വിഴിഞ്ഞം കരാര്‍ ഒപ്പുവെയ്ക്കല്‍; ചടങ്ങ് ഇടതുമുന്നണി ബഹിഷ്‌കരിക്കും

Webdunia
തിങ്കള്‍, 17 ഓഗസ്റ്റ് 2015 (12:12 IST)
വിഴിഞ്ഞം തുറമുഖപദ്ധതിയുടെ കരാര്‍ ഇന്ന് വൈകുന്നേരം ഒപ്പു വെയ്ക്കും. വൈകുന്നേരം അഞ്ചുമണിക്ക് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലാണ് കരാര്‍ ഒപ്പു വെയ്ക്കല്‍. പക്ഷേ, പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
സംസ്ഥാനത്തിന്റെ പണം തട്ടിയെടുക്കാനുള്ള നീക്കമാണ് വിഴിഞ്ഞം പദ്ധതിയുടെ പേരിൽ അദാനി ഗ്രൂപ്പ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിന് യുഡിഎഫ് സർക്കാർ കൂട്ടു നിൽക്കുകയാണെന്നും വിഴിഞ്ഞം കരാറിൽ ഒന്നാം സ്ഥാനം റിയൽ എസ്റ്റേറ്റ് ബിസിനസിനാണെന്നും വിഎസ് ആരോപിച്ചിരുന്നു.
 
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ രഹസ്യമാകരുത്. മൽസ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നടത്തുന്ന ചർച്ചയിൽ രഹസ്യ ധാരണകൾ പാടില്ലെന്നും വി എസ് ആവശ്യപ്പെട്ടിരുന്നു. അദാനി തന്നെ കണ്ടാലും ഇല്ലെങ്കിലും ഈ നിലപാടിൽ മാറ്റമില്ലെന്നും വിഎസ് വ്യക്തമാക്കിയിരുന്നു.
 
അതേസമയം, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദാനി ഗ്രൂപ്പ് തലവന്‍ ഗൌതം അദാനി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തും.