ജാതി അധിക്ഷേപം നേരിട്ട രണ്ട് യുവതികളെ സിപിഎമ്മിന്റെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടച്ചു; അമ്മക്കൊപ്പം ജയിലില്‍ ഒന്നരവയസുകാരിയും

Webdunia
ശനി, 18 ജൂണ്‍ 2016 (12:47 IST)
സി പി ഐ എം ഓഫീസ് ആക്രമിച്ചെന്ന പരാതിയില്‍ യുവതികളെ കോടതി റിമാന്റ് ചെയ്തു. ഐ എന്‍ ടി യു സി സംസ്ഥാന സെക്രട്ടറി എന്‍ രാജന്റെ മക്കളായ അഖില, അഞ്ജന, അഖിലയുടെ മകള്‍ എന്നിവരാണ് ജയിലിലായത്. മൊഴിയെടുക്കാനെന്ന പേരില്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ഇവരെ പിന്നീട് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
 
കോടതിയില്‍ ഹാജരാക്കിയ ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. അഖില ഒന്നര വയസുള്ള കൈക്കുഞ്ഞിനൊപ്പമാണ് ജയിലിലേക്ക് പോയത്. കുട്ടിമാക്കൂലില്‍ സി പി എം ബ്രാഞ്ച് ഓഫീസില്‍ അതിക്രമിച്ചുകടന്ന് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രാജുവിന്റെ മക്കള്‍ക്കെതിരെ ഉള്ള കേസ്. നിരന്തരമായി ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും അച്ഛനെ നിരന്തരം മര്‍ദ്ദിക്കുകയും ചെയ്യുന്നതിനെ കുറിച്ച് ചോദിക്കാനായി ചെന്ന ഈ രണ്ട് പെണ്‍കുട്ടികളും സി പി ഐ എം ഓഫീസിനകത്തു കയറി പാര്‍ട്ടി പ്രവര്‍ത്തകനായ ഷിജിനെ മര്‍ദ്ദിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി.
 
ഇവര്‍ക്കെതിരെ ഈ യുവതികളും പൊലീസില്‍ പരാതി നല്‍കി. തങ്ങള്‍ക്കെതിരേയുള്ള നിരന്തരപരിഹാസങ്ങള്‍ കേട്ട് പൊറുതിമുട്ടിയതാണ് പ്രതികരിക്കാന്‍ കാരണമെന്ന് യുവതികള്‍ വ്യക്തമാക്കി. ഈ സംഭവത്തിന് ശേഷം രാജന്റെ വീടും കാറും ആക്രമിക്കുകയും രാജനേയും പെണ്‍മക്കളേയും സി പി ഐ എം പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഈ സംഭവത്തില്‍ മൂന്ന് സി പി ഐ എം പ്രവര്‍ത്തകര്‍ പട്ടികജാതി,പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.
 
സാധാരണ കേസെന്ന നിലയില്‍ പരിഗണിക്കേണ്ടതും ജാമ്യം ലഭിക്കേണ്ടതുമായ പരാതിയിലാണ് ഇപ്പോള്‍ പെണ്‍കുട്ടികളെ റിമാന്റ് ചെയ്തിരിക്കുന്നത്.തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്റ് ചെയ്യാന്‍ ഉത്തരവിട്ടത്. പെണ്‍കുട്ടികളെ കൈക്കുഞ്ഞിനൊപ്പം ജയിലിലടച്ചതിനെതിരെ വലിയ പ്രക്ഷോഭത്തിനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലശേരി പൊലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയിരുന്നു. ഇന്ന് വീണ്ടും പ്രതിഷേധ സമരങ്ങള്‍ക്കായി സുധീരന്‍ കണ്ണൂരിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article