അഞ്ച് ആടുകളെ കൊന്ന് രക്തദാഹിയായ പുലി, കല്ലടിക്കോട്ടെ നാട്ടുകാര്‍ക്ക് ഉറക്കമില്ല

Webdunia
ബുധന്‍, 1 ജൂണ്‍ 2016 (15:14 IST)
കരിമ്പ ഗ്രാമപഞ്ചായത്തിലെ വാക്കോടിനടുത്ത് പറക്കലടി, വലിയട്ടി എന്നീ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ പുലി ഭീതിയില്‍. ഒരാഴ്ചക്കാലമായി ചില സ്ഥലങ്ങളില്‍ പുലിയുടേതെന്ന് കരുതപ്പെടുന്ന കാല്‍പ്പാടുകള്‍ നാട്ടുകാര്‍ കാണാനിടയായി. കൂടാതെ അഞ്ചു പേരുടെ മേയാന്‍ വിട്ട ആടുകളേയും കാണാതായിരുന്നു. ഇതാണ് ഈ പ്രദേശങ്ങളില്‍ പുലി സാന്നിധ്യമുണ്ടെന്ന സംശയം ബലപ്പെടാന്‍ കാരണമായത്.
 
കഴിഞ്ഞ ദിവസം വലിയട്ടി രാംകോരം കോളനി വാസികള്‍ പുലിയെ നേരില്‍ കണ്ടതായി പറഞ്ഞിരുന്നു. നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വനാതിര്‍ത്തിയിലും പരിസര പ്രദേശങ്ങളിലും കണ്ടത്തെിയ മൃഗങ്ങളുടെ കാല്‍പ്പാടുകള്‍ ബീറ്റ് ഓഫിസര്‍മാരായ പ്രശാന്ത്, നാസര്‍ എന്നിവര്‍ പരിശോധിച്ച് തെളിവെടുത്തു. ഈ കാല്‍പ്പാടുകള്‍ കാടിറങ്ങി വരുന്ന പുലിയുടേതാണെന്ന് അവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവയില്‍ ഒരു ആടിന്റെ ജഡാവശിഷ്ടങ്ങള്‍ വനമേഖലയില്‍ കണ്ടെത്തിയിരുന്നു. 
 
ആടുകളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് അതിനുള്ള നഷ്ടപരിഹാരം സര്‍ക്കാറില്‍നിന്ന് കിട്ടുന്നതിനായുള്ള അപേക്ഷാഫോം നല്‍കിയതായി വനപാലകര്‍ അറിയിച്ചു. തീറ്റ ലഭ്യത കുറഞ്ഞതോടെയാണ് വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതെന്നാണ് വിലയിരുത്തല്‍. ഈ മേഖലയിലുള്ള ജനങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും വന്യമൃഗങ്ങളുടെ ശല്യത്തില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ശക്തമാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article