പരവൂർ വെടിക്കെട്ട് അപകടത്തിലെ ക്ഷേത്ര ജീവനക്കാരുള്‍പ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ക്ഷേത്ര ഭാരവാഹികളും കരാറുകാരും ഉൾപ്പെടെ 40 പേരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്. പ്രതികൾക്കെതിരെ ചുമത്തിയ കൊലക്കുറ്റം നിലനിൽക്കുമോ എന്ന കാര്യം തീരുമാനിക്കേണ്ടത് വിചാരണ കോടതിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ആചാരങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ടുകള്‍ നിരോധിക്കണം. ഒരു മതവും ഇത്തരം ആചാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. പരവൂരിലുണ്ടായത് യാദൃശ്ചിക അപകടമല്ല. സംഭവത്തിൽ പൊലീസിന് വീഴ്ചപറ്റി. പൊലീസ്-റവന്യു ഉദ്യോഗസ്ഥർ നിയമം കൃത്യമായി പാലിച്ചിരുന്നെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നുയെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം ദുരന്തത്തിന് ഒരു മാസം മുമ്പ് വെടിമരുന്ന് വിൽപന നടത്തിയ രണ്ട് പേര്‍ക്ക് കോടതി ജാമ്യം അനുവധിച്ചു. അപകടവുമായി നേരിട്ട് ബന്ധമില്ലാത്തതിനാലാണ് ഇരുപത്തിയെട്ടാം പ്രതിയായ ജിബു, ഇരുപത്തിയൊന്‍പതാം പ്രതി സലിം എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചത്.