ബലാത്സംഗക്കേസില്‍ ദേര സച്ചയുടെ നേതാവ് ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ ഹരിയാനയിലും പഞ്ചാബിലും കലാപം ആളിക്കത്തുകയാണ്. ഇതിനിടയില്‍ ഗുര്‍മീതിന് പിന്തുണയുമായി രംഗത്തെത്തിയ ബിജെപി പാര്‍ലമെന്റംഗം സാക്ഷി മഹാരാജ് രംഗത്തെത്തിയിരുന്നു. കലാപത്തിന് കാരണം കോടതിയാണെന്നായിരുന്നു സാക്ഷിയുട്ര് വാദം. ഇപ്പോഴിതാ, വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റവാളിയെ പുണ്യാത്മാവായി വിശേഷിപ്പിക്കുന്ന സാക്ഷി മഹാരാജ് സംഘപരിവാറിന്റെ മനുഷ്യത്വ വിരുദ്ധ മുഖമാണ് വെളിപ്പെടുത്തുന്നതെന്ന് പിണറായി വിജയന്‍ ഫെസ്ബുക്കില്‍ കുറിച്ചു. ‘ഇന്ത്യന്‍ സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്‘ ഇപ്പോള്‍ നടക്കുതെന്നും പിണറായി വ്യക്തമാക്കുന്നു.
‘കോടിക്കണക്കിന് ജനങ്ങള്‍ ദൈവമായി കാണുന്ന റാം റഹീമോ അദ്ദേഹത്തിനെതിരെ പരാതിപ്പെട്ട പെണ്‍കുട്ടിയോ ശരി‘ എന്ന സാക്ഷി മഹാരാജിന്റെ ചോദ്യം ആക്രമിക്കപ്പെടുന്ന സ്ത്രീത്വത്തോടുള്ള വെല്ലുവിളിയും ക്രൂര പരിഹാസവുമാണെന്ന് കേരള മുഖ്യമന്ത്രി പറയുന്നു. ഇരയെ അധിക്ഷേപിച്ചു വേട്ടക്കാരനെ രക്ഷിക്കാനുള്ള ഈ നീക്കം ക്രിമിനല്‍ കുറ്റമാണ്. ഇത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും വർഗീയതയുടെ നഗ്നമായ പ്രകാശനവും കലാപകാരികൾക്കുള്ള പ്രോത്സാഹനവും ആണ്. - പിണറായി വ്യക്തമാക്കുന്നു.
ഗോഡ്സെ ദേശീയവാദിയാണെന്നും ഗാന്ധിജിയോടൊപ്പം ആദരിക്കേണ്ട വ്യക്തിയാണെന്നും പറഞ്ഞതടക്കം പ്രകോപനപരമായ നിരവധി പ്രസ്താവനകള്‍ നടത്തുകയും അനേകം ക്രിമിനല്‍ കേസുകളില്‍ കുറ്റാരോപിതനാവുകയും ചെയ്ത സാക്ഷി മഹാരാജ് സംഘപരിവാറിന്റെ നാവാണ്. സാക്ഷി മഹാരാജിലൂടെ പ്രകടമാകുന്നത് അത് കൊണ്ട് തന്നെ സംഘ പരിവാറിന്റെ നയമാണ്. സാക്ഷിയെ തള്ളിപ്പറയാന്‍ തയാറാകാതെ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ഉള്ള ബിജെപി-ആര്‍ എസ് എസ് നേതൃത്വം മൗനം കൊണ്ട് അതിനു സമ്മതം നൽകുകയാണ്. - പിണറായി കുറിച്ചു.