റിയല്‍എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകം: അഡ്വ സി പി ഉദയഭാനു ഏഴാം പ്രതി

തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (12:43 IST)
ചാലക്കുടിയില്‍ തോട്ടം പാട്ടത്തിനെടുത്ത അങ്കമാലി സ്വദേശിയായ രാജീവ് വധക്കേസിൽ അഡ്വക്കേറ്റ് ഉദയഭാനു ഏഴാം പ്രതി. ഈ റിപ്പോർട്ട് മുദ്രവച്ച കവറിൽ പൊലീസ് കോടതിക്ക് കൈമാറി. സംസ്ഥാനത്തെ ഒരു പ്രമുഖ അഭിഭാഷകനും നിയമ പോരാട്ടത്തിന്റെ എല്ലാ തഴക്കങ്ങളും പഴക്കങ്ങളും കൈമുതലായ വ്യക്തിയുമായതിനാൽ കൃത്യമായ തെളിവ് ശേഖരിച്ചതിന് ശേഷമായിരുന്നു അന്വേഷണസംഘം ഉദയഭാനുവിനെ പ്രതി ചേർത്തത്.
 
രാജീവിന്റെ അങ്കമാലിയിലുള്ള വീട്ടിൽ ഉദയഭാനു നിരവധി തവണ വന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. രാജീവിനെ കാണാതായ ശേഷം അയാള്‍ അബോധാവസ്ഥയിൽ വാടകവീട്ടിലുണ്ടെന്ന വിവരം ഉദയഭാനു പൊലീസിനെ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു. ഇത് റെക്കോര്‍ഡ് ചെയ്തതും ഉദയഭാനുവിനെതിരായ തെളിവായി മാറി.
 
വസ്തു ഇടപാടുകള്‍ ആരംഭിച്ചതോടെ രാജീവും ഉദയഭാനുവും നല്ല സുഹൃത്തുക്കളായി മാറിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. അങ്കമാലിയിലെ രാജീവിന്റെ വീട്ടിൽ നിത്യസന്ദർശകനായിരുന്നു ഉദയഭാനുവെന്നും പൊലീസ് പ്പറഞ്ഞു. എന്നാല്‍ കുറച്ചുകാലങ്ങള്‍ക്ക് ശേഷം വസ്തു ഇടപാടിനെ ചൊല്ലി തര്‍ക്കമുണ്ടായതോടെയാണ്  ഉദയഭാനുവുമായി രാജീവ് തെറ്റിയതെന്നും പൊലീസ് പറയുന്നു.
 
രാജീവിനെ പ്രതികൾ തട്ടിക്കൊണ്ടു വന്നത് ഉദയഭാനുവിനും കൂടി വേണ്ടിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ  പൊലീസ് വ്യക്തമാക്കിയിരുന്നത്. പ്രതികള്‍ നല്‍കിയ മൊഴിയിലും ഉദയഭാനുവിന്റെ പങ്കിനെ കുറിച്ച് വ്യക്തമായി. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള നാല് പ്രതികളെയും ഇവരെ കൃത്യത്തിന് നിയോഗിച്ച ചക്കര ജോണി, രഞ്ജിത്ത് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍