പൂഞ്ഞാറിലെ എല്‍ഡിഎഫ് വേദിയില്‍ വിഎസ് എത്തി; പിസി ജോര്‍ജിനെതിരെ ഒന്നും മിണ്ടാതെ വിഎസ് പ്രസംഗം ഒരു വാചകത്തില്‍ ഒതുക്കി

Webdunia
വെള്ളി, 29 ഏപ്രില്‍ 2016 (11:09 IST)
തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പൂഞ്ഞാര്‍ മണ്ഡലത്തിലെ ഇടതുമുന്നണി വേദിയില്‍ എത്തിയ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസംഗം ഒരു വാചകത്തില്‍ ഒതുക്കി. പി സി ജോര്‍ജിനെതിരെ ഒരക്ഷരം പോലും മിണ്ടാതെയാണ് വി എസ് പ്രസംഗം അവസാനിപ്പിച്ച് വേദി വിട്ടത്. തുട്ട് വാങ്ങി കേരളം ഭരിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ പ്രതികരിക്കാന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു വി എസിന്റെ പ്രസംഗം. 
 
മുണ്ടക്കയത്ത് ആയിരുന്നു വി എസ് പ്രചാരണത്തിനെത്തിയത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി സി ജോസഫിന് വേണ്ടിയാണ് വേദിയില്‍ എത്തിയതെങ്കിലും അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും പറയാനോ എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ആരോപണം ഉന്നയിക്കാനോ വി എസ് തയ്യാറായില്ല. അതേസമയം, വി എസിനോട് തനിക്ക് പണ്ടുമുതലേ ബഹുമാനവും കടപ്പാടും ഉണ്ടെന്നായിരുന്നു പൂഞ്ഞാര്‍ പ്രസംഗത്തെക്കുറിച്ച് ജോര്‍ജ് പ്രതികരിച്ചത്.
 
എന്നാല്‍, ഈരാറ്റുപേട്ടയില്‍ കഴിഞ്ഞദിവസം ഇടതുമുന്നണിയുടെ പ്രചാരണത്തിന് എത്തിയ സി പി എം പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍ പേരെടുത്ത് പറയാതെ പി സി ജോര്‍ജിനെ പരിഹസിച്ചിരുന്നു. മാന്യന്മാരു വേണം പൂഞ്ഞാറില്‍ നിന്ന് വിജയിച്ചു വരേണ്ടതെന്നായിരുന്നു പിണറായിയുടെ പരാമര്‍ശം.
Next Article