ഉള്ളൂര്‍ ജന്മദിനം

WDWD
ഇരുപതാം നൂറ്റാണ്ടിലെ മലയാള കവിതയില്‍ യുഗസൃഷ്ടാക്കളിലൊരാളായി നില്ക്കുന്ന ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ കവിയെന്നപോലെ തികഞ്ഞ പണ്ഡിതനുമായിരുന്നു.

ജനനം. 1877 ജൂണ്‍ 6 ന്. മരണം 1949 ജൂണ്‍ 15 ന്. ഉള്ളൂരിന്‍റെ സ്മരണക്കയി തിരുവനന്തപുരത്തെ ജഗതിയില്‍ സ്മാരക സമിതിയും മന്ദിരവുമുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ കുമാരനാശാന്‍, വള്ളത്തോള്‍ എന്നിവര്‍ക്കൊപ്പം
മലയാള കവിതക്ക് പ്രൗഢിയും ഓജസ്സും മുഖകാന്തിയും നല്ക്കുന്നതില്‍ ഉള്ളൂര്‍ വഹിച്ച പങ്ക് വലുതാണ്.

തിരുവനന്തപുരമാണ് വളര്‍ന്നതെങ്കിലും ചങ്ങനാശേരിയിലാണ് ഉള്ളൂര്‍ ജനിച്ചത്. തിരുവനന്തപുരത്തുനിന്ന് ബി.എ., ബി.എല്‍., എം.എ ബിരുദങ്ങള്‍ നേടി. സംസ്കൃതം, തമിഴ്, ഇംഗ്ളീഷ് ഭാഷകളില്‍ ഗാഢപാണ്ഡിത്യം. തിരുവിതാംകൂറിലെ ചീഫ് സെക്രട്ടറി, ദിവാന്‍ പേഷ്കാര്‍ എന്നീ പദവികള്‍ വഹിച്ചു.

പാണ്ഡിത്യം സംസ്കൃത ബാഹുല്യം ദാര്‍ശനികത പാരമ്പര്യ നിഷ്ഠ എന്നിവ ആദ്യകാല ഉള്ളൂര്‍ കവിതകളുടെ സവിശേഷതകളായിരുന്നു. ബൃഹത്തായ തത്വ ചിന്തകള്‍ അദ്ദേഹം ചെറു പദ്യങ്ങളിലും ശ്ളോകങ്ങളിലും പറഞ്ഞു വെച്ചു.

മലയാളകവിതക്ക് ശൈലീപരവും പദപരവുമായ പ്രൗഢി നല്‍കി. അപ്പോഴും കുട്ടികള്‍ക്കു വേണ്ടിയുള്ള കവിതകളും അദ്ദേഹം എഴുതിയിരുന്നു.

ഉറക്കം മതി ചങ്ങാതി
ഉത്ഥാനം ചെയ്തിടാമിനി
പിടിച്ചു തള്ളുമല്ലെങ്കില്‍
പിന്നില്‍ നിന്നു വരുന്നവന്‍ ....

വിത്തമെന്തിനു മര്‍ത്ത്യനു
വിദ്യ കൈവശമാവുകില്‍
വെണ്ണയുണ്ടെങ്കില്‍ നറു നെയ്
വേറിട്ടു കരുതേണമോ?

തുടങ്ങി മലയാളി എക്കാലവും ഓര്‍ക്കുന്ന ലളിത പദ്യങ്ങളും ഉള്ളൂരിന്‍റേതായി ഉണ്ട്.

WD
ഉള്ളൂര്‍ കൃതികള്‍

സുജാതോദ്വാഹം (ചമ്പു); ഉമാകേരളം (മഹാകാവ്യം); വഞ്ചീശഗീതി, ഒരു നേര്‍ച്ച, ഗജേന്ദ്രമോക്ഷം, മംഗളമഞ്ജരി, കര്‍ണ്ണഭൂഷണം, പിങ്ഗള, ചിത്രശാല, ചിത്രോദയം, ഭക്തിദീപിക,മിഥ്യാപവാദം,ദീപാവലി, ചൈത്രപ്രഭാവം, ശരണോപഹാരം (ഖണ്ഡകാവ്യങ്ങള്‍); കാവ്യചന്ദ്രിക, കിരണാവലി, താരഹാരം, തരംഗണി, മണിമഞ്ജുഷ, ഹൃദയകൗമുദി,
രത്നമാല, അമൃതധാര, കല്പനശാഖി, തപ്തഹൃദയം (കവിതാസമാഹാരങ്ങള്‍); വിജ്ഞാനദീപിക -നാല് വാല്യം കേരളസാഹിത്യചരിത്രം -ഏഴ് വാല്യം (വൈജ്ഞാനികസാഹിത്യം).

"കേരളസാഹിത്യചരിത്രം' ഉള്‍പ്പെടെയുള്ള വൈജ്ഞാനികകൃതികളും ഗവേഷണം ചെയ്തു കണ്ടെത്തി അവതരിപ്പിച്ച പ്രാചീനകൃതികളും ഉള്ളൂരിന്‍റെ പണ്ഡിത വ്യക്തിത്വത്തിനും ഭാഷാസേവനത്തിനും തെളിവാണ്.

വേണ്ടത്ര പഠനവും ഗവേഷണവും നടത്തി ഉള്ളൂര്‍ രചിച്ച മലയാള സഹിത്യ ചരിത്രം മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യ ചരിത്ര ഗ്രന്ഥമാണ്.

WD
പ്രേമസംഗീത

ഉള്ളൂരിന്‍റെ കാവ്യജീവിതത്തില്‍ നിയോക്ളാസിക് എന്നും, കാല്പനികം എന്നും വേര്‍തിരിക്കാവുന്ന രണ്ടു ഘട്ടങ്ങളുണ്ട്.1920 നു ശേഷമാണ് ഉള്ളൂരിന്‍റെ കാല്പനികമുഖം തെളിയുന്നത്.

ഈ ഘട്ടത്തില്‍ രചിച്ച "മണിമഞ്ജുഷ' (1933) യിലെ രചനയാണ്:"പ്രേമസംഗീതം'. അതിന്‍റെ തുടക്കം:

ഒരൊറ്റ മതമുണ്ടുലകിന്നുയിരാം
പ്രേമം; അതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും
പാര്‍വണ ശശിബിംബം

ഭക്ത്യനുരാഗദയാദിവപുസ്സാ-
പ്പരമാത്മചൈതന്യം
പലമട്ടേന്തി പാരിതിനെങ്ങും
പ്രകാശമരുളുന്നു.

അതിന്നൊരരിയാം നാസ്തിക്യം താന്‍
ദ്വേഷം;ലോകത്തി
ന്നഹോ!തമസ്സമതിലിടപെട്ടാ-
ലകാല മൃത്യു ഫലം

മാരണദേവതയാമതു മാറ്റും
മണവറ പട്ടടയായ്,
മടുമലര്‍ വാടിക മരുപ്പറമ്പായ്,
വാനം നാരകമായ്.