ഓര്‍മ്മയിലെ വസന്തകാലം

ചൊവ്വ, 28 ഓഗസ്റ്റ് 2012 (17:51 IST)
PRO
PRO
കേരളീയത വറ്റി കഴിഞ്ഞിട്ടില്ലാത്ത അന്‍പതുകളുടെ അവസാനത്തിലാണ് ഞാന്‍ പിറന്നത്. ഇന്ന് സങ്കല്‍പ്പത്തില്‍ കാണുന്ന സമ്പന്നമായ ഓണം യഥാര്‍ത്ഥത്തില്‍ അനുഭവിച്ചിട്ടുണ്ട് ഞാന്‍. നിറയെ പൂക്കളും സുഗന്ധവും നിറഞ്ഞ ഒരു ബാല്യം. ബോധത്തില്‍ വിഷാദത്തിന്റെ സ്പര്‍ശം പോലും അന്നുണ്ടയിരുന്നില്ല. പച്ച കനത്ത് നില്‍ക്കുന്ന പാടങ്ങളും എല്‍ പി സ്‌ക്കൂളിന്റെ ശീതളിമയും കുഞ്ഞ് സൌഹൃദങ്ങളുടെ തരളതയും കൊണ്ട് നിര്‍ഭരമായ ആ കാലമാണ് വസന്തം... പിന്നീട് ബസന്ത്‌, ആനന്ദ് കേദാര്‍ തുടങ്ങിയ ഹിന്ദുസ്ഥാനി രാഗങ്ങള്‍ ശ്രവിക്കുമ്പോള്‍ കുട്ടിക്കാലത്തിന്റെ പൂവിളികള്‍ ഓര്‍മയില്‍ പുലരാറുണ്ട്.

ഓണം ആനന്ദാനുഭവമാണ്. അതു കൊണ്ടാണ് ഓണം എന്ന ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ആഹ്ലാദത്തിന്റെ പൂത്തിരികള്‍ മനസ്സില്‍ ചിതറുന്നത്. ചിലര്‍ പറയാറുണ്ട് "എനിക്ക് എന്നും ഓണം അല്ലേയെന്ന്" അത് വെറും വാക്ക് മാത്രമാണ്. പക്ഷെ, ആ നിലയില്‍ എത്തുന്നതിനുള്ള ഒരു തന്ത്രമുണ്ട് അതത്രെ ആത്മ സാക്ഷാത്കാരം. ആത്മസാക്ഷത്ക്കാരം സിദ്ധിച്ചവന് ഓരോ നിമിഷവും ഓണമാണ്... ആനന്ദമാണ്.
PRO
വേണു വി ദേശം


ഓണത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഉഷമലരി, നന്ത്യാര്‍ വട്ടം, തുമ്പപ്പൂവ്, കോളാമ്പിപ്പൂവ്‌, കാക്കപ്പൂവ് തുടങ്ങിയ പൂക്കളുടെ നിറവും സൗരഭ്യവുമാണ് ഒര്‍മ്മയില്‍ ചിന്തുന്നത്.. പൂവിളികളുമായി കുട്ടിക്കാലത്തിന്റെ പുഷ്പവാടികളില്‍ അലഞ്ഞ് തിരിയുന്ന ദൃശ്യം അന്തരരങ്ങില്‍ തെളിയുന്നു.. മുതലാളിത്തത്തിന്റെയും സ്വാര്‍ത്ഥതയുടെയും ഭോഗ ഭൂമികയായി കഴിഞ്ഞ ഈ മനുഷ്യരില്‍ ഓണം ഇനി വീണ്ടെടുക്കാനാവുമോ?

വെബ്ദുനിയ വായിക്കുക