സുജാത സിംഗിനെ മാറ്റിയതിനെതിരെ കോണ്‍ഗ്രസ്

വ്യാഴം, 29 ജനുവരി 2015 (11:40 IST)
ഇന്ത്യയുടെ വിദേശകാര്യസെക്രട്ടറി സുജാത സിംഗിനെ മാറ്റിയതിനെതിരെ കോണ്‍ഗ്രസ്. യു എസ് പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യാസന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ ഉടന്‍ തന്നെ വിദേശകാര്യ സെക്രട്ടറിയെ മാറ്റിയത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. 
 
സര്‍ക്കാരിന്റേത് തെറ്റായ നടപടിയാണ്. സുജാത സിംഗിനെ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാന്‍ ബരാക് ഒബാമ വന്നു മടങ്ങുന്നതു വരെ കാത്തിരുന്നത് എന്തിനാണെന്ന് വ്യക്തമാക്കണെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു. 
 
വിവാദങ്ങള്‍ തുടരുന്നതിനിടെ ഡോ ജയശങ്കര്‍ വിദേശകാര്യസെക്രട്ടറിയായി ചുമതലയേറ്റു. സര്‍വ്വീസില്‍ നിന്നു വിരമിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ജയശങ്കറിന്റെ ഈ പുതിയ സ്ഥാനലബ്‌ധി. സെക്രട്ടറിക്ക് രണ്ടുവര്‍ഷം സ്ഥിരം കാലാവധിയുണ്ടായിരിക്കേ വിരമിച്ച ശേഷവും ജയശങ്കറുടെ സേവന കാലാവധി നീട്ടി നല്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .
 
ഇതിനിടെ, സുജാത സിംഗിനെ നീക്കിയതില്‍ വിവാദത്തിന്റെ കാര്യമില്ലെന്ന വാദവുമായി ചില ബി ജെ പി നേതാക്കളും രംഗത്തെത്തി.

വെബ്ദുനിയ വായിക്കുക