തൊഴിലാളികള്‍ യന്ത്രങ്ങളല്ല; ജോലി സ്ഥലങ്ങള്‍ പ്രഷര്‍ കുക്കര്‍ ആകുമ്പോള്‍ ഇനിയും അന്നമാര്‍ ഉണ്ടാകും !

Nelvin Gok

വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (11:23 IST)
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സമയത്ത് അവിടെ തൊഴില്‍വകുപ്പില്‍ നിന്നുള്ള പരിശോധന നടന്നത് ഓര്‍മയുണ്ട്. തൊഴിലാളികള്‍ക്കു അര്‍ഹതപ്പെട്ട വേതനം ലഭിക്കുന്നുണ്ടോ, തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിയാനായി തൊഴില്‍വകുപ്പില്‍ നിന്നുള്ള ഒരു സര്‍വെയായിരുന്നു അത്. അന്ന് കമ്പനിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഞാനടക്കമുള്ള ഏതാനും പുതിയ ജോലിക്കാരെ ഓഫീസിലേക്ക് വിളിപ്പിച്ചിട്ട് തൊഴില്‍വകുപ്പില്‍ നിന്ന് ആരെങ്കിലും എന്തെങ്കിലും വിവരം ചോദിച്ചാല്‍ ശമ്പളം ഇത്രയാണെന്ന് പറയണം, ജോലി സമയം ഇത്ര മുതല്‍ ഇത്ര വരെയാണെന്ന് പറയണം എന്നൊക്കെ നിര്‍ദേശം നല്‍കിയിരുന്നു. 
 
അന്ന് എനിക്കു ലഭിച്ചിരുന്ന ശമ്പളം 7,500 രൂപയായിരുന്നു. തൊഴില്‍വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥ ചോദിച്ചാല്‍ 12,000 രൂപയാണ് ശമ്പളമെന്ന് പറയണമെന്നായിരുന്നു നിര്‍ദേശം. ജോലി സമയം രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയായിരുന്നു. അതിനെ കുറിച്ച് ചോദിച്ചാല്‍ രാവിലെ ഒന്‍പത് മുതല്‍ ആറ് വരെ എന്ന് പറഞ്ഞാല്‍ മതിയെന്നുമായിരുന്നു നിര്‍ദേശം. ഏകദേശം 12 മണിക്കൂര്‍ ദിവസവും ജോലി ചെയ്യേണ്ടി വരികയും എന്നാല്‍ ഒരു തൊഴിലാളിക്ക് ലഭിക്കേണ്ടിയിരുന്ന പല അടിസ്ഥാന ആനുകൂല്യങ്ങളും ലഭിക്കാത്ത അവസ്ഥയായിരുന്നു അവിടെ.
 
യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ തൊഴിലിടത്തെ ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ച വാര്‍ത്ത ഏറെ നടുക്കുന്നതാണ്. അന്ന ജോലി ചെയ്തിരുന്ന പൂണെയിലെ ഇ.വൈ കമ്പനി ചെയര്‍മാന്‍ രാജീവ് മേമാനിക്ക് പെണ്‍കുട്ടിയുടെ അമ്മ അനിത അഗസ്റ്റിന്‍ അയച്ച വൈകാരികമായ കത്ത് പുറത്തുവന്നതോടെയാണ് മരണത്തിന്റെ യഥാര്‍ഥ കാരണം പുറംലോകം അറിഞ്ഞത്. അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്ന കോര്‍പറേറ്റ് സംസ്‌കാരത്തിന്റെ ഇരയാണ് തന്റെ മകളെന്ന് അന്നയുടെ അമ്മ കമ്പനിക്ക് അയച്ച കത്തില്‍ പറയുന്നു. ജോലിഭാരം കാരണം മകള്‍ക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും കഴിയാത്ത സാഹചര്യമായിരുന്നു. മരിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് നെഞ്ചുവേദനയുമായി അന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉറക്കമില്ലായ്മയും സമയം തെറ്റിയുള്ള ഭക്ഷണവുമാണ് കാരണമെന്ന് അന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നതായും കുടുംബം പറയുന്നു. 

 
യുഎസ് ആസ്ഥാനമായ ഒരു കമ്പനിക്കു വേണ്ടി ബെംഗളൂരുവില്‍ ജോലി ചെയ്യുകയായിരുന്ന ഒരു സുഹൃത്ത് ഈയടുത്ത് ജോലി രാജിവെച്ചിരുന്നു. ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സമാധാനത്തോടെ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥ വന്നപ്പോഴാണ് നല്ല ശമ്പളമുണ്ടായിട്ടും ജോലി രാജിവയ്ക്കേണ്ടി വന്നതെന്നാണ് ഈ യുവാവ് പറഞ്ഞത്. ' യുഎസ് ബേസ്ഡ് പ്രൊജക്ട് ആയതുകൊണ്ട് തന്നെ നാട്ടില്‍ നമ്മള്‍ ഉറങ്ങുന്ന സമയത്തൊക്കെയാകും കോള്‍ വരിക. ഡേ ടൈമില്‍ എത്ര മണിക്കൂര്‍ ജോലി ചെയ്തു എന്നതൊന്നും അവിടെ വിഷയമല്ല. അവര്‍ വിളിക്കുന്ന സമയത്ത് നമ്മള്‍ അവൈലബിള്‍ ആയിരിക്കണം. പുലര്‍ച്ചെ നാല് മണിക്കൊക്കെ കോള്‍ വന്ന് തുടര്‍ച്ചയായി അഞ്ച് മണിക്കൂറൊക്കെ ഒരൊറ്റ ഇരിപ്പില്‍ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ഊണും ഉറക്കവും കളഞ്ഞ് എന്തിനാണ് ഇങ്ങനെ ജോലി ചെയ്യുന്നതെന്ന് അവസാനം വീട്ടുകാര്‍ ചോദിക്കാന്‍ തുടങ്ങി,' 
 
' അഡീഷണല്‍ മണിക്കൂര്‍ വര്‍ക്ക് ചെയ്താല്‍ അതിനു പകരമായി സി ഓഫ് (കോംപ്ലിമെന്ററി ഓഫ്) നല്‍കുമെന്നാണ് കമ്പനി പോളിസിയില്‍ പറയുന്നത്. പക്ഷേ അതൊക്കെ പറച്ചില്‍ മാത്രമാണ്. നൂറിലേറെ ജീവനക്കാരുള്ള സ്ഥാപനമായിരുന്നു. രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെയാണ് ജോലി സമയം വരുന്നത്. പക്ഷേ മിക്ക ദിവസങ്ങളിലും മിനിമം 12 മണിക്കൂറൊക്കെ ജോലി ചെയ്യേണ്ടിവരും. ചിലപ്പോഴൊക്കെ അത് 18 മണിക്കൂറൊക്കെ വന്ന സാഹചര്യങ്ങളുണ്ട്. കോവിഡിനു ശേഷം സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ കൃത്യമായ മുന്നറിയിപ്പൊന്നും നല്‍കാതെ മുപ്പതോളം ജീവനക്കാരെ പുറത്താക്കിയിട്ടുണ്ട്. ചുരുങ്ങിയത് ഒരു മാസം മുന്‍പെങ്കിലും പിരിച്ചുവിടുമ്പോള്‍ മുന്നറിയിപ്പ് നല്‍കേണ്ടതുണ്ട്. എന്നാല്‍ ചിലര്‍ക്കൊക്കെ ഒരാഴ്ച മുന്‍പ് മാത്രം മുന്നറിയിപ്പ് നല്‍കി പിരിച്ചുവിട്ടിട്ടുണ്ട്. ഒരുപാട് പേരെ പുറത്താക്കിയതോടെ ബാക്കിയുള്ള ജീവനക്കാര്‍ക്ക് ജോലി സമ്മര്‍ദ്ദം കൂടി. ആ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ജോലി ഉപേക്ഷിച്ചത്,' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവാവ് വെബ് ദുനിയ മലയാളത്തോട് പറഞ്ഞു.
 
പഠിച്ചതും കരിയര്‍ ഇത്രത്തോളം എത്തിച്ചതും ഐടി സെക്ടറില്‍ നിന്നുകൊണ്ടാണ്. മറ്റൊരു വഴിയില്ലാത്തതുകൊണ്ട് ഇവിടെ തുടരുന്നു. ഈ മേഖലയില്‍ നിന്ന് ഇറങ്ങിയാല്‍ പ്രൊഫഷണല്‍ കരിയര്‍ താഴേക്ക് പോകുമെന്ന ഭയം കൊണ്ടാണ് ഇപ്പോഴും ഐടി സെക്ടറില്‍ തുടരുന്നതെന്നാണ് 28 കാരിയായ യുവതി തന്റെ തൊഴിലിനെ കുറിച്ച് പറയുന്നത്. ' എട്ടോ ഒന്‍പതോ മണിക്കൂറാണ് അവര്‍ ജോലി സമയം പറയുന്നത്. പക്ഷേ അങ്ങനെ കൃത്യം സമയം ജോലി ചെയ്ത ദിവസങ്ങളൊക്കെ വളരെ കുറവാണ്. ഒരു പ്രൊജക്ട് ചെയ്തു തീര്‍ക്കാന്‍ ആവശ്യമായ സമയമൊന്നുമല്ല കമ്പനി ഡെഡ് ലൈന്‍ ആയി തരിക. നാലോ അഞ്ചോ മണിക്കൂര്‍ വേണ്ടിവരുന്ന ജോലിക്ക് ഒരു മണിക്കൂര്‍ ആയിരിക്കും ഡെഡ് ലൈന്‍ ആയി തരിക. ഡെഡ് ലൈനിനുള്ളില്‍ തീര്‍ക്കാന്‍ തിടുക്കം കൂട്ടുമ്പോള്‍ ഭക്ഷണം കഴിക്കാനോ മറ്റു പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനോ സമയം കിട്ടാറില്ല. തുടര്‍ച്ചയായി മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്തിട്ട് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ വന്നവര്‍ എന്റെ കൂട്ടത്തിലുണ്ട്. ഇനി അഥവാ ഡെഡ് ലൈനിനുള്ളില്‍ ജോലി തീര്‍ന്നില്ലെങ്കില്‍ മേലുദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്,' 
 
' ചുരുങ്ങിയത് അഞ്ച് പേരെങ്കിലും ഉണ്ടെങ്കില്‍ മാത്രം ചെയ്യാവുന്ന ജോലിയാണ് രണ്ട് പേര്‍ക്ക് അസൈന്‍ ചെയ്തു തരിക. ഒരാളെ കൂടി ടീമിലേക്കു എടുക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ഐടി കമ്പനികളിലെല്ലാം ഇങ്ങനെയാണെന്ന മറുപടിയാണ് ലഭിക്കുക. എന്നാല്‍ കമ്പനി വലിയ ലാഭത്തിലും ആയിരിക്കും. ഇതില്‍ നിന്ന് ഇറങ്ങണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ചില സമയത്ത് വലിയ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോയി. പക്ഷേ ഇവിടെ നിന്ന് ഇറങ്ങിയാല്‍ പ്രൊഫഷണല്‍ കരിയര്‍ എന്താകുമെന്ന ആശങ്കയുണ്ട്. യുഎസ് ബേസ്ഡ് പ്രൊജക്ട് ചെയ്യുന്ന സമയത്ത് പുലര്‍ച്ചെ മൂന്നിനും നാലിനും ക്ലോക്കില്‍ അലാറം വെച്ച് എഴുന്നേല്‍ക്കുന്നത് പതിവായിരുന്നു,' യുവതി പറഞ്ഞു.
 
ഇന്ത്യയിലെ സാഹചര്യത്തില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീക്ക് ഒരു ദിവസം ലഭിക്കുന്ന വിശ്രമം ഏഴ് മുതല്‍ പത്ത് മണിക്കൂര്‍ വരെ മാത്രമെന്നാണ് കണക്കുകള്‍. അതായത് ഓഫീസ് ജോലി കഴിഞ്ഞു വീട്ടിലെത്തിയാലും വിശ്രമിക്കാന്‍ സമയം കുറവാണ്. ദ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്ത ഈ വാര്‍ത്തയ്ക്കു താഴെ സോഷ്യല്‍ മീഡിയയില്‍ ഒരു സ്ത്രീ പങ്കുവെച്ച കമന്റ് ഇങ്ങനെയാണ്, 'തൊഴില്‍ ചെയ്യുന്ന വിവാഹിതയായ സ്ത്രീ യഥാര്‍ഥത്തില്‍ വിശ്രമിക്കുന്നത് ഉറങ്ങുമ്പോള്‍ മാത്രമാണ്. എന്നാല്‍ അത് എട്ട് മണിക്കൂര്‍ പോലുമില്ല, മറിച്ച് നാല് മുതല്‍ ആറ് മണിക്കൂര്‍ വരെയായിരിക്കും ഒരു ദിവസത്തില്‍ ലഭിക്കുന്ന ആകെ വിശ്രമം,' മറ്റൊരു സ്ത്രീയുടെ കമന്റ് ഇങ്ങനെയാണ് 'ഈ ഡാറ്റ ശരിയാണെന്ന് തോന്നുന്നില്ല. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ കൂടി നോക്കേണ്ടിവരുന്ന തൊഴില്‍ ചെയ്യുന്ന ഏതെങ്കിലും സ്ത്രീകള്‍ക്ക് ഏഴ് മുതല്‍ പത്ത് മണിക്കൂര്‍ വരെ വിശ്രമിക്കാന്‍ ലഭിക്കുന്നതായി എന്റെ അറിവില്‍ ഇല്ല,' 
 
മുകളില്‍ നല്‍കിയിരിക്കുന്ന കമന്റുകളെ സാധൂകരിക്കുന്നതാണ് ഐടി സെക്ടറില്‍ ജോലി ചെയ്യുന്ന ഒരു വീട്ടമ്മ കൂടിയായ സ്ത്രീ വെബ് ദുനിയ മലയാളത്തോടു പങ്കുവെച്ച വാക്കുകള്‍. ' കോവിഡ് സമയത്ത് വര്‍ക്ക് ഫ്രം ഹോം ആയിരുന്നു. വീട്ടില്‍ ആയതുകൊണ്ട് തന്നെ ഏത് സമയത്തും ജോലി ചെയ്യാമല്ലോ എന്നായിരുന്നു. പക്ഷേ കോവിഡ് കഴിഞ്ഞ് ഓഫീസില്‍ പോയി വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയപ്പോഴും വര്‍ക്ക് ഫ്രം ഹോം പോലെ ഏത് സമയത്തും അവൈലബിള്‍ ആയിരിക്കണമെന്ന ഒരു സാഹചര്യമുണ്ടായി. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കാനുണ്ടാകും. അപ്പോഴും ഓഫീസ് ജോലി ചെയ്യേണ്ട അവസ്ഥ വരാറുണ്ട്. ഭാര്യയും ഭര്‍ത്താവും ഒരുപോലെ വര്‍ക്ക് ചെയ്യുന്നവര്‍ ആണെങ്കിലും വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ കൂടുതലും സ്ത്രീകളുടെ തലയില്‍ ആയിരിക്കും. അടുക്കളയിലെ കാര്യങ്ങള്‍ നോക്കണം, കുട്ടികളുടെ കാര്യങ്ങള്‍ നോക്കണം ഇതിനെല്ലാം ഇടയില്‍ ജോലി സ്ഥലത്തെ തിരക്കുകളും. തൊഴിലാളികളായ സ്ത്രീകള്‍ക്ക് കൂടുതല്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നതാണ് ഇതെല്ലാം,'

Mental Stress
 
തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുകയും സമരങ്ങള്‍ നടത്തുകയും ചെയ്യുന്ന ട്രേഡ് യൂണിയനുകളെ അടിച്ചമര്‍ത്താനുള്ള തീവ്രശ്രമങ്ങളാണ് ഇന്ത്യയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. അതായത് നിലവിലെ ദുര്‍ഘടം പിടിച്ച തൊഴിലിടങ്ങള്‍ വരും കാലങ്ങളില്‍ നരകതുല്യമായി മാറുമെന്ന് സാരം. രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് നിലനില്‍ക്കുന്ന 29 തൊഴില്‍ നിയമങ്ങള്‍ നാല് ലേബര്‍ കോഡുകളാക്കി പാര്‍ലമെന്റില്‍ ബില്ലായി അവതരിപ്പിച്ചപ്പോള്‍ ട്രേഡ് യൂണിയനുകള്‍ ആണ് അതിനെ എതിര്‍ത്തത്. 'എട്ട് മണിക്കൂര്‍ ജോലി' എന്നതിനു പകരം ഒരു ദിവസത്തെ ജോലി സമയം 12 മണിക്കൂര്‍ ആക്കാന്‍ നീക്കങ്ങള്‍ നടന്നു. ബഹുരാഷ്ട്ര കുത്തക കമ്പനികളെ സഹായിക്കുന്ന 'ഹയര്‍ & ഫയര്‍' വ്യവസ്ഥയ്ക്കു നിയമപ്രാബല്യം നല്‍കുന്നതാണ് ലേബര്‍ കോഡ്. അതായത് സുരക്ഷിതമായ ജോലിക്ക് പകരം എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാന്‍ കമ്പനികള്‍ക്ക് അധികാരം നല്‍കുന്ന വ്യവസ്ഥ. മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദത്താല്‍ ജോലി സ്ഥലങ്ങളില്‍ തളര്‍ന്നുവീഴുന്ന തൊഴിലാളികളെ കൂടുതല്‍ വരിഞ്ഞുമുറുക്കുന്ന നയങ്ങളാണ് ഈ രാജ്യത്തെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. കോര്‍പറേറ്റുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ മാത്രമല്ല അതിനു ഒത്താശ ചെയ്യുന്ന വലതുപക്ഷ സര്‍ക്കാരിനെതിരെയും തൊഴിലാളികള്‍ സംഘടിക്കുകയും നിരന്തര സമരങ്ങളില്‍ ഏര്‍പ്പെടുകയും വേണം. അല്ലാത്ത പക്ഷം ഇനിയും ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദ്ദത്താല്‍ ജീവന്‍ നഷ്ടപ്പെടുന്ന അന്നമാര്‍ ഉണ്ടാകും..! 
 
ഈയടുത്ത് ഓസ്ട്രേലിയയില്‍ നടപ്പിലാക്കിയ 'റൈറ്റ് ടു ഡിസ്‌കണക്ട്' നിയമത്തെ കുറിച്ച് പറഞ്ഞുകൊണ്ട് ലേഖനം ഉപസംഗ്രഹിക്കുന്നു. ജോലി സമയത്തിനു ശേഷം മേലധികാരികളെ 'അവഗണിക്കാന്‍' അവകാശം നല്‍കുന്നതാണ് 'റൈറ്റ് ടു ഡിസ്‌കണക്ട്'. ഓഫീസ് സമയത്തിനു ശേഷം വരുന്ന ജോലി സംബന്ധമായ ഫോണ്‍ കോളുകളും ഇ-മെയിലുകളും അവഗണിക്കാനുള്ള അവകാശം തൊഴിലാളികള്‍ക്കു നല്‍കുന്ന നിയമമാണ് ഇത്. അത്തരത്തില്‍ അവഗണിച്ചതിന്റെ പേരില്‍ തൊഴിലുടമയ്ക്ക് തൊഴിലാളികള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടികളെടുക്കാന്‍ സാധിക്കില്ല. അമിത ജോലിഭാരത്തെ തുടര്‍ന്ന് തൊഴിലാളികള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും തൊഴില്‍ ദാതാക്കളുടെ ചൂഷണത്തിനു തടയിടാനുമായാണ് ഈ നിയമം നടപ്പിലാക്കിയത്.

Nelvin Wilson - [email protected]

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍