സഭയിലെ ജൂനിയര്‍ മുഹമ്മദ് മുഹ്‌സിന്‍; കാരണവര്‍ വി എസ് അച്യുതാനന്ദന്‍

വെള്ളി, 20 മെയ് 2016 (08:49 IST)
പതിനാലാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ വി എസ് അച്യുതാനന്ദനും മുഹമ്മദ് മുഹ്‌സിനും. ഒരാള്‍ സഭയിലെ കാരണവര്‍, മറ്റേയാള്‍ സഭയിലെ ഏറ്റവും കുഞ്ഞന്‍.
 
മലമ്പുഴയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി എസ് അച്യുതാനന്ദന്‍ ആണ് സഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം, 92 വയസ്സ്. പട്ടാമ്പിയിലെ തകര്‍പ്പന്‍ വിജയവുമായി സഭയില്‍ എത്തിയ മുഹമ്മദ് മുഹ്‌സിന്‍ ആണ് സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. 30 വയസ്സ്.
 
മലമ്പുഴയില്‍ നിന്നും 27, 142 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ 73, 299 വോട്ടോടെയാണ് വി എസ് വിജയിച്ചത്. 2006ല്‍ 23, 440 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച സ്ഥാനത്താണ് ഇത്. കന്നിയങ്കത്തില്‍ 7404 വോട്ടിന്റെ ഭൂരിപക്ഷമാണ് മുഹ്‌സിന്‍ നേടിയത്. 64, 025 ആണ് മുഹ്‌സിന് ആകെ ലഭിച്ച വോട്ട്.
 
മുഹ്‌സിന്‍ കഴിഞ്ഞാല്‍ 33 വയസ്സുള്ള കെ എസ് ശബരിനാഥന്‍, റോജി എം ജോണ്‍, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, ആന്റണി ജോണ്‍ എന്നിവരാണ്. അതേസമയം, വി എസിന് പിന്നില്‍ സീനിയോറിറ്റിയുമായി 86 വയസ്സുള്ള ഒ രാജഗോപാലും 83 വയസ്സുള്ള കെ എം മാണിയുമുണ്ട്.

വെബ്ദുനിയ വായിക്കുക