ശബരിമലയിൽ സർക്കാർ സംരക്ഷണയോടെ യുവതികള്‍ കയറിയെന്ന് വൈദ്യുത മന്ത്രി എം എം മണിയുടെ വെളിപ്പെടുത്തൽ. കോതമംഗലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതൊരു ഔദ്യോഗിക പ്രഖ്യാപനമായി കണക്കാക്കാമോ എന്ന ചോദ്യത്തിന് സ്വതസിദ്ധമായ ശൈലിയിൽ ‘പിന്നല്ലേ’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
ചോദ്യം ആവർത്തിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ‘യുവതികള്‍ ശബരിമലയിൽ കയറില്ലാ എന്നാണോ നിങ്ങൾ കരുതിയത്’ എന്നായിരുന്നു എം എം മണിയുടെ മറുചോദ്യം. ഞങ്ങൾക്ക് വേണമെങ്കിൽ ഒരു ലക്ഷം സ്ത്രീകളുമായി മല കയറാമായിരുന്നു. ഒരുത്തനും അവിടെ തടയാൻ വരില്ല എന്ന നല്ല ബോധ്യമുണ്ട്. അതിനുള്ള കെൽപ്പും ഞങ്ങൾക്കുണ്ട്. പക്ഷേ അത് ഞങ്ങളുടെ പരിപാടിയല്ല - മന്ത്രി പറഞ്ഞു
യുവതികള്‍ ശബരിമലയില്‍ കയറിയിട്ടില്ല എന്ന് സർക്കാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞിട്ടുണ്ടോ എന്നും എം എം മണി ചോദിച്ചു. കോടതിയുടെ നിർദേശ പ്രകാരം പോകാൻ താൽപര്യമുള്ളവർക്ക് സർക്കാർ സംരക്ഷണം നൽകും. ശബരിമലയിൽ പോകാമെന്നാണ് കോടതി പറഞ്ഞത്. പോയില്ലെങ്കിൽ ശിക്ഷിക്കും എന്ന് പറഞ്ഞിട്ടില്ല എന്നും എം എം മണി വ്യക്തമാക്കി.