മാവോയിസ്റ്റുകൾ തട്ടിക്കൊണ്ട് പോകാൻ സാധ്യത; സുനീറിനും തുഷാറിനും സുരക്ഷ ശക്തമാക്കി

ശനി, 13 ഏപ്രില്‍ 2019 (11:40 IST)
വയനാട്ടിലെ സ്ഥാനാർത്ഥികൾക്ക് മാവോയിസ്റ്റു ഭീഷണിയുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. സ്ഥാനാർത്ഥികളെ തട്ടികൊണ്ടു പോകാനൊ പ്രചരണ സ്ഥലത്ത് അക്രമം ഉണ്ടാക്കാനോ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
 
സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി പി സുനീറിനും എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്കും സുരക്ഷ ശക്തമാക്കാൻ നിർദേശം ലഭിച്ചിട്ടുണ്ട്. ഇരുവർക്കും ഉടനെ പേഴ്‌സണൽ ഗണമാൻമാരെ നിയമിക്കും. വനാതിർത്തിയിൽ രാഷ്ട്രീയപാർട്ടികൾ പ്രചാരണം നടത്തുമ്പോൾ സുരക്ഷ നൽകണമെന്ന് പൊലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശവും നൽകി.
 
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ജില്ലയിൽ സജീവമായതിന് പിന്നാലെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റുകൾ പലയിടത്തും പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു. ഇതേ തുടർന്ന് മാവോയിസ്റ്റ് മേഖലകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. ഇതിനിടയിലാണ് സ്ഥാനാർഥികളെ മാവോയിസ്റ്റുകൾ ലക്ഷ്യമിടുന്നുണ്ടെന്ന ഇൻറലിജൻസ് റിപ്പോർട്ട് പൊലീസിന് ലഭിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍