എന്നെയും പാര്‍വതിയേയും ഒഴിവാക്കിയതിന് കാരണം അതാകാം; സിനിമയിലെ വനിതാ കൂട്ടായ്മയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

വെള്ളി, 19 മെയ് 2017 (19:00 IST)
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടന രൂപീകരിച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി.

സംഘടനയുടെ രൂപീകരണം സംബന്ധിച്ചുള്ള കാര്യങ്ങളില്‍ നേരത്തെ ചര്‍ച്ച നടന്നിരുന്നു. അതില്‍ താനും പങ്കാളിയായി, പക്ഷേ പിന്നീടുള്ള ചര്‍ച്ചകളോ സംഘടനാ രൂപീകരണമോ അറിഞ്ഞിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

സംഘടനയുടെ രൂപീകരണത്തിന്റെ ആദ്യ ചര്‍ച്ചകളില്‍ ഞാന്‍ എന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷമാണ് എന്നെ ഒഴിവാക്കിയതും മാറ്റി നിര്‍ത്തിയതും. ഇതിനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കായി മിക്ക താരങ്ങളുമെത്തിയത് ദൂരെ നിന്നാണ്. എന്നാല്‍, ഞാനും പാര്‍വതിയും തലസ്ഥാനത്ത് ഉണ്ടായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.



എന്നോട് അടുപ്പമുള്ളവരും പലപ്പോഴും സംസാരിക്കുകയും ചെയ്യുന്നവരുമാണ് സംഘടനയുടെ ഭാഗമായിട്ടുള്ളത്. മാറ്റി നിര്‍ത്തലിന് പിന്നില്‍ രാഷ്‌ട്രീയമാണെന്ന് തോന്നിയിട്ടില്ല. പലരും ഇക്കാര്യം ചോദിച്ചപ്പോള്‍ സംശയം തോന്നിത്തുടങ്ങി. സംഘടന രൂപീകരിച്ച ശേഷവും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷവും ഇതുമായി ബന്ധപ്പെട്ട് ആരും വിളിച്ചിട്ടില്ല. മാറ്റി നിര്‍ത്തലിനുള്ള കാരണം എന്താണെന്ന് ബോധ്യപ്പെട്ട ശേഷമെ വിമന്‍ ഇന്‍ സിനിമാ കളക്ടീവിമായി സഹകരിക്കുകയുള്ളൂവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

സൌത്ത് ലൈവിനോട് സംസാരിക്കവെയാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക