മലയാള സിനിമയിലെ നായികമാരില്‍ പലരും പത്രം വായിക്കാത്തവരും ചുറ്റും എന്ത് നടക്കുന്നു എന്ന് ബോധമില്ലാത്തവരുമാണെന്ന് മലയാളത്തിലെ തന്നെ ഒരു യുവ സൂപ്പര്‍താരമാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍, അങ്ങനെയല്ലെന്ന് തെളിയിക്കുകയാണ് യുവനടി സരയു. ഒരു തമാശയ്ക്ക് കഥയും കവിതയുമൊക്കെ എഴുതുന്ന താരങ്ങളുള്ള നമ്മുടെ നാട്ടില്‍ ഒരു പുസ്തകം തന്നെ എഴുതി വിപ്ലവം സൃഷ്ടിക്കുകയാണ് സരയു.
സരയുവിന്റെ പുസ്തകത്തിന്റെ പേര് - ‘കത്രിക്കടവ് വഴി കലൂര്‍’. സെപ്റ്റംബറില്‍ പുസ്തകം പ്രകാശനം ചെയ്യുമെന്നാണ് സരയു അറിയിക്കുന്നത്.
“കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഞാന്‍ എഴുതിയിട്ടുള്ള ചെറുകഥകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്റെ കുറച്ചു കവിതകളും നിങ്ങള്‍ക്ക് ഈ പുസ്തകത്തില്‍ വായിക്കാം” - സരയു പറയുന്നു.
കപ്പല്‍ മുതലാളി, ചേകവര്‍, സഹസ്രം, ഫോര്‍ ഫ്രണ്ട്സ്, കരയിലേക്ക് ഒരു കടല്‍ ദൂരം, നായിക, ജനപ്രിയന്, പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍, നിദ്ര, ഹീറോ തുടങ്ങിയവയാണ് സരയു അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ, ബാങ്കിംഗ് അവേഴ്സ് 10 ടു 4 എന്നിവയാണ് സരയുവിന്റെ വരാനിരിക്കുന്ന സിനിമകള്‍.
‘തീ കുളിക്കും പച്ചൈമരം’ എന്ന ചിത്രത്തിലൂടെ തമിഴകത്തും ഈ വര്‍ഷം അരങ്ങേറ്റം കുറിക്കുകയാണ് സരയു.