സംസ്ഥാനത്ത് കോളറ മരണമെന്ന് സംശയം; തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചു

രേണുക വേണു

ചൊവ്വ, 9 ജൂലൈ 2024 (11:46 IST)
തിരുവനന്തപുരത്ത് യുവാവ് മരിച്ചത് കോളറ മൂലമെന്ന് സംശയം. നെയ്യാറ്റിന്‍കരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ അന്തേവാസിയായ അനു (26) കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇയാള്‍ക്ക് കോളറയായിരുന്നെന്നാണ് സംശയം. അനുവിന്റെ സ്രവ സാംപിള്‍ പരിശോധിക്കാന്‍ സാധിക്കാത്തതിനാല്‍ രോഗം സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല. 
 
അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടികളില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അനുവിന്റെ മരണം കോളറ മൂലമാണെന്ന സംശയം ഉടലെടുത്തിരിക്കുന്നത്. അനുവിനും കോളറ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഭിന്നശേഷി ഹോസ്റ്റലിലെ പത്ത് വയസുകാരനാണ് ഇപ്പോള്‍ കോളറ സ്ഥിരീകരിച്ചിരിക്കുന്നത്. ഹോസ്റ്റലിലെ പത്ത് പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. 
 
സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസത്തിനിടെ ഒന്‍പത് പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. ഒടുവിലായി 2017 ലാണ് സംസ്ഥാനത്ത് കോളറ മരണം സ്ഥിരീകരിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍