ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർ കൂടുതൽ കുരുക്കിലേക്ക്. ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന സമരം ഇരുപതു ദിവസം പിന്നിട്ടിരിക്കുകയാണ്. നിരവധി പാർട്ടി സംഘടനകളും വിദ്യാർത്ഥികളെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ.
ബി ഉണ്ണികൃഷ്ണന്റെ വാക്കുകളിലൂടെ:
പഠിപ്പിക്കുന്ന വിദ്യാർത്ഥികളൊന്നടങ്കം "ഒന്ന് മാറി നിൽക്കൂ" എന്ന് പറയുംമ്പോൾ, ദീപ്തമായ ശാന്തതയോടെ മാറിന്നുകൊണ്ട്, " നിങ്ങളൂടെ ഇഷ്ടം നടക്കട്ടെ" എന്ന് പറയുന്ന ഒരദ്ധ്യാപികയെ തീർച്ചയായും ആദരവോടെ മാത്രമേ പൊതുസമൂഹം കാണൂ. മറിച്ച്, "നിങ്ങളെന്തുപറഞ്ഞാലും ഞാനൊഴിഞ്ഞു പോകില്ല, നിങ്ങളെയെല്ലാം ഭരിച്ച് ഞാനൊരുവഴിയാക്കിവിടുമെന്ന്" ശഠിക്കുന്ന ധാർഷ്ട്യത്തിന് കുമിളയുടെ ആയുസ്സേയുള്ളൂ എന്ന് മാഡം ലക്ഷ്മി നായർ മനസ്സിലാക്കണം.
കോടതിയിൽ നിന്നുത്തരവ് വാങ്ങി നിങ്ങൾക്ക് സമരപന്തലുകൾ പൊളിക്കാം, കോളേജിന്റെ വാതിലുകൾ തുറന്നിടാം. പക്ഷേ, വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന്റേയും പ്രതിരോധത്തിന്റേയും അഗ്നിയെക്കെടുത്താൻ നിയമത്തിലൊരു വകുപ്പുമില്ല, ശ്രീമതി നായർ. കോടതിയിലെ ജയമൊന്നുമൊരു ജയമല്ല, മാഡം. സത്യത്തിൽ, ഈ ധർമ്മസമരത്തിൽ നിങ്ങളെന്നേ തോറ്റുപോയിരിക്കുന്നു. Your current recipe's gone sour, so stop cooking.