പിസി ജോര്‍ജിന്റെ പേരെടുത്ത് പറയാതെയാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ദീപാ നിശാന്തിന്റെ വിമര്‍ശനം. പിസി ജോര്‍ജ് നടത്തിയ പ്രസ്താവനയും ചിത്രവും പോസ്റ്റിനൊപ്പമുണ്ട്. ‘ഇരയായ പെണ്‍കുട്ടികള്‍ക്ക് ആത്മഹത്യ വിധിക്കുന്ന ഒരു സമൂഹത്തിലാണ് കരളുറപ്പോടെ ഒരു പെണ്‍കുട്ടി താന്‍ നേരിട്ട പീഡനത്തെപ്പറ്റി ഉറക്കെ വിളിച്ചു പറഞ്ഞത്.
ആഹ്ളാദം നിറഞ്ഞ ഒരു ലോകത്തു നിന്ന് അവളെ ആട്ടിയകറ്റാന്‍ ശ്രമിച്ചവരുടെ അഹന്തയ്ക്ക് ഏറ്റ ഒരു പ്രഹരം തന്നെയായിരുന്നു അത്. തലയോടു കൊണ്ട് പേപ്പര്‍ വെയിറ്റുണ്ടാക്കി രസിക്കുന്ന ഹിറ്റ്ലറിന്റെ മനോവൈകൃതമാണ് ചില ആളുകള്‍ക്ക്. നിങ്ങള്‍ അത്തരത്തിൽ രസിക്കൂ എന്നും ദീപ പറയുന്നു. പക്ഷേ ഇടയ്ക്ക് മുഖമൊന്ന് പരതി നോക്കണം. ഉണങ്ങാതെ പറ്റിപ്പിടിച്ചു കിടപ്പുണ്ടാകും നിങ്ങളുടെ മുഖത്ത് പെണ്ണുങ്ങൾ നീട്ടിത്തുപ്പിയ കഫക്കട്ടകള്‍‘ - ദീപാ നിശാന്ത് പറയുന്നു.
യുവസംവിധായകൻ ആഷിഖ് അബുവും പിസി ജോർജിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. നാലഞ്ചുപേര്‍ ഒന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോ തോക്കെടുത്ത 'ധൈര്യശാലി 'യായ ജനപ്രതിനിധിയാണ് ശ്രീമാന്‍ ജോര്‍ജ് എന്ന് ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു. ആ തോക്ക് അദ്ദേഹം താഴെ വെക്കാറില്ല, ടി വി ക്യാമറക്ക് മുന്നിലും കവലകളിലും സാമൂഹ്യ മാധ്യമങ്ങളിലും 'തോക്ക് ' നിരന്തരം, നിർലോഭം നിറയൊഴിച്ചുകൊണ്ടിരിക്കുന്നു. കാത്തിരിക്കുക തന്നെ എന്നാണ് ആഷികിന്റെ പോസ്റ്റ്.