രണ്ടു ദിവസം മുമ്പ് കാണാതായ വയനാട് ജില്ലാ മെഡിക്കൽ ഓഫിസര്‍ (ഡിഎംഒ) പിവി ശശിധരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പന്തല്ലൂര്‍ മുടിക്കോട്ട് വീടിനോട് ചേര്‍ന്നുള്ള ക്ലിനിക്കില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. രാവിലെ പത്തോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിനു സമീപത്തു നിന്നും കത്തും പോലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ, കത്തിൽ കാര്യമായൊന്നും തന്നെ പറയുന്നില്ല. താൻ മരിച്ചു കഴിഞ്ഞാൽ ഫോട്ടോ ഡിഎംഒ ഓഫീസിൽ ഫ്രെയിം ചെയ്ത് വയ്ക്കണമെന്ന് കത്തിൽ എഴുതിയിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ ഡിഎംഒയുടെ മരണത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തുകയാണ്.
ഡിഎംഒയെ കാണാതായതിനെ തുടര്‍ന്ന് ഡെപ്യൂട്ടി ഡിഎംഒ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഡിഎംഒയുടെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പരിശോധിച്ചപ്പോള്‍ മുടിക്കോട് പരിസരത്തുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. തുടര്‍ന്നാണ് വീട്ടിലും അടുത്തുള്ള ക്ലിനിക്കിലും അന്വേഷിച്ചത്. ഞായറാഴ്ച രാത്രി പത്ത് മണിവരെ ഫോൺ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. തുടര്‍ന്ന് അദ്ദേഹത്തിന്റെ രണ്ടു ഫോണുകളും സ്വിച്ച് ഓഫ് ചെയ്‌ത അവസ്ഥയിലായിരുന്നു.
മൃതദേഹം കാണപ്പെട്ട ക്ലിനിക്ക് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പൊലീസും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും എത്തി പൂട്ട് തകര്‍ത്ത് അകത്തുകയറുകയായിരുന്നു. വീട്ടിലോ ക്ലിനിക്കിലോ മറ്റാരും ഉണ്ടായിരുന്നില്ല. മൃതദേഹത്തിനു ഒരു ദിവസത്തെ പഴക്കമുണ്ട്. മരണകാരണം അറിവായിട്ടില്ല.
വയനാട് ജില്ലാ ആശുപത്രിയിലെ സ്വീപ്പര്‍ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വവുമായി ഡിഎംഒ തര്‍ക്കത്തിലായിരുന്നു എന്നു വാര്‍ത്തകളുണ്ട്. തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി ഡിഎംഒയെ തിരുവനന്തപുരത്തേയ്ക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ തലസ്ഥനത്തേയ്ക്ക് പോയെങ്കിലും ഡിഎംഒ മന്ത്രിയെ കാണാന്‍ കൂട്ടാക്കിയില്ലെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. മരണകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.