നിങ്ങളുടെ വിലയേറിയ വോട്ട് പാഴാക്കരുത്; വോട്ട് ചെയ്യുന്നത് വളരെ എളുപ്പം

ഞായര്‍, 15 മെയ് 2016 (15:07 IST)
വിധിയെഴുത്തിനായി തിങ്കളാഴ്ച കേരളം പോളിങ് ബൂത്തിലേക്ക് പോകുകയാണ്. 28.71 ലക്ഷം പുതിയ വോട്ടര്‍മാര്‍ ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ കന്നിവോട്ട് രേഖപ്പെടുത്തും. ഇത്തവണ സംസ്ഥാനത്തെ ആകെ വോട്ടര്‍മാര്‍ 2, 60, 19, 284 ആണ്. 2011ല്‍ ആകെ 2, 31, 47, 871 വോട്ടര്‍മാര്‍ ആയിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്.
 
എങ്ങനെയാണ് നാം നമ്മുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത് ?
 
1. ബി എല്‍ ഒ അഥവാ ബൂത്തുതല ഉദ്യോഗസ്ഥന്‍ നല്കിയ ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ് കൈയില്‍ കരുതണം‍. ഒപ്പം, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടാകണം.
സ്ലിപ്പില്‍ വോട്ടറുടെ പേരും ക്രമനമ്പറും രേഖപ്പെടുത്തിയിരിക്കും. ഈ സ്ലിപ്പ് കൈയിലുണ്ടെങ്കില്‍ ബൂത്തിലെത്തുമ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരു വേഗം കണ്ടെത്താന്‍ കഴിയും.
 
2. ബൂത്തിലേക്കു കയറി ഒന്നാം പോളിങ് ഓഫീസറുടെ അടുത്താണ് ആദ്യം എത്തുക. ഇവിടെ നമ്മുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നു.
 
3. തുടര്‍ന്ന് രണ്ടാം പോളിങ് ഓഫിസറുടെ അടുക്കലേക്ക്. അദ്ദേഹം നിങ്ങളുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നു. ക്രമനമ്പര്‍ രേഖപ്പെടുത്തിയ ശേഷം സ്ലിപ്പ് നല്കുന്നു.
 
4. പിന്നീട്, വോട്ടേഴ്സ് സ്ലിപ്പുമായി പ്രിസൈഡിങ് ഓഫീസറുടെ അടുക്കലേക്ക്. വിരലില്‍ മഷി പുരട്ടിയതു പരിശോധിച്ച ശേഷം കണ്‍ട്രോള്‍ യൂണിറ്റിലെ ബാലറ്റ് ബട്ടണ്‍ അമര്‍ത്തി വോട്ടു ചെയ്യാന്‍ അനുവദിക്കുന്നു.
 
5. വോട്ടിങ് യന്ത്രം വെച്ചിരിക്കുന്ന സ്ഥലത്തേക്ക് വോട്ടര്‍ക്ക് പോകാം. വോട്ടിങ് യന്ത്രത്തില്‍ ബള്‍ബ് പച്ചനിറത്തില്‍ പ്രകാശിക്കും. ഈ സമയം വോട്ടര്‍ താന്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള നീല ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ പച്ച ബള്‍ബ് അണഞ്ഞ് ചുവന്ന ബള്‍ബ് കത്തുകയും ബീപ് ശബ്‌ദം കേള്‍ക്കുകയും ചെയ്യും.
 
6. വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നതില്‍ സംശയമുള്ളവര്‍ക്ക് പ്രിസൈഡിങ് ഓഫീസറുടെ സഹായം തേടാവുന്നതാണ്.

വെബ്ദുനിയ വായിക്കുക