ഗോമാതാവ് എന്നതിന്റെ പേരിലാണ് പശുവിനെ കൊല്ലുന്നത് വിലക്കിയതെങ്കിൽ കാലന്റെ വാഹനമായ പോത്തിനെ കൊല്ലുന്നതിന് എന്തിനാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ആർ. ബാലകൃഷ്ണപിള്ള. കെ.ടി.യു.സി--ബി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് അദ്ദേഹം ഇത്തരമൊരു ചോദ്യം ചോദിച്ചത്.
ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് തട്ടുകയെടുക്കുക എന്ന ലക്ഷ്യത്തോടെ എന്തും ചെയ്യുകയെന്ന മോദി സർക്കാറിന്റെ വർഗീയ നിലപാടിന്റെ ഭാഗമാണ് ഇത്. കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനെതിരായ ഉത്തരവ് മതപരമായ വെല്ലുവിളികൂടിയാണെന്നും ഗോവധ നിരോധനത്തിന്റെ കാര്യത്തില്‍ മോദിക്ക് മാതൃക കോൺഗ്രസാണെന്നും, മധ്യപ്രദേശിൽ നിരോധനം ഏര്‍പ്പെടുത്തിയത് ഉയർത്തികാട്ടി ബാലകൃഷ്ണപിള്ള പറഞ്ഞു.
ന്യൂനപക്ഷത്തിനുമേലുള്ള പരാക്രമമാണ് കശാപ്പ് നിരോധനവും മറ്റുമെല്ലാം. ആഹാരം കഴിക്കുന്നതിനുപോലും വിലക്ക് ഏർപ്പെടുത്തുന്നനടപടിയാണ് പശു, എരുമ, ഒട്ടകം പോലുള്ള മൃഗങ്ങളെ കൊല്ലുകയോ വിൽപന നടത്തുകയോ പാടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്. സര്‍ക്കാരിന്റെ ഈ ഉത്തരവ് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിന് തുല്യമാണെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.