വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍; തൃശൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച റീപോളിംഗ്

വ്യാഴം, 5 നവം‌ബര്‍ 2015 (16:33 IST)
വോട്ടിംഗ് യന്ത്രത്തിന്റെ തകരാറിനെ തുടര്‍ന്ന്‌ പോളിംഗ് തടസപ്പെട്ട തൃശ്ശൂര്‍ ജില്ലയിലെ നാല്‌ ബൂത്തുകളില്‍ നാളെ റീപോളിംഗ്  നടക്കും. അരിമ്പൂര്‍, തിരുവില്വാമല, പഴയന്നൂര്‍ എന്നിവിടങ്ങളിലാണ്‌ റീപോളിംഗ് നടത്തുക.

അരിമ്പൂര്‍ പഞ്ചായത്തിലെ കുന്നത്തങ്ങാടി, എറവ്‌ സൗത്ത്‌ ബൂത്തുകളിലും പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാക്കല്‍ ബൂത്തിലും തിരുവില്വാമല പഞ്ചായത്തിലെ പൂതനക്കരയിലുമാണ്‌ റീപോളിംഗ് നടത്തുക.

വോട്ടിങ്‌ യന്ത്രത്തകരാറിനെ തുടര്‍ന്ന്‌ വോട്ടെടുപ്പ്‌ മണിക്കൂറുകളോളം നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യം വന്നതിനെ തുടര്‍ന്നാണ്‌ റീപോളിംഗ് നടത്താന്‍ അന്തിമ തീരുമാനമായത്‌. തൃശ്ശൂരില്‍ പോളിംഗിന്‌ തടസമായത്‌ യന്ത്രത്തകരാറാണെന്നും അട്ടിമറി നടന്നിട്ടില്ലെന്നും ജില്ലാ കളക്‌ടര്‍ കെ. കൗശികന്‍ വ്യക്‌തമാക്കിയിരുന്നു.

അതേസമയം അട്ടിമറി സംശയിക്കുന്ന മലപ്പുറത്തെ ബൂത്തുകളില്‍ എന്ന് റീ‌പോളിംഗ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ ജില്ലാ ഭരണകൂടവും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ അഭിപ്രായ ഭിന്നതിയിലാണ്. ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് കമ്മീഷന്‍ പ്രതികരിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക