പിണറായി കണ്ണാടിയിൽ സ്വന്തം മുഖം നോക്കുന്നത് നന്നായിരിക്കും: സുധീരൻ
ബുധന്‍, 27 ജനുവരി 2016 (11:25 IST)
സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ. ലാവലിൻ വിഷയത്തിൽ ആരോപിതനായ പിണറായി ധാർമികതയുടെ പേരിൽ രാജിവെച്ച കെ ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്നതില്‍ എന്ത് അടിസ്ഥാനമാണുള്ളത്. ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്ന പിണറായി കണ്ണാടിയിൽ സ്വന്തം മുഖം നോക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സോളാർ കമ്മീഷന് മുമ്പാകെ ഹാജരായി ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ലാവലിൻ കേസിൽ പിണറായി വിജയൻ മാതൃകയാക്കണം. ലാവലിൻ വിഷയത്തിൽ മൗനം വെടിഞ്ഞ് ജനങ്ങളോട് സത്യം തുറന്നു പറയാൻ പിണറായി തയാറാകണമെന്നും സുധീരന്‍ പറഞ്ഞു.
ബാബുവിന്റെ രാജി വൈകുന്നതില്‍ അസ്വഭാവികത ഒന്നുമില്ല. അദ്ദേഹത്തിന്റെ രാജി സ്വീകരിക്കുന്ന കാര്യത്തില്‍ ചില നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതില്‍ ഒന്നിലധികം ദിവസങ്ങള്‍ എടുക്കും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടത്. ഇതെല്ലാം ഉടന്‍ പൂര്‍ത്തിയാകുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ഇതിന്‍റെ പേരിൽ ഭരണസ്തംഭനം ഉണ്ടായിട്ടില്ല. റബർ ഇറക്കുമതി നിരോധിച്ചെങ്കിലും കർഷകർക്ക് കാര്യമായ പ്രയോജനം ലഭിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.