'വിജയ് സങ്കൽപ് യാത്ര'; മോദി ഇന്ന് കേരളത്തിൽ, അമ്പതിനായിരം പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ബിജെപി

വെള്ളി, 12 ഏപ്രില്‍ 2019 (08:12 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്ന വിജയ് സങ്ക‌ൽപ്പ് യാത്രയുടെ തുടക്കം കുറിക്കാനാണ് മോദി എത്തുന്നത്. വൈകുന്നേരം കോഴിക്കോട് ബീച്ചിലാണ് പരിപാടി.
 
പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തുന്ന മോദി റോഡ് മാർഗം ബീച്ചിലെത്തും. എൻഡിഎ നേതാക്കൾക്ക് പുറമേ, കഴിഞ്ഞ ദിവസം മുന്നണിയിൽ ചേർന്ന പിസി ജോർജും മോദിയെ സ്വീകരിക്കാനെത്തും. പരിപാടിയിൽ അമ്പതിനായിരം പ്രവർത്തകരെ പങ്കെടുപ്പിക്കാനാണ് എൻഡിഎ പദ്ധതിയിടുന്നത്.
 
കുമ്മനം രാജശേഖരൻ മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലും മോദി പ്രചാരണം നടത്തുന്നുണ്ട്.വൈകുന്നേരം ഏഴിനാണ് തിരുവനന്തപുരത്തെ പരിപാടി. തൃശ്ശൂരിലും കൊല്ലത്തും അടുത്തിടെ ബിജെപി പരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിയുടെ ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും കേരളത്തിലെത്തുന്നുണ്ട്.
 
കേന്ദ്രമന്ത്രിമാരയ സ്മൃതി ഇറാനിയും ആർകെ സിംഗും ഒൻപതിനും സുഷമാ സ്വരാജ് 11നും രാജ്നാഥ് സിങ് 13നും നിതിൻ ഗഡ്കരി 15നും നിർമ്മല സീതാരാമൻ 16നും പീയുഷ് ഗോയൽ 19നും മുഖ്താർ അബ്ബാസ് നഖ്‌വി 20നും കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 21നും കർണ്ണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ എട്ടിനും സംസ്ഥാനത്ത് പര്യടനം നടത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍