ചുറ്റും മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍, വെള്ളച്ചാട്ടങ്ങളും പുല്‍മേടുകളും അപൂര്‍വ്വ ഔഷധസസ്യങ്ങളും അങ്ങനെ പ്രകൃതിയുടെ സകല രൂപഭാവങ്ങളും നിറഞ്ഞു നില്‍ക്കുന്നതാണ് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളിലുമായി വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടത്തിലെ അഗസ്ത്യാര്‍കൂടം. നിരവധിയായ പക്ഷിമൃഗാദികളുടെയും സസ്യജാലങ്ങളുടെയും കേന്ദ്രം കൂടിയാണ് അഗസ്ത്യാര്‍മല.
ഈയടുത്ത് അഗസ്ത്യാര്‍മലയ്ക്ക് യുനെസ്‌കോയുടെ സംരക്ഷിത ജൈവമണ്ഡല പദവി കൂടി ലഭിച്ചതോടെ ഈ മലനിരകള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. അഗസ്ത്യാര്‍മല ഉള്‍പ്പടെ ലോകത്തെ 20 അപൂര്‍വജൈവ മേഖലകളെയാണ് ഐക്യരാഷ്‌ട്രവിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക സംഘടന - യുനെസ്‌കോ സംരക്ഷിത ജൈവമണ്ഡല ശൃംഖലയുടെ ഭാഗമായി പ്രഖ്യാപിച്ചത്. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ പത്താമത്തെ ജൈവമണ്ഡലമാണ് അഗസ്ത്യാര്‍മല.
പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ മാര്‍ച്ച് 19ന് നടന്ന ഇന്റര്‍നാഷണല്‍ കോ - ഓര്‍ഡിനേറ്റിങ് കൗണ്‍സിലിന്റെ രണ്ട് ദിവസത്തെ യോഗത്തിലാണ് അഗസ്ത്യാര്‍മല ഉള്‍പ്പടെ 20 വനമേഖലകളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 120 രാജ്യങ്ങളിലെ 669 ബയോസ്ഫിയര്‍ റിസര്‍വുകളില്‍ നിന്നാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. പുതുതായി ഉള്‍പ്പെടുത്തിയവയില്‍ ഒന്ന് സ്‌പെയിനും പോര്‍ച്ചുഗലും പങ്കുവെയ്ക്കുന്ന വനമേഖലയാണ്.
ഉഷ്ണമേഖലാ വനപ്രദേശമായ ഇവിടെയുള്ള 2254 ഇനം ചെടികളില്‍ 400-ഓളം ചെടികള്‍ വംശനാശ ഭീഷണി നേരിടുന്നതാണെന്ന് യുനെസ്‌കോ ചൂണ്ടിക്കാണിക്കുന്നു. ശെന്തുര്‍ണി, പേപ്പാറ, നെയ്യാര്‍ വന്യമൃഗ സങ്കേതങ്ങളും കളക്കാട് മുണ്ടന്‍തുറൈ കടുവ സംരക്ഷണ കേന്ദ്രവും അഗസ്ത്യാര്‍മലയുടെ ഭാഗമായുണ്ട്. ആന, പുലി, കാട്ടുപോത്ത്, കരടി, കരിങ്കുരങ്ങ്, കേഴമാന്‍ തുടങ്ങി പലതരം വന്യ ജീവികളുടെയും ആവാസ മേഖലയാണ് ഈ മലനിരകള്‍. ഇതുകൂടാതെ തങ്കയ്യന്‍ വെച്ച കോവില്‍, കരമനയാറ്, വാഴപീന്തിയാറ്, അട്ടയാറ് തുടങ്ങി നിരവധി വെള്ളച്ചാട്ടങ്ങളും അഗസ്ത്യാര്‍മലയുടെ ഭാഗമാണ്.
337ഓളം പക്ഷികളും അവയുടെ ഉപവര്‍ഗങ്ങളും 79ഓളം സസ്തനികളും അഗസ്ത്യാര്‍മലനിരകളില്‍ ഉണ്ട്. ഇന്ത്യയിലെ മറ്റു വനമേഖലയില്‍ കാണാത്ത ഇനങ്ങളും ഇതില്‍ ഉള്‍പ്പെടും. 88തരം ഉരഗങ്ങളും 45ഓളം ഉഭയ ജീവികളും 46ഓളം മത്സ്യങ്ങളും അവയുടെ ഉപവര്‍ഗങ്ങളും അഗസ്ത്യാര്‍മലനിരകളുടെ ഭാഗമാണ്.
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 1800 മീറ്റര്‍ ഉയരത്തിലാണ് അഗസ്ത്യാര്‍മല സ്ഥിതി ചെയ്യുന്നത്. വംശനാശ ഭീഷണി നേരിടുന്ന വിവിധ ജീവജാലങ്ങളുടെയും കലവറയാണ് അഗസ്ത്യാര്‍മലയും അതിനു ചുറ്റുമുള്ള സംരക്ഷിത വനമേഖലയും. ഹിന്ദുപുരാണത്തിലെ സപ്തർഷികളിൽ ഒരാളായ അഗസ്ത്യമുനിയുടെ പേരില്‍ നിന്നാണ് അഗസ്ത്യാര്‍മല എന്ന പേര് ഈ മേഖലയ്ക്ക് വന്നത്. മലമുകളിലുള്ള അഗസ്ത്യ മുനിയുടെ പൂർണ്ണകായപ്രതിമയില്‍ പൂജകളും മറ്റും ഇവിടെ വരുന്ന ഭക്തര്‍ നടത്താറുണ്ട്.