ഉമ്മൻചാണ്ടിക്ക് അഭിമാനമുണ്ടെൽ മുഖ്യമന്ത്രി പദവി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. യു ഡി എഫ് സർക്കാർ ഒത്തൊരുമയോടെയുള്ള അഴിമതികളുടെ മുന്നണിയായി മാറിയിരിക്കുകയാണ് എന്നും അദ്ദേഹം പാലക്കാട് പറഞ്ഞു. പാമൊലിൻ കേസിന്റെ വിചാരണ തുടരുമെന്ന സുപ്രിംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു വി എസിന്റെ പ്രതികരണം.
നിയമസംവിധാനത്തെ അധികാരത്തിലൂടെ അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ മറുപടിയാണ് സുപ്രിംകോടതിയുടെ വിധിയെന്നും വി എസ് ആരോപിച്ചു. കേസിൽ ഇപ്പോൾ ആരേയും കുറ്റ വിമുക്തനാക്കാൻ കഴിയില്ല എന്നായിരുന്നു കോടതി വിധിച്ചത്. കേസുമായി ബന്ധപ്പെട്ട് സർക്കാർ അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.
കേസില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഭക്ഷ്യമന്ത്രി ടിഎച്ച് മുസ്തഫ, ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍, പി ജെ. തോമസ് എന്നിവർ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. കേസ് പിന്‍വലിക്കുന്നതിനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തെ ചോദ്യം ചെയ്ത് 2007-ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ എതിര്‍ത്താണ് ഹര്‍ജി നൽകിയത്.