പെൺകുട്ടിയെ പ്രണയാഭ്യർത്ഥന നടത്തി ശല്യം ചെയ്തവരെ ചോദ്യം ചെയ്ത സഹോദരനെ പൂവാലനും സംഘവും വെട്ടിക്കൊന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു സഹോദരനും സുഹൃത്തുക്കൾക്കും പരുക്കേറ്റു. കരുനാഗപ്പള്ളി അഴീക്കലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ശ്രയിക്കാട് പ്രജുൽ ഭവനത്തിൽ പ്രബുദ്ധന്റെ മകൻ പ്രജുൽ (27) ആണ് വെട്ടേറ്റ് മരിച്ചത്.
പ്രജുലിന്റെ സഹോദരിയെ അഴീക്കൽ പുത്തൻവീട്ടിൽ അർജുൻ (24) സ്ഥിരമായി പ്രണയാഭ്യർത്ഥന നടത്തി ശല്യം ചെയ്ത് വരികയായിരുന്നു. സഹികെട്ട് പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും സഹോദരനായ പ്രജുൽ അർജുനെ വിളിച്ച് താക്കീത് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അർജുൻ ശല്യം തുടർന്നപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ ഓച്ചിറ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയെ ഇനി ശല്യം ചെയ്യില്ല എന്ന് എഴുതി വാങ്ങിയ ശേഷം പൊലീസ് അർജുനെ വിട്ടയച്ചു.
ആഴ്ചകൾക്ക് ശേഷം ഇന്നലെ വൈകിട്ട് അർജുൻ പ്രജുലിനെ ഫോണിൽ വിളിച്ച് അഴീക്കലേക്ക് വരാൻ പറയുകയായിരുന്നു. പ്രശ്നം ഒത്തുതീർപ്പാക്കാമെന്നായിരുന്നു അർജുൻ പറഞ്ഞത്. എന്നാൽ അർജുനെ കാണാനെത്തിയ പ്രജുനിലെയും സഹോദരൻ പ്രവീൺ (32), സുഹൃത്തുക്കളായ സന്തോഷ് (30), വിനീത് (30) എന്നിവരെയും അർജുന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ മാരകായുധങ്ങളുമായി ഇവരെ ആക്രമിക്കുകയായിരുന്നു.