‘ബാര്‍ തൊഴിലാളികളെ പുനരധിവസിപ്പിക്കണം’

തിങ്കള്‍, 26 മെയ് 2014 (09:29 IST)
പൂട്ടിയ ബാറുകളിലെ സ്ഥിരം തൊഴിലാളികളെ പുനരധിവസിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍. ഈ മേഖലയിലെ സ്ഥിരം തൊഴിലാളികള്‍ എത്രപേരുണ്ടെന്നും അവരില്‍ എത്രപേര്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നുമുള്ള കണക്ക് ശേഖരിക്കണം. തൊഴില്‍വകുപ്പാണ് ഈ ചുമതല നിര്‍വഹിക്കേണ്ടത്. തൊഴിലാളികളുടെ കണക്ക് കിട്ടിയ ശേഷം പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തുകയും അത് നല്ല രീതിയില്‍ നടപ്പാക്കുകയും വേണം.
 
കാഞ്ഞങ്ങാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്‍. 418 ബാറുകള്‍ അടച്ചതു മാത്രമാണ് പലരും ചോദിക്കുന്നത്. അത്രയും ബാറുകള്‍ തുറക്കാതായപ്പോള്‍ നാട്ടിലുണ്ടായ ഗുണകരമായ മാറ്റം ആരും കാണുന്നില്ലേ? വാഹനാപകടങ്ങള്‍ കുറഞ്ഞു. 
 
മദ്യപിച്ച് അബോധാവസ്ഥയില്‍ റോഡില്‍ക്കിടക്കുന്നവരെ ഇപ്പോള്‍ കാണുന്നുണ്ടോ? കുടുംബം തകര്‍ന്നുവെന്ന സങ്കടം കേള്‍ക്കുന്നുണ്ടോ? മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും കുറയ്ക്കാന്‍തന്നെയാണ് സര്‍ക്കാരും കെപിസിസിയും തീരുമാനിച്ചിട്ടുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ചില അപ്രതീക്ഷിത പരാജയങ്ങള്‍ 29-ന് നടക്കുന്ന കെപിസിസി നിര്‍വാഹകസമിതി േയാഗത്തില്‍ ചര്‍ച്ചചെയ്യും. കാഞ്ഞങ്ങാട്ടെ ബാര്‍ പ്രശ്‌നത്തില്‍, നടപടി കൗണ്‍സിലര്‍മാരില്‍ ഒതുങ്ങിയോ എന്ന ചോദ്യത്തിന് കെപി അനില്‍കുമാറിന്റെ അന്വേഷണറിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് സുധീരന്‍ മറുപടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക