വിഴിഞ്ഞം തുറമുഖ വിഷയത്തിന് പുതിയ വഴിത്തിരിവ്. പദ്ധതിക്കെതിരെ പരാതി നല്‍കിയത് പള്ളിവികാരി പറഞ്ഞിട്ടാണെന്നും വികാരിയുടെ നിര്‍ദേശപ്രകാരം പരാതിയില്‍ ഒപ്പുവയ്ക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും കാട്ടി പരാതിക്കാരിലൊരാളായ മേരിദാസന്‍ രംഗത്ത്.
ഫാ.മത്തേയൂസ് പറഞ്ഞിട്ടാണെന്നും കോടതിയില്‍ ഹാജരായ വക്കീല്‍ ആരാണെന്നും തനിക്കറിയില്ല. പരാതിക്ക് പണം കൈപ്പറ്റിയിട്ടില്ല. പണം കൈപ്പറ്റിയാതി ആരെങ്കിലും തെളിയിച്ചാല്‍ അതിന്റെ ഇരട്ടി പണം തിരിച്ചുനല്‍കാന്‍ തയ്യാറാണെന്നും മേരിദാസന്‍ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
ആറാം ക്‌ളാസ് വിദ്യാഭ്യാസം മാത്രമുള്ള തനിക്ക് വിഴിഞ്ഞം പദ്ധതിയുടെ പ്രധാന്യം പിന്നീട് നാട്ടുകാര്‍ പറഞ്ഞാണ് തനിക്കു മനസ്സിലായത്. അതിനു ശേഷം പരാതി പിന്‍വലിക്കണമെന്ന് വികാരിയോട് പറഞ്ഞുവെങ്കിലും കാത്തിരിക്കാനാണ് അദ്ദേഹം മറുപടി നല്‍കിയത്. ഹരിത ട്രൈബ്യൂണലില്‍ തന്റെ നിലപാട് അറിയിക്കാന്‍ തയ്യാറാണെന്നും മേരിദാസന്‍ അറിയിച്ചു. ജൂലൈ ഒന്നിനാണ് ഹരിത ട്രൈബ്യുണല്‍ വീണ്ടും ചേരുന്നത്.
പദ്ധതി അട്ടിമറിക്കാന്‍ വിഴിഞ്ഞത്തെ റിസോര്‍ട്ട് ലോബികള്‍ തുടക്കം മുതല്‍ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വന്നതിനു പുറകെ മേരീദാസന്റെ വെളിപ്പെടുത്തല്‍ വന്നതോടെ വികാരിക്ക് റിസോര്‍ട്ട് മാഫിയയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ഈ വര്‍ഷം ജനുവരി ആദ്യമാണ് വിഴിഞ്ഞം പദ്ധതിക്ക് പാരിസ്ഥിതി അനുമതി ലഭിച്ചത്. ഇതിനെതിരെ ഏപ്രിലില്‍ ആദ്യവാരമാണ് മേരിദാസനും വില്‍ഫ്രഡും പരാതി നല്‍കിയത്. ഇതിനിടെ ജോസഫ് വിജയന്‍ എന്നയാളും പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിക്കാരനായ വില്‍ഫ്രഡ് വാര്‍ത്തയോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
അതേസമയം, രാജ്യത്തിന്റെ നന്മയ്ക്കായി സത്യം തുറന്നുപറഞ്ഞ മേരിദാസനോട് നന്ദിയുണ്ടെന്ന് തുറമുഖമന്ത്രി കെ ബാബു പറഞ്ഞു. വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ വിദേശ ഫണ്ടിന്റെ സ്വാധീനമുണ്ടോയെന്ന് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.