കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയില്‍ എത്തിയിരിക്കുകയാണ്. ആദ്യത്തെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ജാമ്യ ഹര്‍ജി നല്‍കാന്‍ ദിലീപ് വിഭാഗം തയ്യാറായത്.
താന്‍ ജയിലിലായാല്‍ കരാര്‍ നല്‍കിയിരിക്കുന്ന സിനിമകള്‍ക്ക് അത് നഷ്ടമാകുമെന്നും മലയാള സിനിമയില്‍ അത് അന്‍പത് കോടിയുടെ പ്രതിസന്ധി ഉണ്ടാക്കുമെന്നും താരം ഹര്‍ജിയില്‍ പറയുന്നു. തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്നും ഇതിനായി അവര്‍ മാധ്യമങ്ങളെയും പൊലീസിനെയും രാഷ്ട്രീയനേതാക്കളെയും സ്വാധീനിച്ചുവെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു. ഷൂട്ടിങ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ തന്റെ ചിത്രങ്ങള്‍ മുഴുവന്‍ പ്രതിസന്ധിയിലായിരിക്കുകയാണെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.
അതോടൊപ്പം, അറസ്റ്റ് ചെയ്ത സമയത്ത് താരം പറഞ്ഞ നിലപാടില്‍ തന്നെയാണ് ഇപ്പോഴും. കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ അറിയില്ലെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. ഇന്ന് നല്‍കിയ ജാമ്യാപേക്ഷയിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പള്‍സര്‍ സുനിയെ മുഖപരിചയം പോലുമില്ല. അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചുവെന്നും അപേക്ഷയില്‍ പറയുന്നു. അഡ്വ. രാമന്‍ പിള്ളയാണ് ദിലീപിനായി കോടതിയിൽ ജാമ്യാപേക്ഷ നല്‍കിയത്.