മമ്മൂട്ടി, മോഹന്‍ലാല്‍ ഫാന്‍സ് വെറുതെയിരുന്നാല്‍ മതി; ഭൈരവയും സിങ്കം 3യും യൂത്ത് കോണ്‍ഗ്രസ് തടയും!

ബുധന്‍, 4 ജനുവരി 2017 (17:07 IST)
സിനിമാസമരം അനിശ്ചിതമായി തുടരുന്നതിനെതിരെ കഴിഞ്ഞ ദിവസം നടന്‍ മണിയന്‍‌പിള്ള രാജു പറഞ്ഞ ഡയലോഗ് വന്‍ ഹിറ്റായിരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ഫാന്‍സാണ് ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ടതെന്നായിരുന്നു രാജുവിന്‍റെ അഭിപ്രായം. മലയാള സിനിമ പ്രദര്‍ശിപ്പിക്കാതെ തമിഴ്, ഹിന്ദി സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന സാഹചര്യത്തിനെതിരെയായിരുന്നു രാജുവിന്‍റെ വിമര്‍ശനം.
 
എന്തായാലും ഇളയദളപതി വിജയുടെ ഭൈരവയും സൂര്യയുടെ സിങ്കം 3യും കേരളത്തില്‍ കളിക്കുന്നത് തടയാന്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ഫാന്‍സിന് അവസരം കൊടുക്കില്ലെന്ന നിലപാട് യൂത്ത് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. മലയാള സിനിമകളുടെ റിലീസ് അനുവദിക്കാതെ ഇതരഭാഷാ ചിത്രങ്ങള്‍ കേരളത്തിലെ തിയറ്ററുകളില്‍ റിലീസ് ചെയ്താല്‍ പ്രദര്‍ശനം തടസ്സപ്പെടുത്തുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.
 
മലയാള സിനിമകള്‍ വേണ്ടെന്നുവച്ചുകൊണ്ട് മറ്റ് ഭാഷകളിലുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കാമെന്ന് ആരും വ്യാമോഹിക്കരുതെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് പറഞ്ഞിരിക്കുന്നത്. സിനിമാസമരം ഒത്തുതീര്‍പ്പാക്കാത്തത് സര്‍ക്കാരിന്‍റെ പിടിപ്പുകേടാണെന്നും നിഷ്ക്രിയമായ നിലപാടാണ് വകുപ്പുമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും ഡീന്‍ ആരോപിച്ചു.

വെബ്ദുനിയ വായിക്കുക