2014 ലോക്സഭാ തെരഞ്ഞെടുപ്പ് എൽഡിഎഫിന് വളരെ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. നാട്ടുകാരനല്ലായിരുന്നിട്ടും യൂത്ത് കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് സിറ്റിംങ് എംപിയായ ടി കരുണാകരനെ വെള്ളം കുടിപ്പിച്ച മണ്ഡലം. ചില്ലറ വോട്ടുകൾക്കാണ് അന്ന് കരുണാകരൻ ജയിച്ചു കയറിയത്. എന്നാൽ 2009 ലെ തെരഞ്ഞെടുപ്പിനും അതിനു മുൻപുണ്ടായ തെരഞ്ഞെടുപ്പിലും എൽഡിഎഫിന് മികച്ച വിജയമാണ് കാസർഗോട് മണ്ഡലത്തിൽ നിന്നുണ്ടായത്.
പെരിയയിലെ ഇരട്ടകൊലപാതകത്തെ തുടർന്ന് സിപിഎമ്മിന് എതിരായുണ്ടായ ജനവികാരം വോട്ടായി മാറുമെന്നാണ് രാജ്മോഹൻ ഉണ്ണിത്താനും യുഡിഎഫും കരുതുന്നത്. മഞ്ചേശ്വരത്തും കാസർഗോടും രണ്ടാം സ്ഥാനത്ത് എത്താറുള്ള എൻഡിഎയും പ്രതീക്ഷയിൽ തന്നെയാണ്. ഓരോ തെരഞ്ഞെടുപ്പിലും കൂടുന്ന എൻഡിഎ വോട്ടു വിഹിതം ഇത്തവണ എങ്ങനെ പ്രതിഫലിക്കും എന്ന് കണ്ട് തന്നെ അറിയണം.