് പോലുള്ള കാലത്തെക്കുറിച്ചു കക്കാട് പാടിയത് 'പോത്ത്' എന്ന തന്റെ കവിതയിലൂടെ ആയിരുന്നു. ചലനാത്മകത ചോര്‍ന്നു പോകുമ്പോള്‍ കാലം ചാവുകയും പിന്നെ ചീയുകയും ചെയ്യും. ദുര്‍ഗന്ധത്തെ സുഗന്ധമെന്ന പോലെ സ്വംശീകരിക്കുന്ന 'പുരോഗമന'ചിത്തര്‍'ക്കു അവര്‍ ഏതു അവതാര വേഷം ചമഞ്ഞവരെങ്കിലും, ചളിയില്‍ കൊഴുത്തു മെയ് ആവോളം താഴ്ത്തി ആഹ്ലാദിക്കുന്ന 'പോത്ത്' പലവിധാവര്‍ത്തി പാരായണമര്‍ഹിക്കുന്നുണ്ട്.
 
ഏതൊരു കഥാകാരന്റെയും കവിയുടെയും സൃഷ്ടികളെ വിലയിരുത്തപ്പെടുക അവ ഉയര്‍ത്തുന്ന ആശയധാരയ്ക്കു അടിസ്ഥാനമായിട്ടാവും. അവിടെ റോലാന്‍ഡ് ബാര്‍ത്‌ പറഞ്ഞ പോലെ 'എഴുത്തുകാരന്റെ മരണം' അതെഴുതി കഴിയുമ്പോള്‍ തന്നെ സംഭവിക്കുന്നതും, ജീവിക്കുന്നത് അനുവാചക ലോകവുമാണ്. അത് കൊണ്ട് തന്നെ എഴുത്തുകാരന്‍ ആശയപരമായി ഏതു വിഭിന്ന ധ്രുവങ്ങളിലാവുമ്പോഴും കൃതികളിലുയരുന്ന പ്രമേയത്തിന്റെ രാഷ്ട്രീയ ശരിയോട്, മറ്റുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തി കൊണ്ട് തന്നെ ഐക്യദാര്‍ഢ്യപ്പെടുക സാധ്യമാണ്.
 
'കുഴിമാടത്തിലും ഞാന്‍ ഉണര്‍ന്നിരിക്കും' എന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ പ്രസ്താവനയെ എല്ലാ വിമര്‍ശനങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെ കമ്മ്യൂണിസ്റുകാരായവര്‍ക്കൊക്കെയും ഐക്യദാര്‍ഢ്യപ്പെടാന്‍ കഴിഞ്ഞത് അത് കൊണ്ടാണ്.
 
ചിന്നു അച്ചബെയും, മഹ്മൂദ് ദാര്‍വിഷുമൊക്കെ അപരിചിതരല്ലാത്ത ക്യാമ്പസുകള്‍ കുറ്റിയറ്റു പോവാതെയാവുന്നത് ഈ രാഷ്ട്രീയ നേരിന്റെ തിരിച്ചറിവ് SFIക്കു ഉള്ളത് കൊണ്ടാണ്. SFIയില്‍ ഫാസിസിസ്റ് സ്വഭാവമാരോപിച്ച കഥാകാരന്‍ എന്‍.എസ്‌. മാധവന്‍ തിരികെ അതേ പ്രസ്ഥാനത്തിന്റെ വേദിയില്‍ 'നമുക്ക് ജാതിയില്ല' പ്രഖ്യാപനത്തിന്റെ ആഘോഷത്തില്‍ ആവേശപൂര്‍വ്വം പങ്കെടുപ്പിച്ചത് വാക്കുകളിലെ രാഷ്ട്രീയ ശരികളുടെ തിരിച്ചറിവ് കൊണ്ട് തന്നെയായിരുന്നു.
 
അത് കൊണ്ട് തന്നെ ശരികള്‍ ഉയര്‍ത്തിക്കാട്ടപ്പെടുകയും തെറ്റുകള്‍ ഇകഴ്ത്തുകയും വഴി അനിവാര്യമായി നിര്‍വഹിക്കപ്പെടേണ്ട 'രാഷ്ട്രീയ അവബോധം' അഭംഗുരം തുടരുക തന്നെ ചെയ്യും.
Next Article