ചാലക്കുടിയില്‍ തോട്ടം പാട്ടത്തിനെടുത്ത അങ്കമാലി സ്വദേശിയായ രാജീവ് വധക്കേസിൽ അഡ്വക്കേറ്റ് സി പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഉദയഭാനുവിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഉദയഭാനുവിനെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഈ കേസിലെ അഞ്ചാം പ്രതിയായ ചക്കര ജോണിയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകളും ഉദയഭാനുവിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന്റെ തെളിവാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ജസ്റ്റിസ് എ ഹരിപ്രസാദിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. കീഴടങ്ങുന്നതിനായി കുറച്ച് സമയം അനുവദിക്കണമെന്ന ഉദയഭാനുവിന്റെ അഭിഭാഷന്റെ ആവശ്യവും കോടതി തള്ളി. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള പ്രൊസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം ഉണ്ടെങ്കില്‍ പൊലീസ് തടസ്സമൊന്നുമില്ലെന്നും വ്യക്തമാക്കി. ഇത്തരമൊരു ഘട്ടത്തില്‍ മുന്‍ കൂര്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
അതേസമയം, രാജീവിന്റെ കൊലപാതകത്തില്‍ ഉദയഭാനുവിന് പങ്കില്ലെന്നും കേസില്‍ അദ്ദേഹത്തെ ബോധപൂര്‍വം കുടുക്കാനാണ് പൊലീസിന്റെ ശ്രമമെന്നുമാണ് ഉദയഭാനുവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. നിലവില്‍ ആ കേസിലെ ഏഴാം പ്രതിയാണ് ഉദയഭാനു.